മാവേലിക്കര : ആതിരപ്പാട്ടിന്റെ ഈണത്തിൽ അംഗനമാർ ചുവടുവെച്ചപ്പോൾ വിരിഞ്ഞതു തിരുവാതിരയുടെ നാട്യസൗന്ദര്യം. മാവേലിക്കര താലൂക്ക് എൻ.എസ്.എസ.് യൂണിയന്റെ നേതൃത്വത്തിൽനടന്ന തിരുവാതിര മത്സരത്തിലാണ് യൂണിയന്റെ കീഴിലുള്ള വിവിധ കരയോഗങ്ങളിൽനിന്നുള്ള തിരുവാതിര സംഘങ്ങൾ മാറ്റുരച്ചത്. തിരുവാതിരയുടെ ചിട്ടവട്ടത്തിലായിരുന്നു ഓരോ സംഘവും തങ്ങളുടെ മികവു പ്രകടമാക്കിയത്. ഈശ്വരസ്തുതിയിൽ തുടങ്ങി ഏശൽ, കുറത്തി, കുമ്മി, വന്ദനം എന്നിവയിലൂടെ കടന്നാണ് ഓരോ സംഘവും തിരുവാതിര അവതരിപ്പിച്ചത്. എട്ടുമുതൽ 12 വരെ അംഗങ്ങൾ അണിനിരന്ന തിരുവാതിരക്കളി കാണാൻ നൂറുകണക്കിന് ആളുകളാണ് മാവേലിക്കര താലൂക്ക് യൂണിയൻ എൻ.എസ്.എസ്. ഹാളിൽ എത്തിയത്.
യൂണിയനിലെ 101 കരയോഗങ്ങളിൽനിന്നും മേഖലാടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട തിരുവാതിര സംഘങ്ങളാണു മത്സരിച്ചത്. വനിതാ യൂണിയൻ പ്രസിഡന്റ് ശ്രീലതാ രമേശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് എക്‌സ്‌പേർട്ട് മെമ്പറും യൂണിയൻ പ്രസിഡന്റുമായ സുനിൽചന്ദ്രൻ വള്ളികുന്നം മത്സരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സതീഷ് ചെന്നിത്തല, സെക്രട്ടറി വി.ആർ. സാനിഷ് കുമാർ, വനിതാ യൂണിയൻ സെക്രട്ടറി ദീപാ ജി. നായർ, ജയശ്രീ ചന്ദ്രൻ, ചിത്രലേഖ, സ്മിതാ രാജേന്ദ്രൻ, എൻ.എസ്. എസ്. ഇൻസ്‌പെക്ടർ കെ.എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ 1683-ാം നമ്പർ ഒരിപ്രം എൻ.എസ്.എസ്. കരയോഗത്തെ പ്രതിനിധാനം ചെയ്ത ടീം മന്നത്തു പാർവതിയമ്മ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കും ക്യാഷ് അവാർഡിനും അർഹരായി. 1500-ാംനമ്പർ കാരാഴ്മ കിഴക്ക് എൻ.എസ്.എസ്. കരയോഗത്തിലെ ടീമിനു രണ്ടാംസ്ഥാനവും 4484-ാം നമ്പർ വള്ളികുന്നം വിദ്യാധിരാജ എൻ.എസ്.എസ്. കരയോഗത്തിലെ ടീമിനു മൂന്നാംസ്ഥാനവും ലഭിച്ചു.
Published: 28 Sept 2026, 01:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented