ഹോണ്ട സിറ്റി, ഇന്ത്യൻ വാഹന വിപണിയിലെ എസ്‌യുവികളുടെ കുത്തൊഴുക്കിലും കരുത്തോടെ പിടിച്ചുനിന്ന സെഡാൻ. ഇന്ത്യൻ നിരത്തുകളിൽ കാൽനൂറ്റാണ്ടിൽ കവിഞ്ഞ പാരമ്പര്യം അവകാശപ്പെടാൻ സാധിക്കുന്ന സിറ്റിയെ സെഡാൻ സൗന്ദര്യത്തിന്റെ പര്യായമായാണ് വിശേഷിപ്പിക്കുന്നത്. ഒരോ തലമുറ മാറ്റത്തിലും സൗന്ദര്യത്തിന്റെ ഭാവം മാറിവരുന്ന സിറ്റിയുടെ അഞ്ചാം തലമുറയുടെ രണ്ടാമത്തെ മുഖംമിനുക്കിയ പതിപ്പാണ് ഇപ്പോൾ നിരത്തുകളിൽ എത്തിയിരിക്കുന്നത്. പതിവ് തെറ്റിക്കാതെ ഏറെ സ്റ്റൈലിഷായി ഒരുങ്ങിയിട്ടുള്ള പുതിയ ഹോണ്ട സിറ്റിയെ അടുത്തറിയാം.

To advertise here,

സെഡാൻ സൗന്ദര്യം

സെഡാൻ സൗന്ദര്യത്തിന്റെ പര്യായം എന്ന വിശേഷണം സിറ്റിയെ സംബന്ധിച്ച് വെറതെ വന്നുചേർന്ന ഒന്നല്ല. ഓരോ തലമുറ മാറ്റത്തിലും മുഖംമിനുക്കലിലും വരുത്തിയിട്ടുള്ള ഞെട്ടിക്കുന്ന പുതുമകളിലൂടെ ആർജിച്ചതാണ്. അഞ്ചാം തലമുറ സിറ്റിയിൽ വരുത്തിയ ഈ രണ്ടാം മുഖംമിനുക്കലിലും പതിവ് കീഴ്‌വഴക്കം തെറ്റിച്ചിട്ടില്ല. ഡിസൈനിൽ അടിമുടി മാറ്റമാണ് വരുത്തിയിരിക്കുന്നത്. ഇതിനൊപ്പം കറുപ്പ് നിറത്തിന്റെ തിരിച്ചുവരവും ഈ വരവിൽ സിറ്റിയിലുണ്ട്.

2026 സിറ്റിയുടെ പ്രത്യേകതകൾ എടുത്ത് പറയേണ്ടതാണ്. മുഖത്തിന്റെ ഷേപ്പ് പൂർണമായും മാറിയിട്ടുണ്ട്. സിറ്റിക്ക് ഇതുവരെ ഉണ്ടായിരിക്കുന്നത് ഒരു എക്‌സിക്യുട്ടീവ് ലുക്ക് ആയിരുന്നെങ്കിൽ ഇത്തവണ അത് അൽപ്പം സ്‌പോർട്ടിയായിട്ടുണ്ട്. അത് മുഖത്തുനിന്ന് വായിച്ചെടുക്കാം. ഹെഡ്‌ലാമ്പ് കൂടുതൽ നേർത്തതായി. കണ്ണിന് മുകളിൽ പുരികമെന്ന പോലെയാണ് ഇതിലെ ഡിആർഎൽ ലൈറ്റ് നൽകിയിരിക്കുന്നത്. ബോണറ്റിന് താഴെയായി എൽഇഡി ലൈറ്റ് സ്ട്രിപ്പ് തെളിഞ്ഞ് നിൽക്കുന്നത് കാണാം.

മുമ്പ് ഗ്രില്ലിൽ സ്ഥാനമുറപ്പിച്ചിരുന്ന ഹോണ്ടയുടെ ലോഗോ ബോണറ്റിലേക്ക് സ്ഥാനമാറ്റം നേടിയിട്ടുണ്ട്. ഹണി കോമ്പ് ഡിസൈനിലാണ് ഗ്രില്ല്. താരതമ്യേന ചെറുതാണെങ്കിലും അതും സൗന്ദര്യത്തിന് മാറ്റേകുന്നുണ്ട്. അത്യാവശ്യം വലിപ്പത്തിൽ തന്നെയാണ് എയർഡാം ഒരുങ്ങിയിരിക്കുന്നത്. ഗ്രില്ലിന്റെ തുടർച്ചയായി തോന്നിക്കുന്ന തരത്തിലാണ് ഇതിന്റെ ഡിസൈൻ. ഷാർപ്പ് എഡ്ജുകളുമായാണ് ബമ്പർ ഒരുക്കിയിരിക്കുന്നത്. സാധാരണ ഫോഗ്‌ലാമ്പുകൾ നൽകുന്ന ഇടം എയർ കർട്ടണായി ഒഴിച്ചിട്ടതും ഈ വരവിലെ മാറ്റമാണ്.

സൈഡ് പ്രൊഫൈലിലാണ് കാര്യമായ മാറ്റം ഇല്ലാത്തത്. 16 ഇഞ്ച് അലോയി വീലാണ് ഇതിൽ. ചെറിയ ഡിസൈൻ മാറ്റത്തിനൊപ്പം ഇരട്ട നിറത്തിലാണിത്. ടെയ്ൽലാമ്പ് വശങ്ങളിൽനിന്ന് തന്നെ ആരംഭിക്കും. ക്ലിയർ ലെൻസ് ഗ്ലാസുകളിലാണ് ടെയ്ൽലാമ്പ് തീർത്തിരിക്കുന്നത്. സ്‌മോഗ്ഡ് എഫക്ടിനൊപ്പം ഒരു എൽഇഡി സ്ട്രിപ്പും ഇതിലുണ്ട്. സിറ്റി ബാഡ്ജിങ്ങിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഇത്രയുമാണ് രണ്ടാം മുഖമിനുക്കലിൽ വരുത്തിയിട്ടുള്ള പുതുമകൾ.

സൗകര്യം ഇഷ്ടംപോലെ

അകത്തളത്തിലെ ഫിറ്റ് ആൻഡ് ഫിനിഷിങ്‌ 2023-ൽ എത്തിയ സിറ്റിയെ പോലൊ തന്നെയാണ്. എന്നാൽ, ഫീച്ചറുകളിലും മറ്റും ഏതാനും കൂട്ടിച്ചേർക്കലുകളുണ്ട്. ഇരട്ട നിറത്തിലാണ് ഇന്റീരിയർ ഒരുങ്ങിയിരിക്കുന്നത്. ബ്ലാക്കിനൊപ്പം ഐവറി നിറമാണ് ഇത്തവണ സിറ്റിയുടെ അകത്തളത്തിൽ സ്ഥാനം നേടിയത്. ഡാഷ്‌ബോർഡിലും ഡോർ പാഡിലും സീറ്റുകളിലുമെല്ലാം ഐവറി സാന്നിധ്യം കാണാം. ഡാഷ്‌ബോർഡിൽ ബ്ലാക്ക് ഐവറി നിറങ്ങൾക്കിടയിൽ നൽകിയ സിൽവർ എലമെന്റും അലങ്കാരത്തിന്റെ മാറ്റ് കൂട്ടുന്നു.

ഇനി ഫീച്ചറിലേക്ക്, 10.1 ഇഞ്ച് വലിപ്പത്തിലുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് പുതിയ സിറ്റിയിലുള്ളത്. ക്ലൈമറ്റ് കൺട്രോൾ സിസ്റ്റത്തിൽ നോബുകൾ നൽകി യൂസർ ഫ്രണ്ട്‌ലിയാക്കിയിട്ടുണ്ട്. ഇതിന്റെ വശങ്ങളിലാണ് വെന്റിലേറ്റഡ് സീറ്റിന്റെ സ്വിച്ചുകൾ. ആവശ്യത്തിനുള്ള സ്‌റ്റോറേജ് സ്‌പേസുകളും കപ്പ് ഹോൾഡറുകളും സെന്റർ കൺസോളിൽ നൽകിയിട്ടുണ്ട്. ലെതർ ആവരണത്തിൽ ഒരുങ്ങിയിട്ടുള്ള ഗിയർ ലിവർ, ആം റെസ്റ്റിന് സമീപത്തായി നൽകിയിരിക്കുന്ന വയർലെസ് ചാർജിങ് പാഡ് എന്നിവയും ഒന്നാം നിരയിലുണ്ട്.

സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീൽ, വെന്റിലേറ്റഡ് സീറ്റ് തുടങ്ങിയ ഫീച്ചറുകൾ ക്യാബിനിന് പ്രീമിയം ഫീൽ നൽകുന്നു. മികച്ച യാത്രാനുഭവം ഉറപ്പുവരുത്തുന്ന രീതിയിലാണ് പിൻനിര സീറ്റുകൾ ഒരുക്കിയിരിക്കുന്നത്. സോഫ്റ്റ് കുഷ്യനുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കപ്പ് ഹോൾഡറുകൾ നൽകിയിട്ടുള്ള സെന്റർ ആംറെസ്റ്റ്, എസി വെന്റുകൾ, സി-ടൈപ്പ് ചാർജറുകൾ, ഉയർന്ന ലെഗ്‌റൂം എന്നിങ്ങനെ നീളും രണ്ടാം നിരയിലെ സൗകര്യങ്ങൾ.

സിറ്റിയിൽ സേഫാണ്

സുരക്ഷയിലെ അപ്‌ഡേഷനും സിറ്റിയുടെ ഈ വരവിലെ ഹൈലൈറ്റാണ്. ഹോണ്ട സെൻസ് ക്യാമറ ബെയ്‌സ്ഡ് അഡാസ് സംവിധാനമാണ് പുതിയ സിറ്റിൽ ചേർത്തിരിക്കുന്നത്. കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിങ്, അഡാപ്റ്റീവ് ക്രൂ കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ എന്നിവയാണ് അഡാസിൽ അധിഷ്ഠിതമായ സുരക്ഷ സംവിധാനങ്ങൾ. 360 ഡിഗ്രി ക്യാമറ, ലെയ്ൻ വാച്ച് ക്യാമറ തുടങ്ങിയവയ്‌ക്കൊപ്പം ആറ് എയർബാഗുകൾ ഉൾപ്പെടെ അടിസ്ഥാന ഫീച്ചറുകൾ വേറെയുമുണ്ട്.

ഒന്നും മാറിയില്ല

മെക്കാനിക്കലായ മാറ്റങ്ങൾ വരുത്താതെയാണ് പുതിയ ഹോണ്ട സിറ്റി എത്തിയിരിക്കുന്നത്. 121 പിഎസ് പവറും 145 എൻഎം ടോർക്കുമേകുന്ന 1.5 ലിറ്റർ ഐ-വിടെക് പെട്രോൾ എൻജിൻ, 126 പിഎസ് പവറും 253 എൻഎം ടോർക്കുമേകുന്ന 1.5 ലിറ്റർ ഇ-എച്ച്ഇവി സ്‌ട്രോങ് ഹൈബ്രിഡ് എന്നിവയാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. ആറ് സ്പീഡ് മാനുവൽ, സിവിടി, ഇ-സിവിടി എന്നിവയാണ് സിറ്റിയിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ. പെട്രോൾ എൻജിൻ പതിപ്പുകൾ 17.97 കിലോമീറ്റർ വരെ ഇന്ധനക്ഷമത ഉറപ്പാക്കുമ്പോൾ ഹൈബ്രിഡ് പതിപ്പ് 27.26 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്.

ഡ്രൈവ് ചെയ്യാനും കൊള്ളാം

സിറ്റിയുടെ ഹൈബ്രിഡ് പതിപ്പാണ് ഓടിച്ചത്. ഇലക്ട്രിക് വാഹനം ഓടിക്കുന്നതിന് സമാനമായ ഡ്രൈവിങ് അനുഭവമാണ് ഈ വാഹനത്തിൽ ലഭിക്കുക. എൻജിൻ നൽകുന്ന ഇൻസ്റ്റന്റ് ടോർക്ക് ട്രാഫിക്കിലും ഹൈവേയിലും മികച്ച പ്രകടനം ഉറപ്പാക്കുന്നുണ്ട്. പവർ കുറവാണെന്ന ഫീൽ ഒരു പോയന്റിലും ഉണ്ടാകുന്നില്ലെന്നതും ഡ്രൈവിങ്ങിൽ അറിയാം. വാഹനത്തിന്റെ വേഗം, ത്രോട്ടിൽ റെസ്‌പോൺസ് എന്നിവയുടെ അടിസ്ഥാനത്തിൽ വാഹനം തനിയെ ഇലക്ട്രിക് മോഡ്, ഹൈബ്രിഡ് മോഡ്, എൻജിൻ മോഡ് എന്നിവയിലേക്ക് മാറും. വേഗമെടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ വാഹനം പെട്രോൾ എൻജിനിലേക്ക് മാറും. സ്പീഡ് ക്രൂയിസിങ്ങിലും ഓവർടേക്കിങ്ങിൽ ഉൾപ്പെടെ മികച്ച പ്രകടനമാണ് സിറ്റിയിലെ പെട്രോൾ എൻജിൻ ഉറപ്പാക്കുന്നത്.

സസ്‌പെൻഷൻ, സ്റ്റിയറിങ് തുടങ്ങിയവയുടെ ക്രമീകരണവും പ്രശംസനീയമാണ്. മികച്ച ട്യൂണിങ്ങാണ് സസ്‌പെൻഷനിൽ വരുത്തിയിരിക്കുന്നത്. സെഡാന്റെ പൊതുവേയുള്ള യാത്രസുഖത്തിനൊപ്പം റോഡിലെ കുഴികളും ഹമ്പുകളും റോഡ് ജോയന്റുകളുമെല്ലാം നൽകുന്ന കുലുക്കം സസ്‌പെൻഷൻ പൂർണമായും ആഗിരണം ചെയ്യുന്നുണ്ട്. സ്റ്റിയറിങ് വളരെ ഫ്രീയാണ്. കുറഞ്ഞ വേഗത്തിൽ വളരെ ഈസിയായി തിരിക്കാൻ സാധിക്കുന്നതിനൊപ്പം ഉയർന്ന വേഗത്തിൽ സ്റ്റിയറിങ്ങിൽ കൂടുതൽ വെയിറ്റ് ഫീൽ ചെയ്യുന്നുണ്ട്. ഒരു പരിധിവരെ അഡാപ്റ്റീവ് സ്റ്റിയറിങ് വീലിന്റെ ഫീച്ചറുകൾ നൽകുന്നുണ്ടെന്ന് സാരം. മുൻനിരയിലും പിൻനിരയിലും യാത്രാസുഖവും സിറ്റി ഉറപ്പാക്കുന്നു.