കൊല്ലം : ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി പണി പൂർത്തിയായ ഭാഗങ്ങളെല്ലാം ഇതിനകം ഗതാഗതത്തിനു തുറന്നുകൊടുത്തിട്ടുണ്ട്. കുരീപ്പുഴമുതൽ അയത്തിൽവരെയുള്ള യാത്രയിൽ കടവൂർ ഒഴിച്ചാൽ മറ്റു ഭാഗങ്ങളിലെല്ലാം ഗതാഗതം സുഗമമായി. ഇനി യാത്രക്കാരുടെ ഊഴമാണ്. നമ്മുടെ ഗതാഗതശീലങ്ങൾ പലതും ദേശീയപാതയ്ക്കു പുറത്ത് ഉപേക്ഷിക്കേണ്ടിവരും. പുതിയൊരു ഗതാഗതസംസ്കാരം ശീലിച്ചില്ലെങ്കിൽ ആറുവരിപ്പാത അപകടപ്പാതയാകുമെന്നതിൽ സംശയമില്ല. ഉദ്ഘാടനത്തിനു മുൻപുതന്നെ ഉണ്ടായ ചെറുതും വലുതുമായ അപകടങ്ങൾ ഇതിന്റെ തെളിവാണ്.

To advertise here,

വേഗം കുറയ്ക്കാം

:കല്ലുംതാഴം ഉയരപ്പാതയിലെ ഒരു ഭാഗംകൂടി തുറന്നതോടെ ആറുവരിപ്പാതയിൽ വാഹനങ്ങൾ പറക്കുകയാണ്. പലയിടത്തും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നിലനിൽക്കുന്നതിനാൽ ഒരു സെക്കൻഡ് സമയത്തെ ശ്രദ്ധക്കുറവു മതി അപകടമുണ്ടാകാൻ. അപകടമുന്നറിയിപ്പ് ബോർഡുകളും സുരക്ഷാബോർഡുകളും പലയിടത്തും സ്ഥാപിച്ചുവരുന്നുണ്ട്.

ഓട്ടോ, ഇരുചക്രവാഹനങ്ങൾ, ട്രാക്ടർപോലുള്ളവ സർവീസ് റോഡിലൂടെയാണ്‌ പോകേണ്ടതെങ്കിലും കല്ലുംതാഴത്ത് സർവീസ് റോഡ്‌ ഇല്ലാത്തതിനാൽ എല്ലാവരും ആറുവരിപ്പാതയാണ് ഉപയോഗിക്കുന്നത്.

ദൂരം ലാഭിക്കാൻ തെറ്റായ വശത്തുകൂടി കയറി, ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ചുപോകുന്ന വാഹനങ്ങളുമുണ്ട്. ഇത് അപകടം വരുത്തിവയ്ക്കുമെന്ന് നിയമപാലകരും പറയുന്നു.

മങ്ങാട്ടെത്തിയാൽ ഉയരപ്പാതയിൽ കയറാം

: സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ കല്ലുംതാഴം ഉയരപ്പാതയിൽ കയറണമെങ്കിൽ മങ്ങാട് അപ്പൂപ്പൻനട അടിപ്പാതയ്ക്കു സമീപം മങ്ങാട് പാലത്തിനടുത്തുനിന്നു ചുറ്റി ആറുവരിയിൽ കയറാനാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇതൊന്നും നോക്കാതെ കയറിപ്പോകാനാകുന്ന വഴികളിലൂടെ ഉയരപ്പാത കടക്കുകയാണ് ഭൂരിഭാഗം പേരും. സർവീസ് റോഡുകളിൽ എതിരേ എപ്പോൾ വേണമെങ്കിലും വാഹനം വരാമെന്ന ധാരണയിൽ വണ്ടിയോടിച്ചേ മതിയാകൂ. ഓരോ ജങ്ഷനിലും അങ്ങേയറ്റം ശ്രദ്ധിച്ചി​ല്ലെങ്കിൽ അപകടം ഉറപ്പ്‌. ദേശീയപാതയിലേക്ക് കയറുന്നതും ഇറങ്ങുന്നതുമായ കവാടങ്ങളിൽ വേഗം കുറയ്ക്കുകയും ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോൾ വലതുഭാഗത്തുനിന്ന് വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ട്രാഫിക് പോലീസ് പറയുന്നു.