
ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ നിരയിലേക്ക് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സിന് പ്രവേശനം സാധ്യമാക്കിയ മോഡലാണ് കിയ ഇവി6. കിയ ഇന്ത്യയുടെ വാഹനനിരയിലെ ആദ്യ ഇ.വി. 2022 മെയ് മാസത്തില്‍ ഇന്ത്യയില്‍ എത്തിയ ഈ വാഹനം ആദ്യ മുഖംമിനുക്കലിന് വിധേയമായിരിക്കുകയാണ്. ഡിസൈന്‍, ഫീച്ചറുകള്‍, ബാറ്ററി പാക്ക് എന്നിവയില്‍ വരുത്തിയ മാറ്റങ്ങളുമായി എത്തിയിട്ടുള്ള പുതിയ കിയ ഇവി6-ന് 65.9 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
മുന്‍ മോഡലിന് സമാനമായി ജിടി ലൈന്‍ വേരിയന്റിന്റെ ഓള്‍ വീല്‍ ഡ്രൈവ് മോഡലാണ് ഇത്തവണ എത്തിച്ചിരിക്കുന്നത്. ലുക്കിലും ഫീച്ചറുകളിലും വരുത്തിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്കൊപ്പം മെക്കാനിക്കലായുള്ള പുതുമയും ഈ വരവില്‍ ഇ.വി6-ല്‍ വരുത്തിയിട്ടുണ്ട്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തിച്ചാണ് വില്‍പ്പനയെങ്കിലും രാജ്യാന്തര വിപണിയില്‍ എത്തിച്ചിട്ടുള്ള ജിടി ലൈന്‍ എസ് വേരിയന്റ് ഇത്തവണയും ഇന്ത്യയില്‍ എത്തിയിട്ടില്ല.
ഇവി6-ന്റെ ആദ്യ മോഡലിന് അടിസ്ഥാനമൊരുക്കിയിരുന്ന ഇ-ജി.എം.പി. പ്ലാറ്റ്ഫോമില്‍ തന്നെയാണ് പുതിയ പതിപ്പ് ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍, 84 കിലോവാട്ട് ശേഷിയുള്ള ബാറ്ററിപാക്കാണ് പുതിയ മോഡലില്‍ നല്‍കിയിട്ടുള്ളത്. മുന്‍ മോഡലില്‍ 77.4 കിലോവാട്ട് ബാറ്ററിയാണ് നല്‍കിയിരുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 663 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കിയ മോട്ടോഴ്സ് അവകാശപ്പെടുന്നത്. 325 എച്ച്.പി. പവറും 605 എന്‍.എം.ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇ.വി.6-ന് കരുത്തേകുന്നത്.
അതിവേഗ ചാര്‍ജിങ്ങാണ് പുതിയ ഇ.വി.6-ല്‍ വന്നിട്ടുള്ള മറ്റൊരു പുതുമ. 350 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് കേവലം 18 മിനിറ്റില്‍ 10 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 50 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 73 മിനിറ്റിലും ബാറ്ററി നിറയും. വാഹനത്തിന്റെ അളവുകളില്‍ മാറ്റം വരുത്താതെയാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. 4695 എം.എം. നീളം, 1890 എം.എം. വീതി, 1550 എം.എം. ഉയരം എന്നിവയ്ക്കൊപ്പം 2900 എം.എമ്മിന്റെ വീല്‍ബേസുമാണ് ഇ.വി.6 മോഡലില്‍ നല്‍കിയിരിക്കുന്നത്.
ഡിസൈനില്‍ ശ്രദ്ധേയമായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ത്രികോണാകൃതിയിലുള്ള എല്‍.ഇ.ഡി. ഹെഡ്ലാമ്പും കിയയുടെ സിഗ്‌നേച്ചര്‍ സ്റ്റാര്‍ മാപ്പ് ബോര്‍ഡര്‍ ലൈറ്റുകളുമാണ് മുന്നില്‍ നല്‍കിയിരിക്കുന്നത്. ബമ്പറില്‍ വരുത്തിയിട്ടുള്ള മാറ്റത്തിനൊപ്പം ലോവര്‍ ഗ്രില്ലിലും ഏതാനും അഴിച്ചുപണികള്‍ വരുത്തിയിട്ടുണ്ട്. മുന്‍ മോഡലില്‍ നല്‍കിയിരുന്ന ക്രോമിയം ആവരണങ്ങളെല്ലാം നീക്കി വാഹനെത്ത കൂടുതല്‍ സ്പോര്‍ട്ടിയാക്കിയിട്ടുണ്ട്. 19 ഇഞ്ച് വലിപ്പമുള്ള അലോയി വീലാണ് ഇ.വി.6-നെ റോഡുമായി ബന്ധിപ്പിക്കുന്നത്.
ഹൈടെക് ഫീച്ചറുകളാണ് ഈ വരവില്‍ ഇ.വി.6-നെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനായി നല്‍കിയിട്ടുള്ള ഫിംഗര്‍പ്രിന്റെ സെന്‍സര്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍, പുതിയ ഹെഡ് അപ്പ് ഡിസ്പ്ലേ, എ.ഐ. അടിസ്ഥാനമാക്കിയുള്ള നാവിഗേഷന്‍ സംവിധാനം, പുതിയ ഡിസൈനില്‍ ഒരുക്കിയിട്ടുള്ള കിയ ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ള ത്രീ സ്പോക്ക് സ്റ്റിയറിങ് വീല്‍, 12.3 ഇഞ്ച് വലിപ്പത്തിലുള്ള രണ്ട് സ്‌ക്രീനുകള്‍ എന്നിങ്ങനെ നീളും പുതിയ മോഡലിലെ ഫീച്ചറുകള്‍.
Content Highlights: Kia EV6 gets a facelift with improved battery, faster charging, & new features.
Published: 26 Mar 2025, 09:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented