ന്ത്യയിലെ മൈക്രോ എസ്‌യുവി ശ്രേണിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ടാറ്റ പഞ്ചും ഹ്യുണ്ടായി എക്സ്റ്ററും നടത്തുന്നത്. മുന്നില്‍ പഞ്ച് തന്നെയാണെന്നതില്‍ സംശയമേതുമില്ല. എന്നാല്‍, ഈ അവസ്ഥയില്‍ മാറ്റം വരുത്താനുള്ള നീക്കങ്ങളിലാണ് ഹ്യുണ്ടായി. ഏറ്റവും കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകള്‍ നല്‍കുക എന്ന തന്ത്രമാണ് ഹ്യുണ്ടായി കണ്ടെത്തിയിരിക്കുന്നത്. ഇതിനായി പുതിയ രണ്ട് വേരിയന്റുകള്‍ കൂടി അവതരിപ്പിച്ച് എക്സ്റ്റര്‍ നിര വികസിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി. 

To advertise here,

എസ് സ്മാര്‍ട്ട്, എസ്.എക്‌സ് സ്മാര്‍ട്ട് എന്നീ പേരികളിലാണ് എക്സ്റ്ററിന്റെ പുതിയ വേരിയന്റുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. യഥാക്രമം 7.69 ലക്ഷം രൂപയും 8.16 ലക്ഷം രൂപയുമാണ് ഈ വേരിയന്റുകളുടെ എക്‌സ്‌ഷോറൂം വില. മറ്റ് വേരിയന്റുകള്‍ പോലെ തന്നെ പെട്രോള്‍, സിഎന്‍ജി ഫ്യുവല്‍ ഓപ്ഷനുകളില്‍ ഈ പുതിയ രണ്ട് വേരിയന്റുകളും വിപണിയില്‍ എത്തുന്നുണ്ട്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഈ രണ്ട് വേരിയന്റുകളിലും നല്‍കുന്നുണ്ട്.

നിലവില്‍ എക്സ്റ്റര്‍ ശ്രേണിയിലെ എസ് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് എസ്.എക്‌സ് വേരിയന്റ് ഒരുങ്ങുന്നത്. എന്നാല്‍, മുമ്പ് എസ് പ്ലസ് വേരിയന്റില്‍ നല്‍കിയിരുന്ന സണ്‍ റൂഫ് ഈ പുതിയ വേരിയന്റില്‍ നല്‍കുന്നുണ്ട്. ഈ ഫീച്ചറിന് പുറമെ, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പ്, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, 15 ഇഞ്ച് വലിപ്പമുള്ള സ്റ്റീല്‍ വീല്‍, പിന്‍നിര സീറ്റുകളിലേക്കുള്ള എസി വെന്റുകള്‍ എന്നിവയും എസ്.എക്‌സ് വേരിയന്റില്‍ സ്ഥാനം പിടിക്കുന്നുണ്ട്.

എസ്.എക്‌സ് സ്മാര്‍ട്ട് എന്ന വേരിയന്റും കൂടുതല്‍ ഫീച്ചര്‍ സമ്പന്നമാകുന്നുണ്ട്. കീ ലെസ് എന്‍ട്രി വിത്ത് പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സംവിധാനമാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇതിനൊപ്പം പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, റിയര്‍ പാര്‍ക്കിങ് ക്യാമറ, ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്ട്രി, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയും ഇതില്‍ നല്‍കിയിട്ടുണ്ട്. ഈ രണ്ട് വേരിയന്റുകളിലും 14,999 രൂപ മുടക്കി ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഒമ്പത് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും നല്‍കാന്‍ സാധിക്കും. 

മെക്കാനിക്കല്‍ ഫീച്ചറുകളില്‍ യാതൊരുവിധ മാറ്റങ്ങളും നിര്‍മാതാക്കള്‍ വരുത്തുന്നില്ല. 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ് എക്സ്റ്ററിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 83 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സിഎന്‍ജി പതിപ്പ് 69 ബിഎച്ച്പി പവറും 95.2 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. സ്മാര്‍ട്ട് ഓട്ടോ എഎംടി, അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് പെട്രോള്‍ എന്‍ജിനൊപ്പമുള്ളത്. സിഎന്‍ജിക്കൊപ്പം മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുക.