ഹ്യുണ്ടായിയുടെ എസ്.യു.വികളില്‍ കുഞ്ഞനായി എത്തി വിപണിയില്‍ തരംഗം സൃഷ്ടിച്ച വാഹനമാണ് മൈക്രോ എസ്.യു.വി. മോഡലായ എക്‌സ്റ്റര്‍. അവതരിപ്പിച്ച് മൂന്ന് മാസത്തിനുള്ളില്‍ 23,000 യൂണിറ്റ് നിരത്തുകളില്‍ എത്തിയ ഈ വാഹനത്തിന്റെ ബുക്കിങ്ങ് ഏകദേശം ഒരുലക്ഷത്തിനോട് അടുത്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം, സെഗ്മെന്റ് ലീഡറായി കുതിച്ചുകൊണ്ടിരിക്കുന്ന ഈ വാഹനത്തിന്റെ വില വര്‍ധിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ഹ്യുണ്ടായി. 

To advertise here,

ഹ്യുണ്ടായി എക്സ്റ്ററിന്റെ അടിസ്ഥാന വേരിയന്റായ ഇ.എക്‌സ്. പതിപ്പിന് ആറ് ലക്ഷം രൂപയും ഏറ്റവും ഉയര്‍ന്ന വകഭേദമായ എസ്.എക്‌സ് (ഒ) കണക്ടിന് പത്ത് ലക്ഷം രൂപയുമായിരുന്നു എക്‌സ്‌ഷോറൂം വില. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 16,000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. രണ്ട് വേരിയന്റുകളെ വില വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഇ.എക്‌സ് മാനുവല്‍, എസ്.എക്‌സ്.(ഒ) കണക്ട് ഓട്ടോമാറ്റിക് എന്നിവയ്ക്കാണ് വില വര്‍ധിപ്പിച്ചിട്ടില്ലാത്തത്. 

എക്‌സ്റ്റര്‍ വാഹന നിരയിലെ ഉയര്‍ന്ന വകഭേദമായ എസ്.എക്‌സ്.(ഒ) കണക്ട് ഓട്ടോമാറ്റിക് മോഡലിന്റെ ഡ്യുവല്‍ ടോണ്‍ പതിപ്പിന്റെ വിലയില്‍ 5000 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന വില വര്‍ധനവും ഇതേ വേരിയന്റിന്റെ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലിനാണ്. 16,000 രൂപയാണ് എസ്.എക്‌സ്.(ഒ) കണക്ട് മാനുവല്‍ മോഡലിന്റെ വില ഉയര്‍ത്തിയിരിക്കുന്നത്. ബാക്കി വേരിയന്റുകള്‍ക്കെല്ലാം 10,400 രൂപയും വില ഉയര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

EX, S, SX, SX(O), SX(O) കണക്ട് എന്നീ അഞ്ച് വേരിയന്റുകളിലാണ് എക്‌സ്റ്റര്‍ വിപണിയില്‍ എത്തുന്നത്. സെഗ്മെന്റില്‍ തന്നെ ആദ്യമായി നല്‍കിയിട്ടുള്ള ഫീച്ചറുകള്‍, എതിരാളികളെക്കാള്‍ സൗന്ദര്യം എന്നിവയ്‌ക്കൊപ്പം ശക്തമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ള എക്സ്റ്ററിന്റെ ജനപ്രീതി ഉയര്‍ത്തിയിട്ടുണ്ട്. എല്ലാ വേരിയന്റുകളിലും ആറ് എയര്‍ ബാഗ് എന്നതാണ് ഇതില്‍ പ്രധാനം. ഡ്രൈവര്‍, പാസഞ്ചര്‍, സൈഡ്, കര്‍ട്ടണ്‍ എന്നിങ്ങനെയാണ് ആറ് എയര്‍ബാഗുകള്‍. 

ഗ്രാന്റ് ഐ10 നിയോസ്, ഓറ തുടങ്ങിയ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനിലായിരിക്കും എക്സ്റ്ററും എത്തുക. 83 ബി.എച്ച്.പി. പവറും 114 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. പെട്രോളിനൊപ്പം സി.എന്‍.ജി കിറ്റും നല്‍കുന്ന മറ്റൊരു വേരിയന്റും എക്സ്റ്ററിലുണ്ട്. സ്മാര്‍ട്ട് ഓട്ടോ എ.എം.ടി, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും എക്സ്റ്റര്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

എക്സ്റ്ററിനുള്ള ബുക്കിങ്ങില്‍ വന്‍ വര്‍ധനവുണ്ടായത് കണക്കിലെടുത്ത് വാഹനത്തിന്റെ പ്രതിമാസ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് അടുത്തിടെ ഹ്യുണ്ടായി പ്രഖ്യാപിച്ചിരുന്നു. പ്രാരംഭ ഘട്ടത്തില്‍ 6000 എക്സ്റ്ററാണ് പ്രതിമാനം നിര്‍മിച്ചിരുന്നതെങ്കില്‍ ഇത് 30 ശതമാനം വര്‍ധിപ്പിച്ച പ്രതിമാസം 8000 യൂണിറ്റ് നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ വാഹനം ബുക്കുചെയ്തുള്ള കാത്തിരിപ്പ് വലിയ തോതില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിര്‍മാണം ഉയര്‍ത്താന്‍ കമ്പനി തീരുമാനിച്ചത്.