എംജി മോട്ടോഴ്‌സുമായുള്ള സഹകരണത്തിലൂടെയാണ് ഇന്ത്യയിലെ വ്യവസായ ഭീമന്മാരായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് വാഹന വ്യവസായത്തിലേക്ക് ചുവടുവയ്ക്കുന്നത്. ഇരുകമ്പനികളും കൈകോർത്തതിനുശേഷം വിപണിയിൽ എത്തിയിട്ടുള്ള എല്ലാ മോഡലുകളും വൻവിജയം കൊയ്തവയുമാണ്. വാഹന വ്യവസായവും വഴങ്ങുമെന്ന് ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ച ജെഎസ്ഡബ്ല്യു ഗ്രൂപ്പ് സ്വതന്ത്ര വാഹന നിർമാതാവാകാനൊരുങ്ങുകയാണ്.

To advertise here,

ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് എന്ന പേരിലാണ് വാഹന വിപണിയിലേക്കുള്ള ജെ.എസ്.ഡബ്ല്യുവിന്റെ എൻട്രി. ഡിസംബർ നാലിന് ആദ്യവാഹനം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് തുറന്നിരിക്കുകയാണ്. ജെഎസ്ഡബ്ല്യു മോട്ടോർസ് ഇന്ത്യ എന്ന പേരിലാണ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഒരുങ്ങിയിരിക്കുന്നത്. ആദ്യ വാഹനമായ കോംബാറ്റ് എസ്‌യുവിയുടെ സവിശേഷതകളാണ് ഇതിൽ നൽകിയിരിക്കുന്നത്.

ചൈനീസ് വാഹന നിർമാതാക്കളായ ചെറി മോട്ടോഴ്സിന്റെ സബ്സിഡറി ബ്രാൻഡായ ജെറ്റോർ പുറത്തിറക്കിയിട്ടുള്ള ടി 2 എന്ന എസ്‌യുവിയാണ് ജെഎസ്ഡബ്ല്യുവിന്റെ മേൽവിലാസം സ്വീകരിച്ച് ഇന്ത്യയിൽ കോംബാറ്റായി എത്തുന്നത്. അഞ്ച് സീറ്റർ എസ്‌യുവി ശ്രേണിയിലേക്കാണ് കോംബാറ്റ് എത്തുന്നത്. പ്ലഗ് ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എത്തുന്ന ഈ വാഹനം, ഇന്ത്യയിലെ ഫൈവ് സീറ്റർ എസ്‌യുവി ശ്രേണിയിലെ ആദ്യ പ്ലഗ് ഇൻ ഹൈബ്രിഡ് മോഡലായിരിക്കും.

ബോക്‌സി രൂപത്തിൽ ഒരുങ്ങിയിട്ടുള്ള ഫുൾ സൈസ് എസ്‌യുവിയാണ് ജെറ്റോർ ടി 2. ഈ വാഹനത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്നതിനാൽ കോംബാറ്റിനും സമാന രൂപമായിരിക്കും. ജെഎസ്ഡബ്ല്യു ബാഡ്ജിങ്ങ് ആയിരിക്കും പ്രധാന മാറ്റം. സ്‌ക്വയർ എൽഇഡി ഹെഡ്‌ലാമ്പ്, വലിയ ബമ്പർ, 20 ഇഞ്ച് അലോയി വീലുകൾ, ക്ലാഡിങ്, റൂഫ് റെയിൽ, വെർട്ടിക്കൽ ആയി സ്ഥാപിച്ചിരിക്കുന്ന ടെയ്ൽ ലൈറ്റ്, ബൂട്ട് ലിഡ്ഡിൽ നൽകിയിട്ടുള്ള സ്‌പെയർ വീൽ തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ ഡിസൈനിലെ പ്രധാന സവിശേഷതകൾ.

15.6 ഇഞ്ച് വലുപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.6 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, ഫോർ സ്‌പോക്ക് സ്റ്റിയറിങ് വീൽ, ചിട്ടയോടെ ഒരുക്കിയിട്ടുള്ള ഡാഷ്‌ബോർഡ് എന്നിവയാണ് കോംബാറ്റിന്റെ ഇന്റീരിയർ ലേഔട്ടിന്റെ അടിസ്ഥാന രൂപം. 12 സ്പീക്കർ സൗണ്ട് സിസ്റ്റം, 540 ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിങ് തുടങ്ങിയ ഫീച്ചറുകളുടെ നീണ്ടനിര തന്നെയാണ് അകത്തളത്തിൽ ഒരുക്കിയിരിക്കുന്നത്.

1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനും രണ്ട് ഇലക്ട്രിക് മോട്ടോറും 18.4 കിലോ വാട്ട് ബാറ്ററി പാക്കും ചേർന്നതാണ് ഈ വാഹനത്തിന്റെ മെക്കാനിക്കൽ സംവിധാനം. വിദേശ നിരത്തുകളിൽ എത്തിയിട്ടുള്ള ജെറ്റോർ ടി 2 മോഡലിൽ 360 എച്ച്.പി. പവറും 610 എൻ.എം. ടോർക്കുമാണ് സംയോജിതമായി ഉത്പാദിപ്പിക്കുന്നത്. മൂന്ന് സ്പീഡ് ഡെഡിക്കേറ്റഡ് ഹൈബ്രിഡ് ട്രാൻസ്മിഷനാണ് ഇതിലുള്ളത്. ഫ്രണ്ട് വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് സംവിധാനങ്ങളിൽ ഇത് എത്തിയേക്കും.

ജെറ്റോർ ടി 2 എസ്യുവിയിൽ നൽകിയിട്ടുള്ള 18.4 കിലോ വാട്ട് ബാറ്ററിപാക്ക് 90 കിലോ മീറ്റർ റേഞ്ചാണ് നൽകുന്നത്. ഫുൾ ടാങ്ക് പെട്രോളിനൊപ്പം ഈ ബാറ്ററി പാക്കും കൂടി ചേർന്നുള്ള ആകെ റേഞ്ച് 1200 കിലോ മീറ്റർ ആണെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. 6.6 കിലോ വാട്ട് എ.സി. ചാർജർ ഉപയോഗിച്ച് 3.30 മണിക്കൂർ കൊണ്ടും 50 കിലോവാട്ട് ഡി.സി. ചാർജർ ഉപയോഗിച്ച് 27 മിനിറ്റിൽ 80% ബാറ്ററി ചാർജ് ചെയ്യാനും സാധിക്കും.