വാഹനത്തിന്റെ ഡെലിവറി എന്നത് സോഷ്യല്‍ മീഡിയയിലെ ഒരു സുപ്രധാന കണ്ടന്റാണ്. വൈറലാകാനുള്ള സാധ്യത വാഹനത്തിന്റെ വിലയും സ്വന്തമാക്കുന്ന ആളുടെ പ്രശസ്തിയേയും ആശ്രയിച്ചിരിക്കും. അതുകൊണ്ടുതന്നെ കണ്ടന്റ് പരമാവധി വേറിട്ടതാക്കാനുള്ള പല ശ്രമങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ കാണാറുണ്ട്. ഇത്തരത്തില്‍ ഒരു വേറിട്ട വാഹന ഡെലിവറി വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഒരു കര്‍ഷകന്‍ സ്വന്തമാക്കിയ വാഹനവും അദ്ദേഹം ഷോറൂമിലേക്ക് എത്തിയതുമാണ് ഇപ്പോള്‍ വൈറല്‍.

To advertise here,

കോടികള്‍ വിലയുള്ള ടൊയോട്ടയുടെ അത്യാഡംബര എംപിവിയായ വെല്‍ഫയര്‍ സ്വന്തമാക്കാന്‍ ബെംഗളൂരു സ്വദേശിയായ സഞ്ജു എന്ന കോടീശ്വരനായ കര്‍ഷകന്‍ കാളവണ്ടിയില്‍ എത്തിയതാണ് ഈ കണ്ടന്റിലെ പുതുമ. വളരെ നാടകീയമായി ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോ എസ്എസ്ആര്‍ സഞ്ജു എന്ന അദ്ദേഹത്തിന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. നിരവധി ആഡംബര വാഹനങ്ങള്‍ സ്വന്തമായുള്ള വ്യക്തിയാണ് സഞ്ജു.

വാഹനം വാങ്ങുന്നതിന് ഡീലര്‍ഷിപ്പിലേക്ക് പോകാനുള്ള വണ്ടി റെഡിയാക്കാന്‍ തന്റെ ജീവനക്കാരനോട് ആവശ്യപ്പെടുന്നിടത്തുനിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പോര്‍ഷെ പനമേര, ഫോര്‍ഡ് മസ്താങ്, മസരാട്ടി ലെവന്റെ, ഇന്നോവ ക്രിസ്റ്റ തുടങ്ങിയ വാഹനങ്ങളാണ് സഞ്ജുവിന്റെ ഓഫീസിന് മുന്നില്‍ നിരന്നത്. എന്നാല്‍, ഈ വണ്ടികള്‍ എല്ലാം പറഞ്ഞയച്ച ശേഷം കാളവണ്ടി സ്വയം ഓടിച്ചാണ്‌ അദ്ദേഹം നഗരം ചുറ്റി ടൊയോട്ടയുടെ ഷോറൂമില്‍ എത്തിയത്.

ഷോറൂമില്‍ എത്തിയ ശേഷം ജീവനക്കാരുമായി കുശലം പറഞ്ഞ ശേഷം അദ്ദേഹം ഡീലര്‍ഷിപ്പിലേക്ക് കയറുകയും മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ വെല്‍ഫയര്‍ ഓടിച്ചാണ് മടങ്ങിപ്പോകുന്നത്. 2023-ല്‍ പുറത്തിറങ്ങിയ ടൊയോട്ട വെല്‍ഫയറിന്റെ പുതിയ പതിപ്പാണ് അദ്ദേഹം സ്വന്തമാക്കിയത്. രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഈ എംപിവിക്ക് 1.20 കോടിയും 1.30 കോടിയുമാണ് എക്‌സ്‌ഷോറൂം വില. 2020-ലാണ് അത്യാഡംബര സംവിധാനങ്ങളുമായി ടൊയോട്ട വെല്‍ഫയര്‍ എന്ന എംപിവി ഇന്ത്യയില്‍ എത്തുന്നത്.

TNGA-K പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള വാഹനമാണ് വെല്‍ഫയര്‍. വലിയ 14 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മസാജിങ് സംവിധാനമുള്ള എക്ട്രാ ലാര്‍ജ് സീറ്റുകള്‍, ഓട്ടോമറ്റി സണ്‍ബ്ലൈന്‍ഡ്, കണ്‍ട്രോള്‍ സണ്‍റൂഫ്, ആപ്പ് വഴിയുള്ള പവര്‍ വിന്‍ഡോ, 15 ജെ.ബി.എല്‍ സ്പീക്കറുള്ള സൗണ്ട് സിസ്റ്റം, എട്ട് തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ADAS ടെക്, ഹെഡ്സ് അപ് ഡിസ്പ്ലേ തുടങ്ങി ഫീച്ചറുകളുടെ നീണ്ട നിരയാണ് ഈ വാഹനത്തിലുള്ളത്.

ആഡംബരത്തിനൊപ്പം സുരക്ഷയ്ക്കും ഉയര്‍ന്ന പ്രാധാന്യം നല്‍കിയിട്ടുള്ള വാഹനമാണ് വെല്‍ഫയര്‍. ടൊയോട്ട സേഫ്റ്റി സെന്‍സ് ADAS സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. പ്രീ-കൊളീഷന്‍ സേഫ്റ്റി സിസ്റ്റം, ലെയ്ന്‍ ട്രെയ്സ് അസിസ്റ്റന്‍സ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് മോണിറ്റര്‍ എന്നിവയെല്ലാം ഉള്‍കൊള്ളുന്നതാണ് ഇത്. കൂടാതെ ആറ് എയര്‍ബാഗുകള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ തുടങ്ങി നിരവധി ഫീച്ചറുകളും സുരക്ഷ വര്‍ധിപ്പിക്കുന്നു.

പ്ലാറ്റിനം പേള്‍ വൈറ്റ്, ജെറ്റ് ബ്ലാക്ക്, പ്രെഷ്യസ് മെറ്റല്‍ എന്നിങ്ങനെ മൂന്ന് കളറുകളിലാണ് പുതിയതലമുറ വെല്‍ഫെയര്‍ ലഭ്യമാകുക. സണ്‍സെറ്റ് ബ്രൗണ്‍, നാച്ചുറല്‍ ബെയ്ജ് ആന്‍ഡ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് തീമുകളിലുള്ള ക്യാബിന്‍ ഓപ്ഷനുകളും ലഭ്യമാണ്. 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡി.ഒ.എച്ച്.സി. പെട്രോള്‍ എന്‍ജിനാണ് ടൊയോട്ട വെല്‍ഫയര്‍ എം.പി.വിയ്ക്ക് കരുത്തേകുന്നത്. 190 ബിഎച്ച്പി പവും 240 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. 19.28 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്.