ഹ്യുണ്ടായിയുടെ എസ്‌യുവി മോഡലുകളെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള നൈറ്റ് എഡിഷൻ പതിപ്പുകളുടെ വിൽപ്പന ഒരുലക്ഷം പിന്നിട്ടത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി മിനി എസ്‌യുവി മോഡലായ എക്‌സ്റ്ററിന്റെ നൈറ്റ് എഡിഷൻ പതിപ്പ് അവതരിപ്പിച്ചു. എക്സ്റ്ററിന്റെ മുഖംമിനുക്കിയ പതിപ്പിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള നൈറ്റ് എഡിഷന് 8.13 ലക്ഷം രൂപ മുതൽ 9.60 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

To advertise here,

എക്‌സ്റ്റർ നിരയിലെ എച്ച്.എക്‌സ്.6, എച്ച്.എക്‌സ് 10 എന്നീ വേരിയന്റുകളെ അടിസ്ഥാനമാക്കിയാണ് നൈറ്റ് എഡിഷൻ ഒരുങ്ങിയിരിക്കുന്നത്. പെട്രോൾ, സിഎൻജി പവർട്രെയിനുകളിൽ ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനുകളിലാണ് ഈ വാഹനം എത്തുന്നത്. ടൈറ്റാനിയം ബ്ലാക്ക്, അറ്റ്‌ലസ് വൈറ്റ്, സ്റ്റാറി നൈറ്റ്, ടൈറ്റൻ ഗ്രേ, ഗോൾഡൻ ബ്രോൺസ് എന്നീ അഞ്ച് നിറങ്ങളിൽ എക്‌സ്റ്റർ നൈറ്റ് എഡിഷൻ പുറത്തിറങ്ങുന്നുണ്ട്.

ബോൾഡ് ബ്ലാക്ക് സ്‌റ്റൈലിങ്ങിലും സ്മാർട്ട് ടെക്‌നോളജിയും ഉയർന്ന സുരക്ഷ സംവിധാനങ്ങളും മികച്ച സൗകര്യങ്ങളും കൂട്ടിച്ചേർത്താണ് എക്‌സ്റ്റർ നൈറ്റ് എഡിഷൻ ഒരുക്കിയിരിക്കുന്നതെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. മുന്നിലും പിന്നിലുമുള്ള മാറ്റ് ബ്ലാക്ക് നിറത്തിലുള്ള ഹ്യുണ്ടായി ലോഗോയും എക്‌സ്റ്റർ ബാഡ്ജിങ്ങും, ഡാർക്ക് ഗ്രേ ബമ്പർ ഗാർണിഷ്, ഡാർക്ക് ഗ്രേ സൈഡ് സിൽ ഗാർണിഷ്, 15 ഇഞ്ച് വലിപ്പമുള്ള ബ്ലാക്ക് അലോയി വീലുകൾ, റെഡ് ബ്രേക്ക് കാലിപ്പറുകൾ, നൈറ്റ് എംബ്ലം എന്നിവയാണ് ഡിസൈനിൽ കൂടുതലായി നൽകിയിട്ടുള്ളത്.

റെഗുലർ എക്സ്റ്ററിന്റെ ലേഔട്ടിൽ തന്നെയാണ് നൈറ്റ് എഡിഷൻ ഇന്റീരിയർ ഒരുങ്ങിയിരിക്കുന്നത്. എന്നാൽ, പൂർണമായും കറുപ്പ് അണിഞ്ഞ അകത്തളമാണ് റെഗുലർ പതിപ്പിൽ നിന്നുള്ള മാറ്റം. കറുപ്പ് നിറത്തിനൊപ്പം ബ്രാസ് ആക്‌സെന്റുകളുമുണ്ട്, സെമി ഫാബ്രിക് സീറ്റ് അപ്‌ഹോൾസ്ട്രി, ആംബെർ കളർ ഫുട്ട്‌വെൽ ലൈറ്റിങ്, ബ്ലാക്ക് ഡി കട്ട് സ്റ്റിയറിങ് വീൽ എന്നിവയാണ് നൈറ്റ് എഡിഷനിൽ കൊണ്ടുവന്നിട്ടുള്ള മറ്റ് പുതുമകൾ.

മെക്കാനിക്കൽ ഫീച്ചറുകളിൽ റെഗുലർ എക്‌സ്റ്ററിന്റെ പിൻഗാമിയാണ് നൈറ്റ് എഡിഷൻ. 1.2 ലിറ്റർ നാല് സിലണ്ടർ പെട്രോൾ എൻജിനാണ് ഈ വാഹനത്തിലും കരുത്തേകുന്നത്. പെട്രോൾ മോഡൽ 83 എച്ച്പി പവറും 114 എൻഎം ടോർക്കുമേകും. 69 എച്ച്പി പവറും 95 ടോർക്കുമാണ് സിഎൻജി പതിപ്പ് നൽകുന്നത്. അഞ്ച് സ്പീഡ് മാനുവൽ, സ്മാർട്ട് ഓട്ടോ എഎംടി എന്നിവയാണ് നൈറ്റ് എഡിഷനിലെ ട്രാൻസ്മിഷൻ.