ഇന്ത്യയിലെ വാഹന വിപണിയെ കൃത്യമായി പഠിച്ച് ഓരോ മോഡലുകളും എത്തിക്കുന്ന വാഹന നിർമാതാക്കളാണ് കിയ മോട്ടോഴ്‌സ്. എസ്‌യുവികളുടെ പ്രതാപകാലത്ത് സെൽറ്റോസുമായി ഇന്ത്യയിൽ പ്രവേശിച്ച കിയ മോട്ടോഴ്‌സ് പിന്നീട് കാലഘട്ടം ആവശ്യപ്പെടുന്ന വാഹനങ്ങൾ ഒന്നിന് പുറകെ ഒന്നായി എത്തിച്ചാണ് വിപണിയിൽ തലയുയർത്തി നിൽക്കുന്നത്. ഇലക്ട്രിക് മോഡലുകൾ ഉൾപ്പെടെ പത്ത് വാഹനങ്ങൾ എത്തിച്ച കിയ വീണ്ടും വാഹന നിര വികസിപ്പിക്കാനുള്ള നീക്കങ്ങളിലാണ്.

To advertise here,

ഹൈബ്രിഡ് വാഹനങ്ങളിൽ ചുവടുറപ്പിക്കുകയാണ് കിയയുടെ ഭാവി പദ്ധതികളിൽ പ്രധാനം. വരവിനൊരുങ്ങിയിരിക്കുന്ന സൊറെന്റോ ഉൾപ്പെടെ സെൽറ്റോസ്, കാർണിവൽ എന്നീ മോഡലുകളുടെ ഹൈബ്രിഡ് പതിപ്പുകളാണ് ഏതാനും വർഷങ്ങൾക്കുള്ളിൽ കിയയുടെ വാഹന നിരയിലേക്ക് എത്തുന്നത്. പുതുതലമുറ സോണറ്റിന്റെ വരവും വരും വർഷങ്ങളിൽ കിയയുടെ പദ്ധതികളിലുണ്ട്. എല്ലാ പവർട്രെയിനുകളിലുമുള്ള വാഹനങ്ങൾ എത്തിച്ച് വിപണിയിൽ സജീവമാകുകയാണ് കമ്പനിയുടെ ലക്ഷ്യം.

എന്നാൽ, ഹൈബ്രിഡ് പദ്ധതിക്ക് പുറമെ, ഒരു ബി-സെഗ്മെന്റ് എസ്‌യുവിയും ഒരു സി-സെഗ്മെന്റ് എസ്‌യുവിയും കൂടി കിയയുടെ വാഹന നിരയിലേക്ക് എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹന നിരയിൽ സെൽറ്റോസിനും സിറോസിനും ഇടയിലുള്ള വിടവ് നികത്തുന്നതിനാണ് ബി സെഗ്മെന്റ് എസ്‌യുവി എത്തിക്കുകയെന്നാണ് വിലയിരുത്തൽ. കിയയുടെ അനുബന്ധ കമ്പനിയായ ഹ്യുണ്ടായി ഇതേ ഉദ്ദേശത്തോടെ ബയോൺ എന്ന മോഡൽ എത്തിക്കുന്നതിന് സമാനമായ നീക്കമാണ് കിയയും നടത്താനൊരുങ്ങുന്നത്.

4.2 മീറ്റർ നീളത്തിലുള്ള എസ്‌യുവിയാണ് കിയ മോട്ടോഴ്‌സ് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. ബോഡി ശൈലി ഉൾപ്പെടെയുള്ള കാര്യത്തിൽ വ്യക്തയില്ല. വിപണിയുടെ താത്പര്യം പരിഗണിച്ചായിരിക്കും ഇത് തീരുമാനിക്കുക. പെട്രോൾ, ഡീസൽ എൻജിനുകൾക്ക് പുറമെ, ഇലക്ട്രിക് പവർട്രെയിനിലും ഈ വാഹനം പ്രതീക്ഷിക്കാം. 2028-29 വർഷത്തോടെ ആയിരിക്കും ബി-സെഗ്മെന്റ് മോഡൽ കിയ മോട്ടോഴ്‌സ് വിപണിയിൽ എത്തിക്കുകയെന്നാണ് വിലയിരുത്തലുകൾ.

അടുത്ത മാസമാണ് സൊറോന്റൊ എന്ന വാഹനം അവതരിപ്പിക്കുന്നത്. ഹൈബ്രിഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽ എത്തുന്ന ഈ വാഹനത്തിന് 30 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയാകുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ സെൽറ്റോസിനും സൊറൊന്റോയിക്കും ഇടയിൽ വിലയുടെ അടിസ്ഥാനത്തിൽ വലിയൊരു വിടവ് ഉണ്ടായേക്കും. ഇത് പരിഹരിക്കുന്നതിനായണ് ഒരു സി-സെഗ്മെന്റ് വാഹനം എത്തിക്കുന്ന കാര്യം കിയ മോട്ടോഴ്‌സ് പരിഗണിക്കുന്നത്.

ഹ്യുണ്ടായിയുടെ അൽകസാർ പോലെയുള്ള വാഹനം എത്തിക്കാനായിരിക്കും കിയ മോട്ടോഴ്‌സ് ശ്രമിക്കുകയെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഏത് മോഡലായിരിക്കും കിയ ഇന്ത്യക്കായി പരിഗണിക്കുകയെന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. 2030-ന് മുമ്പ് പ്രദേശികമായി നിർമിക്കുന്ന 10 മോഡലുകൾ എത്തിക്കുകയെന്നതായിരുന്നു കിയയുടെ ലക്ഷ്യം. ഇന്ത്യയിലെ ആദ്യ അഞ്ച് വാഹന നിർമാതാക്കളിൽ ഒന്നാകുകയെന്ന കിയയുടെ ലക്ഷ്യത്തിന് നീക്കങ്ങൾ നിർണായകമാകും.

Source