ലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിനെക്കാള്‍ ഡ്രൈവിങ്ങിന്റെ ആനന്ദം ഉറപ്പാക്കുന്ന ഹൈബ്രിഡ് ഇലക്ട്രിക് കാറുകള്‍ നിരത്തുകളില്‍ എത്തിക്കാനാണ് ഹോണ്ട ശ്രമിക്കുന്നതെന്നാണ് അടുത്തിടെ ജപ്പാനിലെ ടോക്കിയോയില്‍ നടന്ന ഹോണ്ട ഓട്ടോമോട്ടീവ് ടെക്‌നോളജി വര്‍ക്ക്‌ഷോപ്പില്‍ ഹോണ്ട അറിയിച്ചത്. അതുകൊണ്ടുതന്നെ ഹോണ്ടയില്‍നിന്ന് എത്തുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സിമുലേറ്റഡ് ഗിയര്‍ ഷിഫ്റ്റും എന്‍ജിന്‍ സൗണ്ടുമൊക്കെ ഉണ്ടാകുമെന്നുമാണ് അവര്‍ ഉറപ്പുനല്‍കിയിരിക്കുന്നത്.

To advertise here,

ഇത് വെറും വാക്കല്ല, ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ ഹോണ്ട പ്രദര്‍ശിപ്പിച്ച സൂപ്പര്‍ വണ്‍ എന്ന പ്രോട്ടോടൈപ്പ് വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് ഈ പറഞ്ഞ സംവിധാനങ്ങളോടെയായിരിക്കും എത്തുകയെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. വേറെയും കുറേയേറെ സവിശേഷതകളോടെയായിരിക്കും ഈ വാഹനത്തിന്റെ വരവ്. സെന്റര്‍ ഓഫ് ഗ്രാവിറ്റി മെച്ചപ്പെടുത്തുന്നതിനായി ഭാരം കുറഞ്ഞ പ്ലാറ്റ്‌ഫോം, വീതി കുറഞ്ഞ ബാറ്ററി പാക്ക്, ഭാരമുള്ള പാര്‍ട്‌സുകള്‍ എല്ലാം മധ്യഭാഗത്തായി നല്‍കിയുമായിരിക്കും ഈ വാഹനങ്ങള്‍ എത്തുക.

എ-സെഗ്മെന്റ് വാഹനങ്ങളില്‍ ഏറ്റവും ഭാരംകുറഞ്ഞ വാഹനമായായിരിക്കും സൂപ്പര്‍ വണ്‍ എത്തുകയെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. അതിനുപുറമെ, ഇതേ വലിപ്പത്തിലുള്ള ഐസിഇ വാഹനത്തെക്കാള്‍ കുറഞ്ഞ സെന്റര്‍ ഓഫ് ഗ്രാവിറ്റിയായിരിക്കും സൂപ്പര്‍ വണ്ണിനെന്നും ഹോണ്ട ഉറപ്പുനല്‍കുന്നു. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ഏറ്റവും മികച്ച ഡൈനാമിക്‌സ് ഉറപ്പാക്കാന്‍ സൂപ്പര്‍ വണ്ണിന് സാധിക്കുമെന്നാണ് നിര്‍മാതാക്കളായ ഹോണ്ട അവകാശപ്പെടുന്നത്.

മറ്റ് ഇലക്ട്രിക് വാഹനങ്ങളില്‍നിന്ന് ഹോണ്ടയുടെ സൂപ്പര്‍ വണ്ണിനെ വ്യത്യസ്തമാക്കാന്‍ പോകുന്നത് ഏഴ് സ്പീഡ് സിമുലേറ്റഡ് ഗിയര്‍ബോക്‌സും ബൂസ്റ്റ് മോഡും സിമുലേറ്റഡ് എന്‍ജിന്‍ ശബ്ദവുമായിരിക്കുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ. ഡ്രൈവര്‍ ഇന്‍പുട്ട്, വാഹനത്തിന്റെ വേഗത തുടങ്ങിയ ഡ്രൈവിങ് സാഹചര്യങ്ങള്‍ അനുസരിച്ച് സിമുലേറ്റഡ് ഗിയര്‍ബോക്‌സിന് എന്‍ജിന്‍ വേഗതയും ഗിയര്‍ പൊസിഷനും ക്രമീകരിക്കാന്‍ സാധിക്കും. ഉയര്‍ന്ന ആക്‌സിലറേഷനില്‍ സാധാരണ ഓട്ടോമാറ്റിക് കാറുകളിലെ കിക്ക്ഡൗണ്‍ ഇംപാക്ട് ഡ്രൈവറിന് ലഭിക്കുമെന്നും ഹോണ്ട പറയുന്നു.

ഒരു മള്‍ട്ടി ഗിയര്‍ ട്രാന്‍സ്മിഷനും ഉയര്‍ന്ന എന്‍ജിന്‍ പവറുമുള്ള വാഹനം ഓടിക്കുമ്പോള്‍ ലഭിക്കുന്നതിന് സമാനമായ അനുഭവമായിരിക്കും തങ്ങളുടെ ഇലക്ട്രിക് കാര്‍ നല്‍കുകയെന്നാണ് ഹോണ്ട ഉറപ്പുനല്‍കുന്നത്. 2026-ല്‍ ആയിരിക്കും ഹോണ്ട സൂപ്പര്‍ വണ്‍ ഇലക്ട്രിക് കാര്‍ ജപ്പാനില്‍ അവതരിപ്പിക്കുന്നത്. പിന്നീട് യുകെയിലും ഏഷ്യന്‍ രാജ്യങ്ങളിലേക്കും എത്തിക്കും. എന്നാല്‍, ഇന്ത്യക്കായി ഹോണ്ട പരിഗണിക്കുന്ന O സീരീസ് ഇലക്ട്രിക് വാഹനങ്ങളിലേക്കും ഈ സംവിധാനം നല്‍കിയേക്കും.