ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ കിയ മോട്ടോഴ്‌സിന്റെ വാഹന നിരയിലേക്ക് എത്തിയ ആദ്യ ഇലക്ട്രിക് എംപിവിയാണ് കാരൻസ് ക്ലാവിസ് ഇ.വി. ഇന്ത്യൻ നിരത്തുകൾക്കായി ഇന്ത്യയിൽ നിർമിച്ച ഈ ഇലക്ട്രിക് എംപിവി കോർപറേറ്റ് കമ്പനികളുടെ ഇഷ്ടവാഹനമായി മാറിയിരിക്കുകയാണ്. വിവിധ കോർപറേറ്റ് കമ്പനികളുടെ വാഹന വ്യൂഹത്തിലേക്ക് മാത്രമായി 1,100 കാരൻസ് ക്ലാവിസ് ഇ.വി. ഇതുവരെ എത്തിയിട്ടുണ്ടെന്നാണ് കിയ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.

To advertise here,

ഈ 1,100 വാഹനങ്ങൾക്ക് പുറമെ, ഒരു കമ്പനിക്ക് മാത്രമായി 100 കാരൻസ് ക്ലാവിസ് ഇ.വി. നൽകുന്നതിന്റെ സന്തോഷത്തിലാണ് കിയ മോട്ടോഴ്‌സ്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഫെക്‌സ് മൊബിലിറ്റി എന്ന ഫ്‌ളീറ്റ് ഓപ്പറേറ്ററാണ് കാരൻസ് ക്ലാവിസ് ഇവിയുടെ 100 യൂണിറ്റുകൾ സ്വന്തമാക്കുന്നത്. റെഫെക്‌സ് മൊബിലിറ്റിക്ക് നൽകുന്ന ആദ്യ ബാച്ച് കാരൻസ് ക്ലാവിസ് ഇവികൾ കിയ മോട്ടോഴ്‌സിന്റെ മേധാവികൾ ചേർന്നാണ് കൈമാറിയിരിക്കുന്നത്.

റിഫെക്‌സുമായുള്ള സഹകരണം വളരെ അർഥവത്തായ ചുവടുവയ്പ്പാണ്. ഫ്‌ളീറ്റ് ആവശ്യങ്ങൾക്ക് ഏറ്റവും ഇണങ്ങുന്ന വാഹനമാണ് കാരൻസ് ക്ലാവിസ് ഇ.വി. വിശാലമായ ക്യാബിൻ, ദീർഘദൂര യാത്രകൾക്ക് ഇണങ്ങുന്ന സീറ്റുകൾ, ഉയർന്ന ഡ്രൈവിങ് റേഞ്ച്, സുരക്ഷിതമായ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ കൊണ്ടാണ് വ്യക്തിഗത ആവശ്യങ്ങൾക്കൊപ്പം ഫ്‌ളീറ്റ് ഉപയോഗങ്ങൾക്കും ഈ വാഹനം പ്രോത്സാഹിപ്പിക്കുന്നതെന്നാണ് കിയ ഇന്ത്യ സെയിൽ വിഭാഗം മേധാവി അതുൽ സൂദ് പറഞ്ഞത്.

മികച്ച ഒരു ഇലക്ട്രിക് വാഹനത്തിന്റെ സേവനം ഞങ്ങളുടെ ഉപയോക്താക്കൾക്ക് ഉറപ്പാക്കുന്നതിനായാണ് കിയ മോട്ടോഴ്‌സുമായി സഹകരിക്കുന്നതെന്നാണ് റെഫെക്‌സ് മൊബിലിറ്റി അഭിപ്രായപ്പെടുന്നത്. കാരൻസ് ക്ലാവിസ് ഇ.വിയുടെ കാര്യക്ഷമത ഫ്‌ളീറ്റ് പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ്. മലിനീകരണമില്ലാത്ത ഗതാഗതം എന്ന ആശയം നടപ്പാക്കുന്നതിനാണ് കിയയുമായി സഹകരിക്കുന്നതെന്ന് റെഫെക്‌സ് മൊബിലിറ്റി മേധാവി അനിരുദ്ധ് അരുൺ കൂട്ടിച്ചേർത്തു.

കിയ ഇന്ത്യയുടെ വാഹനനിരയിലെ മൂന്നാമത്തെ ഇലക്ട്രിക് മോഡലാണ് കാരൻസ് ക്ലാവിസ് ഇ.വി. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ഇലക്ട്രിക് എംപിവി ശ്രേണിയിൽ എത്തിയിട്ടുള്ള ഈ വാഹനത്തിന് 18.04 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 42 കിലോവാട്ട് ബാറ്ററി പാക്കും 51.4 കിലോവാട്ട് ബാറ്ററി പാക്കുമാണ് ഈ വാഹനത്തിൽ നൽകിയിരിക്കുന്നത്.

42 കിലോവാട്ട് മോഡൽ 404 കിലോമീറ്റർ റേഞ്ച് നൽകുമ്പോൾ 51.4 കിലോവാട്ട് ബാറ്ററി പാക്ക് മോഡൽ 490 കിലോമീറ്റർ വരെ റേഞ്ചുമാണ് വാഗ്ദാനം ചെയ്യുന്നത്. 171 ബിഎച്ച്പി പവറും 255 എൻഎം ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണിതിലുള്ളത്. 8.4 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ ഇലക്ട്രിക് എംപിവിയിൽ നൽകിയിട്ടുണ്ട്.ആറ് എയർബാഗ്, ഇ.എസ്.സി, എ.ബി.എസ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഡിസ്‌ക് ബ്രേക്ക്, അഡാസ് ലെവൽ-2 സുരക്ഷയും ഈ വാഹനത്തിലുണ്ട്.