ഹ്യുണ്ടായിയുടെ എസ്‌യുവി നിരയിലെ ഏറ്റവും കുഞ്ഞൻ മോഡലായ എക്‌സ്റ്ററിന്റെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. ആദ്യ മുഖംമിനുക്കൽ നടത്തി എത്തിയിരിക്കുന്ന എക്സ്റ്ററിന് 5.80 ലക്ഷം രൂപ മുതൽ 9.42 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഡിസൈനിൽ വരുത്തിയ ഏതാനും അഴിച്ചുപണികളും ഫീച്ചറുകളിലെ നൽകിയിട്ടുള്ള കൂട്ടിച്ചേർക്കലുമാണ് എക്സ്റ്ററിന്റെ ആദ്യ മുഖംമിനുക്കലിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ.

To advertise here,

പെട്രോൾ-സിഎൻജി പവർട്രെയിനുകളിൽ ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിൽ ഏഴ് വേരിയന്റുകളായാണ് ഈ വാഹനം എത്തിയിരിക്കുന്നത്. അഞ്ച് വേരിയന്റുകളിൽ എത്തുന്ന പെട്രോൾ മാനുവൽ പതിപ്പിന് 5.80 ലക്ഷം രൂപ മുതൽ 8.36 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് മോഡലുകൾക്ക് 6.91 ലക്ഷം രൂപ മുതൽ 9.42 ലക്ഷം രൂപ വരെയും സിഎൻജി പതിപ്പിന് ഏഴ് ലക്ഷം രൂപ മുതൽ 9.41 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്.

ശ്രദ്ധേയമായ മാറ്റങ്ങളാണ് എക്‌സ്റ്ററിന്റെ ഡിസൈനിൽ നൽകിയിട്ടുള്ളത്. ബമ്പറിന്റെ രൂപത്തിൽ നൽകിയിട്ടുള്ള മാറ്റത്തിനൊപ്പം ഗ്രില്ലിലെ ഡിസൈനിലും അഴിച്ചുപണി വരുത്തിയിട്ടുണ്ട്. ബോക്‌സി ഡിസൈനിൽ ബ്ലാക്ക് പ്ലാസ്റ്റിക്കിലാണ് ഗ്രില്ല് ഒരുങ്ങിയിരിക്കുന്നത്. ഇതിന് ചുറ്റിലുമായി സിൽവർ ഗാർണിഷും നൽകുന്നുണ്ട്. ലോവർ ലിപ്പിൽ സിൽവർ സ്ട്രിപ്പ് നൽകിയതാണ് മറ്റൊരു അലങ്കാരം. ഹെഡ്‌ലാമ്പ്, ഡിആർഎൽ, എക്സ്റ്റർ ബാഡ്ജിങ് എന്നിവ മുൻ മോഡലിൽ നിന്നുള്ളതാണ്.

15 ഇഞ്ച് വലിപ്പത്തിൽ പുതിയ ഡിസൈനിലാണ് അലോയി വീൽ തീർത്തിരിക്കുന്നത്. പ്ലാസ്റ്റിക് വീൽ ആർച്ചിന്റെ രൂപത്തിലും പുതുമ കാണാം. പിന്നിലെ മാറ്റം സ്പ്ലിറ്റ് സ്‌പോയിലറിൽ നിന്ന് ആരംഭിക്കുന്നു. ബമ്പറിന്റെ രൂപ ഘടനയിലും മാറ്റം പ്രകടമാണ്. ടെയ്ൽലാമ്പ് മുൻ മോഡലിൽ നിന്ന് കടംകൊണ്ടതാണെങ്കിലും ഇവയെ കണക്ട് ചെയ്ത് നൽകിയിട്ടുള്ള സ്ട്രിപ്പിൽ പുതുമ വരുത്തിയിട്ടുണ്ട്. പിന്നിലെ ബമ്പറിലും ബ്ലാക്ക് പ്ലാസ്റ്റിക്കിന്റെയും സിൽവർ സ്ട്രിപ്പിന്റെയും സാന്നിധ്യവും എടുത്ത് കാണിക്കുന്നു.

അകത്തളം കൂടുതൽ പ്രീമിയം ആക്കാനാണ് നിർമാതാക്കൾ ശ്രമിച്ചിരിക്കുന്നത്. ബ്ലാക്ക്-ഗ്രേ എന്നീ നിറങ്ങൾക്കൊപ്പം നേവി ബ്ലൂ നിറം കൂടി നൽകിയാണ് ഡാഷ്‌ബോർഡിന്റെയും ഡോർ പാഡുകളുടെയും നിർമാണം. ബേജ് നിറത്തിലുള്ള ഫാബ്രിക്കിലാണ് സീറ്റുകൾ ഒരുങ്ങിയിരിക്കുന്നത്. ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ് വീൽ, ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ക്ലൈമറ്റ് കൺട്രോൾ യൂണിറ്റ് തുടങ്ങിയവ മുൻ പതിപ്പിൽ നിന്ന് കടംകൊണ്ടവയാണ്.

മെക്കാനിക്കലായുള്ള മാറ്റത്തിന് എക്സ്റ്റർ വിധേയമായിട്ടില്ല. 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് ഈ മിനി എസ്‌യുവിയുടെ ഹൃദയം. ഇത് 83 എച്ച്പി പവറും 114 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ, എഎംടി എന്നിവയാണ് ഇതിലെ ട്രാൻസ്മിഷൻ. അതേസമയം, സിഎൻജി പതിപ്പ് 69 എച്ച്പി പവറും 95 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.