ന്ത്യയുടെ വാഹന വിപണിയുടെ സാധ്യത ഏറ്റവുമധികം തിരിച്ചറിഞ്ഞിട്ടുള്ളത് ജാപ്പനീസ് വാഹന നിര്‍മാതാക്കളാണ്. അതുകൊണ്ടുതന്നെയാണ് സുസുക്കി, ടൊയോട്ട തുടങ്ങിയ കമ്പനികള്‍ക്ക് ഇന്ത്യയില്‍ വേരൂന്നി വളരാന്‍ സാധിച്ചത്. ഇന്ത്യയിലെ ഒരു കമ്പനിയുമായുള്ള സഹകരണം തന്നെയാണ് ഈ കമ്പനികളുടെയെല്ലാം വിജയത്തിന്റെ രഹസ്യവും. എന്നാല്‍, ഇന്ത്യയില്‍ എത്തി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മറ്റ് കമ്പനികളുമായി കൈകോര്‍ക്കാതെയാണ് ഇപ്പോഴും ഹോണ്ടയുടെ പ്രയാണം. ഇത് ഒന്ന് മാറ്റിപിടിക്കാനുള്ള നീക്കങ്ങളിലാണ് ഹോണ്ട എന്നാണ് ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

To advertise here,

ഇന്ത്യയിലെ ഏതെങ്കിലും വാഹന നിര്‍മാതാക്കളുമായി കൈകോര്‍ക്കാനുള്ള ശ്രമങ്ങളാണ് ഹോണ്ട നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. വാഹനങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ കൈമാറ്റം ചെയ്യുന്നതിനും, വാഹനങ്ങളും സാങ്കേതികവിദ്യയും പങ്കിടുന്നതിനും സന്നദ്ധതയുള്ള കമ്പനികളുമായായിരിക്കും ഹോണ്ട സഹകരിക്കുകയെന്നാണ് ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു സ്വതന്ത്ര കമ്പനിയായി നിലനിന്നിരുന്ന ഹോണ്ടയെ സംബന്ധിച്ച് സുപ്രധാന നീക്കമായാണ് ഈ പദ്ധതിയെ വിലയിരുത്തുന്നത്.

അതേസമയം, ഹോണ്ടയുമായി കൈകോര്‍ക്കുന്ന കമ്പനിക്ക് എന്തെല്ലാമായിരിക്കും ഇവര്‍ നല്‍കുകയെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. ഫുള്‍ ബാഡ്ജ് എന്‍ജിനീയറിങ് മോഡലുകള്‍, പ്ലാറ്റ്‌ഫോമുകള്‍, പവര്‍ട്രെയിനുകള്‍ തുടങ്ങിയവ മുതല്‍ ഹോണ്ടയില്‍ നിന്ന് നിരത്തുകളില്‍ എത്താനൊരുങ്ങുന്ന സീറോ സീരീസ് ഇലക്ട്രിക് വാഹനങ്ങളുടെ അസിമോ സോഫ്റ്റ്‌വെയര്‍ ഓപ്പറേറ്റിങ് സിസ്റ്റം വരെ ഹോണ്ട നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹോണ്ടയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യ ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ക്കും ഉപയോഗപ്പെടുത്താനാകും.

വാഹന വ്യവസായത്തിന്റെ ചിലവ് വര്‍ധിച്ചതാണ് കമ്പനികള്‍ പങ്കാളികളെ തേടുന്നതിന്റെ കാരണങ്ങളിലൊന്ന്. ഇലക്ട്രിക് വാഹനങ്ങളും സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത വാഹനങ്ങളും വാഹനത്തിനുള്ളില്‍ നല്‍കുന്ന അഡ്വാന്‍സ്ഡ് സംവിധാനങ്ങളും വികസിപ്പിക്കുന്നതിന് ഭാരിച്ച ചിലവാണ് വരുന്നത്. മാരുതി-ടൊയോട്ട, സ്‌കോഡ-ഫോക്‌സ്‌വാഗണ്‍, റെനോ-നിസ്സാന്‍ എന്നീ കമ്പനികള്‍ ചെയ്തത് പോലെ ഉത്പന്നങ്ങള്‍ പങ്കിടുന്നതിലൂടെ ചെലവുകള്‍ പകുതിയായി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഹോണ്ട പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ ഹോണ്ടയുടെ പ്രകടനം താരതമ്യേന കുറവായിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ ജാപ്പനീസ് ഓട്ടോഷോയില്‍ ഹോണ്ട അവതരിപ്പിച്ച ഭാവി പദ്ധതിയില്‍ ഇന്ത്യയെയാണ് ഇവര്‍ പ്രധാന വിപണിയായി കണക്കാക്കിയിരിക്കുന്നത്. ഉത്പന്നങ്ങളും സാങ്കേതികവിദ്യയും കൈമാറുന്നതിനായി ടാറ്റ മോട്ടോഴ്‌സുമായി ഹോണ്ട ചര്‍ച്ച നടത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഏത് തരത്തിലുള്ള കൂട്ടുകെട്ടിനായിരിക്കും ഇരുകമ്പനികളും തയാറാകുകയെന്നും വ്യക്തമല്ല.

Source