എംജി ഒരുക്കിയിട്ടുള്ള ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) പദ്ധതി അനുസരിച്ച് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്ന 13.99 ലക്ഷം രൂപയ്ക്കാണ്.

ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സിന്റെ ഹെക്ടർ ടോമഹോക് ഇ.വി. അവതരിപ്പിച്ചു. എംജി അടുത്തിടെ വികസിപ്പിച്ച അഡാപ് ആർക്കിടെക്ചർ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആദ്യ വാഹനമാണ് ഹെക്ടർ ടോമഹോക്ക് ഇ.വി. അഞ്ച്, ഏഴ് സീറ്റർ ലേഔട്ടിൽ നാല് വേരിയന്റുകളിൽ പുറത്തിറങ്ങുന്ന ഈ വാഹനത്തിന് 19.49 ലക്ഷം രൂപ മുതൽ 23.49 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
അതേസമയം, എംജി ഒരുക്കിയിട്ടുള്ള ബാറ്ററി ആസ് എ സർവീസ് (ബാസ്) പദ്ധതി അനുസരിച്ച് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത് 13.99 ലക്ഷം രൂപയ്ക്കാണ്. ഈ സ്‌കീമിൽ ഉപയോക്താവിന് കിലോ മീറ്ററിന് 4.90 രൂപ നിരക്കിൽ ബാറ്ററി വാടകയ്ക്ക് എടുക്കാൻ സാധിക്കും. ബാസ് അടിസ്ഥാനത്തിൽ ടോമാഹോക് ഇ.വിയുടെ എല്ലാ വേരിയന്റിന്റെയും വില നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. ചുരുക്കം യൂണിറ്റുകൾ മാത്രമായിരിക്കും ബാസ് സ്‌കീമിൽ നൽകുകയെന്നാണ് റിപ്പോർട്ട്.
ചൈനീസ് വാഹന നിർമാതാക്കളായ വൂളിങ് സ്റ്റാർലൈറ്റ് 560 എസ്‌യുവിയുടെ ഡിസൈനിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹെക്ടർ ടോമഹോക് നിർമിച്ചിരിക്കുന്നത്. എൽഇഡി പ്രൊജക്ഷൻ ഹെഡ്‌ലാമ്പ്, എൽഇഡി ഡിആർഎൽ, തിളങ്ങുന്ന എംജി ലോഗോ, മസ്‌കുലർ ബമ്പർ, ക്ലോസ്ഡ് ഗ്രില്ല്, ബ്ലാക്ക് ഫൈബർ സ്‌കിഡ് പ്ലേറ്റ്, ക്രോമിയം സ്റ്റഡുകൾ പതിപ്പിച്ച എയർ ഇൻടേക്ക് എന്നിങ്ങനെയാണ് മുന്നിലെ അലങ്കാരങ്ങൾ.
19 ഇഞ്ച് വലിപ്പമുള്ള ഡ്യുവൽ ടോൺ അലോയി വീൽ, ബ്ലാക്ക് ക്ലാഡിങ്ങുകൾ, ബ്ലാക്ക് റൂഫ് റെയിൽസ്, റിയർ ഫെൻഡറിൽ നൽകിയിട്ടുള്ള ചാർജിങ് പോർട്ട്, റാപ്പ് എറൗണ്ട് എൽഇഡി ടെയിൽലാമ്പ്, റൂഫ് എക്‌സ്റ്റെന്റഡ് സ്‌പോയിലർ, വിങ് സ്‌പോയിലർ, ഇരട്ട നിറങ്ങളിൽ ഒരുങ്ങിയിട്ടുള്ള റിയർ ബമ്പർ, ഹെക്ടർ, ഇ.വി, അഡാസ് ബാഡ്ജിങ്ങുകൾ എന്നിങ്ങനെയാണ് ഈ വാഹനത്തിലെ ഡിസൈൻ സവിശേഷതകൾ.
ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്ന അകത്തളമാണ് ഹെക്ടർ ടോമഹോക്കിൽ ഉള്ളത്. അകത്തളത്തിൽ നൽകിയിരിക്കുന്ന നിറമാണ് ഇതിന് പ്രധാന കാരണം. ഇതിനൊപ്പം 15.6 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 8.8 ഇഞ്ച് വലിപ്പത്തിൽ തീർത്തിരിക്കുന്ന ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ചാർജർ, ജെസ്റ്റർ കൺട്രോളിൽ പ്രവർത്തിക്കുന്ന ക്ലൈമറ്റ് കൺട്രോൾ, മ്യൂസിക് സിസ്റ്റം, ടൂ സ്‌പോക്ക് സ്റ്റിയറിങ് വീൽ എന്നിവ കൂടി ചേരുമ്പോൾ അഴക് പൂർണമാകുന്നു.
പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് മുൻനിര സീറ്റുകൾ, 256 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ്, 10 സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, പവേർഡ് ടെയിൽഗേറ്റ്, കണക്ടഡ് കാർ സാങ്കേതികവിദ്യ, റിയർ വിൻഡോ സൺ ബ്ലൈൻഡ്, മെമ്മറി ഫങ്ഷനും ഓട്ടോ റിട്രാക്ട് ഫങ്ഷനുമുള്ള ഡ്രൈവർ സീറ്റ്, നാപ്പ്, ക്യാമ്പ്, എനർജീസ്, പ്രോ പെറ്റ്, ക്വയറ്റ് തുടങ്ങി വിവിധ ക്യാബിൻ മോഡുകൾ തുടങ്ങിയവയാണ് അകത്തളത്തിലെ മറ്റ് ഫീച്ചറുകൾ.
69.2 കിലോ വാട്ട് ശേഷിയുള്ള ബാറ്ററിയാണ് ഹെക്ടർ ടോമഹോക്ക് ഇ.വിയിൽ നൽകിയിരിക്കുന്നത്. മുന്നിലെ ആക്‌സിലിലാണ് മോട്ടോറിന്റെ സ്ഥാനം. 204 എച്ച്പി പവറും 310 എൻഎം ടോർക്കുമാണ് ഈ മോട്ടോർ ഉത്പാദിപ്പിക്കുന്നത്. 517 കിലോ മീറ്റർ റേഞ്ചാണ് ഈ വാഹനത്തിൽ ടെസ്റ്റിങ് ഏജൻസികൾ സാക്ഷപ്പെടുത്തിയിരിക്കുന്നത്. പൂജ്യത്തിൽനിന്ന് 100 കിലോ മീറ്റർ വേഗം കൈവരിക്കാൻ 8.2 സെക്കന്റാണ് ഈ എസ്‌യുവിക്ക് വേണ്ടത്.
90 കിലോ വാട്ട് ഡി.സി. ഫാസ്റ്റ് ചാർജിങ് വരെ ഇതിൽ ഉപയോഗിക്കാനാകും. കേവലം 35 മിനിറ്റിൽ ബാറ്ററിയിൽ 30 ശതമാനത്തിൽനിന്ന് 80 ശതമാനം ചാർജ് നിറയും. 7.4 കിലോ വാട്ട് എ.സി. ചാർജർ ഉപയോഗിച്ച് പത്ത് ശതമാനത്തിൽനിന്ന് 80 ശതമാനം വരെ ചാർജ് നിറയാൻ 12.5 മണിക്കൂർ സമയമെടുക്കും. ഈ വാഹനത്തിൽനിന്ന് മറ്റൊരു വാഹനം ചാർജ് ചെയ്യാൻ സാധിക്കുന്ന വെഹിക്കിൾ ടു വെഹിക്കിൾ സംവിധാനവും, വെഹിക്കിൾ ടു ലോഡ് സംവിധാനവും നൽകുന്നുണ്ട്.
Content Highlights: Available in 5 and 7-seat layouts across 4 variants with prices ranging from Rs 19.49 lakh to Rs 23.49 lakh., Battery-as-a-Service (BaaS) option starting at Rs 13.99 lakh with a battery rental of Rs 4.90 per km., Equipped with a 69.2 kWh battery delivering a certified range of 517 km on a single charge., Generates 204 hp power and 310 Nm torque with a 0-100 km/h acceleration time of 8.2 seconds., Supports 90 kW DC fast charging, charging from 30% to 80% in just 35 minutes.
Published: 26 Aug 2026, 02:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented