അത്യാഡംബര വാഹനമായി വിശേഷിപ്പിക്കുന്ന റോള്‍സ് റോയിസ് ഫാന്റം മോഡലിനോട് മത്സരിക്കാനാണ് ചൈനയില്‍ നിന്നുള്ള ഈ അത്യാഡംബര സെഡാന് മോഡല്‍ എത്തിയിരിക്കുന്നത്.

വാഹനങ്ങളിലെ ആഡംബരത്തിന്റെ അവസാന വാക്ക് എന്നാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ റോൾസ് റോയിസിന്റെ മോഡലുകളെ വിശേഷിപ്പിക്കുന്നത്. ഈ വാഹനങ്ങളിലെ ആഡംബരത്തോട് കിടപിടിക്കാൻ പോകുന്ന എതിരാളികൾ ഇതുവരെ ഇല്ലായിരുന്നു. എന്നാൽ, ഇപ്പോൾ റോൾസ് റോയിസ് വാഹനങ്ങളിലെ ആഡംബരത്തോട് മുട്ടിനിൽക്കാൻ പോകുന്ന ഒരു വാഹനം ചൈനയിൽ നിന്ന് എത്തുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളിൽ നിന്നാണ് ഈ വാഹനവും എത്തുന്നത്.
ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബി.വൈ.ഡിയുടെ ലക്ഷ്വറി ബ്രാന്റായ യാങ്‌വാങ് എന്ന കമ്പനിയാണ് ആൾട്ടിയോർ എന്ന ഓൾ ഇലക്ട്രിക് അത്യാഡംബര ഫ്‌ളാഗ്ഷിപ്പ് സെഡാൻ പുറത്തിറക്കിയിരിക്കുന്നത്. ചൈനയിലെ ചരിത്ര പ്രാധാന്യമുള്ള പുരാതനമായ വെങ്കല പാത്രമായ ഡിങ്ങിൽ നിന്നാണ് ഈ വാഹനത്തിന്റെ ഡിസൈൻ പ്രചോദനമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ്, ബെസ്‌പോക്ക് എന്നീ രണ്ട് വേരിയന്റുകളിലാണ് ആൾട്ടിയോർ എത്തുന്നത്.
വാഹനത്തിന്റെ ലുക്കിൽ
പോലും ആഡംബരം വായിച്ചെടുക്കാനാകും. ഷോർട്ട് ഓവർഹാങ്ങിൽ അപ്പ്‌റൈഡ് മുൻവശമാണ് ഈ വാഹനത്തിനുള്ളത്. സവിശേഷമായ വസ്തുക്കൾ ഉപയോഗിച്ചാണ് ഇതിലെ ഗ്രില്ല് ഒരുക്കിയിരിക്കുന്നത്. ഇതിൽ ബി.വൈ.ഡിയുടെ ഒറാക്കിൾ-ബോൺ-സ്‌ക്രിപ്പ്റ്റ് എംബ്ലവും പതിപ്പിച്ചിട്ടുണ്ട്. പ്രത്യേക ഡിസൈനിലാണ് ഇതിലെ ലൈറ്റുകളും ഒരുങ്ങിയിരിക്കുന്നത്. റോൾസ് റോയിസ് ഫാന്റം എന്ന വാഹനവുമായി മത്സരിക്കുന്ന ആൾട്ടിയോർ കാഴ്ചയിലും ഈ വാഹനവുമായി വിദൂര സാമ്യം പുലർത്തുന്നു.
ഫെൻഡർ മുതൽ ടെയ്ൽലൈറ്റുവരെ 4.8 മീറ്റർ നീളത്തിലാണ് ക്യാരക്ടർ ലൈനുകൾ നൽകിയിരിക്കുന്നത്. ഫാന്റത്തിലേത് പോലെ കോച്ച് ഡിസൈനിലാണ് പിന്നിലെ ഡോർ ഒരുങ്ങിയിരിക്കുന്നത്. മുന്നിലെ ഡോറുകൾ 80 ഡിഗ്രിയും പിന്നിലെ ഡോർ 90 ഡിഗ്രിയുംവരെ തുറക്കാനാകും. മൂന്ന് വ്യത്യസ്തമായ ഡിസൈനുകളിൽ ഒരുങ്ങുന്ന 21 ഇഞ്ച് വീലുകളാണ് ആൾട്ടിയോറിലുള്ളത്. വളരെ നേർത്ത ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള ടെയ്ൽലാമ്പിനെ ക്രോം ട്രിം ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു.
അകത്തളവും ആഡംബരത്തിന്റെ പര്യായമാണ്. ബീജ്, ടാൻ നിറങ്ങളിലാണ് ഇന്റീരിയർ ഒരുങ്ങിയിരിക്കുന്നത്. ഡാഷ്‌ബോർഡ് നിറയുന്ന തരത്തിലാണ് ഡിസ്‌പ്ലേ പാനലുകൾ നൽകിയിരിക്കുന്നത്. സുഷൗ സിൽക്ക് എംബ്രോയ്ഡറിയും പെർഫൊറേറ്റഡ് പാറ്റേണുകളും ചേർന്നാണ് അപിഹോൾസ്ട്രി ഒരുക്കിയിരിക്കുന്നത്. ഫുൾ ഗ്രെയിൻ സെമി-അനിലിൻ ലെതർ, പ്യുവർ-വൂൾ ഫ്‌ളോർ മാറ്റുകൾ, നാച്വറൽ വുഡ് ട്രിം ഈ വാഹനത്തിന്റെ ഇന്റീരിയർ അലങ്കരിക്കുന്നതിനായി നൽകിയിട്ടുള്ള വസ്തുക്കൾ.
മെറ്റൽ സ്വിച്ചുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. നാല് സീറ്റുകളാണ് ഉള്ളതെങ്കിലും മുന്നിലെ സീറ്റ് മടക്കി പിൻ സീറ്റിലെ യാത്രക്കാരന് കൂടുതൽ സൗകര്യം ഒരുക്കാനാകും. സീറോ ഗ്രാവിറ്റി യൂണിറ്റിലുള്ള സീറ്റുകളാണ്. മെക്കാനിക്കൽ മസാജിങ് സംവിധാനം, ഓട്ടോമാൻ ഫങ്ഷൻ, ലൈറ്റ്, സൗണ്ട്, ഫ്രാഗ്നൻസ് എന്നിവ നിയന്ത്രിക്കാനുള്ള സംവിധാനം, വൺ ടച്ച് റിലാക്‌സ് മോഡ് തുടങ്ങിയവയും അകത്തളത്തിൽ ഒരുങ്ങിയിട്ടുണ്ട്. പവർ ഓപ്പറേറ്റഡ് ഡോറുകളാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളതെല്ലാം.
മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ, ഡ്യുവൽ സൺറൂഫുകൾ, ട്വീറ്ററുകളുള്ള 39 സ്പീക്കറുകൾ, ഡൈനാഓഡിയോ സൗണ്ട് സിസ്റ്റം തുടങ്ങിയവയും ഇതിലെ ഫീച്ചറുകളാണ്. പിന്നിൽ ഡ്യുവൽ വയർലെസ് ചാർജർ, സ്‌ക്രീൻ ഷെയറിങ് ഉൾപ്പെടെ സാധിക്കുന്ന 21.4 ഇഞ്ച് ഓവർഹെഡ് സ്‌ക്രീൻ, എല്ലാ ഫങ്ഷനുകളും ആക്‌സസ് ചെയ്യാൻ സാധിക്കുന്ന സെന്റർ കൺസോൾ, അഞ്ച് ലിറ്റർ കപ്പാസിറ്റിയുള്ള രണ്ട് ഫ്രിഡ്ജുകൾ, 532 ലിറ്ററിന്റെ ഉയർന്ന ബൂട്ട് സ്‌പേസ് എന്നിങ്ങനെ നീളും രണ്ടാം നിരയിലെ ഫീച്ചറുകൾ.
ബി.വൈ.ഡിയുടെ ഇ 4 പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. നാല് ഇലക്ട്രിക് മോട്ടോറുകൾ കരുത്തേകുന്ന വാഹനമാണ് ആൾട്ടിയോർ എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ബി.വൈ.ഡിയുടെ സെക്കന്റ് ജനറേഷൻ ബ്ലേഡ് ബാറ്ററിയാണ് യാങ്‌വാങ് ആൾട്ടിയോറിൽ നൽകിയിരിക്കുന്നത്. ഒറ്റത്തവണ ചാർജിൽ 1000 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് ടെസ്റ്റിങ് ഏജൻസി സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ, ഈ വാഹനത്തിന്റെ പവർ എത്രയാണെന്ന് നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല.
ഉയർന്ന വേഗതയിൽ പോകുമ്പോൾ ടയർ പഞ്ചറായാൽ പോലും കാർ മറിയാതെ നിർത്താൻ സഹായിക്കുന്ന രീതിയിൽ സെക്കന്റിൽ 100-ൽ അധികം തവണ ഡ്രൈവിങ് ഫോഴ്‌സ് അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് ആൾട്ടിയോറിന്റെ സുരക്ഷ. ഇതിലെ ടാങ്ക്-ടേൺ സംവിധാനത്തിന്റെ സഹായത്തോടെ വാഹനം നിന്നിടത്ത് നിന്ന് തന്നെ തിരിയാനുള്ള ശേഷിയും ആൾട്ടിയോറിനുണ്ട്. വാഹനം വെള്ളത്തിൽ മുങ്ങിപ്പോകാതിരിക്കാനുള്ള എമർജൻസി ഫ്‌ളോട്ടിങ് സംവിധാനവും ഇതിലുണ്ട്.
Content Highlights: Ultra-luxurious design rivalling Rolls-Royce with coach-style doors and exquisite interior materials., Powered by BYD's e4 platform with four electric motors and a second-generation blade battery., Impressive 1000 km driving range on a single charge based on testing agency standards., Advanced safety features including emergency floating, tire-burst stabilization, and tank-turn capability.
Published: 10 Nov 2026, 11:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented