ആലപ്പുഴ : പകർച്ചവ്യാധികൾ പിടിമുറുക്കിയ ജില്ലയിൽ എലിപ്പനി അപകടകാരിയാകുന്നു. 11 ദിവസത്തിനിടെ രണ്ടുപേരാണ് എലിപ്പനി ബാധിച്ചുമരിച്ചത്. രണ്ടുപേരും ചേർത്തല താലൂക്കിലുള്ളവരാണ്. ഓഗസ്റ്റ് 24-ന് കടക്കരപ്പള്ളിയിൽ 73 വയസ്സുകാരനും സെപ്റ്റംബർ നാലിന് പള്ളിപ്പുറത്ത് 58 വയസ്സുകാരിയുമാണ് മരിച്ചത്.

To advertise here,

ജില്ലയുടെ വടക്കൻ മേഖലയിലാണ് രണ്ടുമരണമുണ്ടായതെങ്കിലും തെക്കൻ മേഖലയിലും എലിപ്പനി ദിവസവും റിപ്പോർട്ടുചെയ്യുന്നുണ്ട്. മാവേലിക്കര, തൃക്കുന്നപ്പുഴ, തലവടി, കുപ്പപ്പുറം, കഞ്ഞിക്കുഴി മേഖലകളിൽ കഴിഞ്ഞദിവസങ്ങളിൽ എലിപ്പനി റിപ്പോർട്ടുചെയ്തു. രോഗം നേരത്തേ കണ്ടെത്തി ചികിത്സിച്ചാലേ മരണം ഒഴിവാക്കാനാകൂ.

അടുത്തിടെ ആരും മരിച്ചില്ലെങ്കിലും ഡെങ്കിപ്പനിയും ഭീതിപരത്തുകയാണ്. ദിവസവും ഒട്ടേറെപ്പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടുന്നുണ്ട്.

ഈമാസം 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മഴ മാറിയെങ്കിലും കെട്ടിക്കിടന്ന വെള്ളത്തിൽ ഈഡിസ് കൊതുകു പെരുകിയതാണ് രോഗവ്യാപനത്തിനു കാരണമായത്.

 

പ്രതിരോധ ഗുളികയുണ്ട്; കഴിക്കാൻ മടി

അഴുക്കുവെള്ളത്തിലും മറ്റും ജോലിക്കിറങ്ങുന്നവർ എലിപ്പനി പ്രതിരോധമരുന്നായ ഡോക്‌സി സൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കാറുണ്ട്.

പക്ഷേ, പലരും അതൊന്നും കാര്യമായെടുക്കാറില്ല. കാലിലോ കൈയിലോ മുറിവുണ്ടെങ്കിൽ ഒരുകാരണവശാലും അഴുക്കുവെള്ളത്തിലിറങ്ങരുത്.

ലക്ഷണങ്ങൾ

ഡെങ്കിപ്പനി: ശരീരവേദന, സന്ധിവേദന, വിട്ടുമാറാത്ത ക്ഷീണം, തലവേദനയോടുകൂടിയ ജ്വരം, വിറയൽ. രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുത്തനെ കുറഞ്ഞാൽ സങ്കീർണമാകും.

എലിപ്പനി: ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച, ശരീരവേദന, തലവേദന, ഛർദി. ചില ആളുകൾക്ക് വിശപ്പില്ലായ്മ, മനംപുരട്ടൽ, കണ്ണിനുചുവപ്പ്, നീർവീഴ്ച, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം.

ലക്ഷണം ഒരുപോലെ, വേണ്ടത് രോഗം തിരിച്ചറിഞ്ഞുള്ള ചികിത്സ

രണ്ടുവർഷം മുൻപ് അരൂരിൽ എലിപ്പനി ബാധിച്ച് 48 വയസ്സുകാരി മരിച്ചു. ഡെങ്കിപ്പനിയാണെന്നു കരുതിയാണ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽനിന്ന് ഇവർക്ക് ആദ്യം ചികിത്സ നൽകിയത്. ആരോഗ്യസ്ഥിതി വഷളായതോടെ എറണകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടത്തെ പരിശോധനയിലാണ് എലിപ്പനിയാണെന്നു സ്ഥിരീകരിച്ചത്. രണ്ടിന്റെയും ലക്ഷണങ്ങൾ ഏറെക്കുറെ ഒന്നായതിനാൽ രോഗം തിരിച്ചറിഞ്ഞുള്ള ചികിത്സ അനിവാര്യമാണ്.