ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിന് ഇറങ്ങിയിട്ടുള്ള മറ്റ് ഏഴ് സീറ്റർ എസ്‌യുവികളെക്കാൾ ഉയർന്ന സ്‌കോറാണ് ഈ വാഹനത്തിന് ലഭിച്ചിരിക്കുന്നത്.

മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ശരിക്കും അദ്ഭുതമാണ്. സങ്കൽപ്പങ്ങൾക്ക് അപ്പുറമുള്ള ഡിസൈൻ തന്നെയാണ് ഈ വാഹനം ആളുകൾക്ക് കൗതുകമായി മാറാനുള്ള കാരണങ്ങളിൽ പ്രധാനം. അതിനൊപ്പംതന്നെ മികവുറ്റ സാങ്കേതികവിദ്യയും കരുത്തുറ്റ സുരക്ഷയും ചേർന്നതോടെ മഹീന്ദ്ര വാഹനങ്ങളെ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. സുരക്ഷയെന്നത് വാക്കുകളിൽ പറയുന്നതിനെക്കാൾ ഉപരി പരീക്ഷണങ്ങളിലൂടെ തെളിയിച്ചാണ് മഹീന്ദ്രയുടെ വാഹനങ്ങൾ എത്തുന്നത്.
സുരക്ഷയിൽ ഫൈവ് സ്റ്റാർ ക്ലബ്ബിലുള്ള മഹീന്ദ്രയുടെ മറ്റ് വാഹനങ്ങൾക്കൊപ്പം ഏറ്റവും ഒടുവിൽ എത്തിയിരിക്കുന്നത് XEV 9S എന്ന ഇലക്ട്രിക് എസ്‌യുവിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും സുരക്ഷ ഉറപ്പാക്കുന്നതിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങാണ് ഈ വാഹനവും നേടിയിരിക്കുന്നത്. ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിലാണ് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന നിരയിലെ ആദ്യ ഏഴ് സീറ്റർ മോഡലായ XEV 9S എസ്‌യുവി കരുത്ത് തെളിയിച്ചിരിക്കുന്നത്.
മുതിർന്നവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരീക്ഷയിൽ 32-ൽ 31.5 മാർക്കും കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ 49-ൽ 45 മാർക്കും നേടിയാണ് ഈ ഇലക്ട്രിക് എസ്‌യുവി നക്ഷത്രത്തിളക്കം സ്വന്തമാക്കിയത്. ഈ മാർക്കും റേറ്റിങ്ങും XEV 9S എസ്‌യുവിയുടെ എല്ലാ വേരിയന്റുകൾക്കും ബാധകമാണെന്നാണ് ഭാരത് എൻക്യാപ് അറിയിച്ചിരിക്കുന്നത്. ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിന് ഇറങ്ങിയിട്ടുള്ള മറ്റ് ഏഴ് സീറ്റർ എസ്‌യുവികളെക്കാൾ ഉയർന്ന സ്‌കോറാണ് ഈ വാഹനത്തിന് ലഭിച്ചിരിക്കുന്നത്.
സുരക്ഷയ്ക്ക് ഉയർന്ന പ്രാധാന്യം നൽകിയിട്ടുള്ള വാഹനമാണ് മഹീന്ദ്രയുടെ XEV 9S. ഉയർന്ന വേരിയന്റുകളിൽ ഡ്രൈവർക്ക് കാൽമുട്ടിനുള്ള എയർബാഗ് ഉൾപ്പെടെ ഏഴ് എയർബാഗുകൾ വാഗ്ദാനം ചെയ്യുന്നു. ഡ്രൈവറുടെ ഉറക്കം കണ്ടെത്താനുള്ള സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക് ബൂസ്റ്റർ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ലൈവ് പ്രഷർ ഡിസ്പ്ലേയോടുകൂടിയ ടിപിഎംഎസ്, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ എന്നിവയും ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകൾ ഓരോ വേരിയന്റിലും വ്യത്യസ്തമാണ്. പാക്ക് ടുവിൽ റഡാറും വിഷൻ ക്യാമറയുമുള്ള ലെവൽ 2 ADAS അവതരിപ്പിക്കുമ്പോൾ, പാക്ക് ത്രീയിൽ അഞ്ച് റഡാറുകളും ലെയ്ൻ സെന്ററിങ്, എമർജൻസി സ്റ്റിയറിങ് അസിസ്റ്റ്, ബ്ലൈൻഡ് സ്‌പോട്ട് ഡിറ്റക്ഷൻ, ഫ്രണ്ട് ആൻഡ് റിയർ ക്രോസ്-ട്രാഫിക് അലേർട്ടുകൾ പോലുള്ള മെച്ചപ്പെടുത്തിയ ഫങ്ഷനുകളുമുള്ള ലെവൽ 2+ ADASലേക്ക് ഉയർത്തുന്നു. Secure 360 സ്യൂട്ട്, ലൈവ് വ്യൂ, വീഡിയോ റെക്കോർഡിങ്, റിമോട്ട് കമ്മ്യൂണിക്കേഷൻ എന്നിവ നൽകി സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നു.
നാല് ട്രിമ്മുകളിലായി 59kWh, 70kWh, 79kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഈ വാഹനം എത്തുന്നത്. ഇവയെല്ലാം 175kW വരെയുള്ള ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്നു. എൻട്രി ലെവൽ പാക്ക് വൺ എബൗ വേരിയന്റിന് 59kWh, 79kWh ഓപ്ഷനുകളുണ്ട്. ഇവ രണ്ടും റിയർ-വീൽ ഡ്രൈവാണ്. 79kWh ബാറ്ററിയുള്ള XEV 9S പാക്ക് വൺ എബൗ വേരിയന്റിന് 21.95 ലക്ഷം രൂപയാണ് വില. 59kWh ബാറ്ററിയുള്ള XEV 9S-ന് ARAI പ്രകാരം 521 കിലോമീറ്ററാണ് റേഞ്ച്. അതേസമയം 79kWh-ന്റെ എല്ലാ വേരിയന്റുകൾക്കും 679 കിലോമീറ്റർ ARAI റേഞ്ച് ലഭിക്കും.
മിഡ്-സ്‌പെക്ക് പാക്ക് ടു എബൗ ട്രിമ്മിന് പുതിയ 70kWh ബാറ്ററി പാക്ക് (600 കിലോമീറ്റർ ARAI റേഞ്ച്) ലഭിക്കുന്നു, ഇതിന് 24.45 ലക്ഷം രൂപയാണ് വില. 79kWh പതിപ്പിന് 25.45 ലക്ഷം രൂപയും. ടോപ്പ്-സ്‌പെക്ക് XEV 9S പാക്ക് ത്രീ, പാക്ക് ത്രീ എബൗ എന്നിവ 79kWh ബാറ്ററി പാക്കിൽ മാത്രമേ ലഭ്യമാകൂ, ഇവയ്ക്ക് യഥാക്രമം 27.35 ലക്ഷം രൂപയും 29.45 ലക്ഷം രൂപയുമാണ് വില.
Content Highlights: Mahindra XEV 9S achieved a 5-star Bharat NCAP safety rating for both adults and children., Scored 31.5 out of 32 for adult safety and 45 out of 49 for child safety., Available in multiple battery options (59kWh, 70kWh, 79kWh) offering up to 679 km ARAI range., Packed with advanced safety features including up to 7 airbags and Level 2+ ADAS.
Published: 17 Nov 2026, 06:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented