നൂറനാട് ലെപ്രസി സാനറ്റോറിയം ഗവ. സ്‌പെഷ്യാലിറ്റി ആശുപത്രി
ചാരുംമൂട് : നൂറനാട് ലെപ്രസി സാനറ്റോറിയം വളപ്പിലെ ഗവ. സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ രജിസ്‌ട്രേഷൻ കൗണ്ടറിലെ തിരക്ക് പരിഹരിക്കുന്നതിനായി ത്വഗ്രോഗവിഭാഗത്തിനായി തിങ്കളാഴ്ചമുതൽ പുതിയ രജിസ്‌ട്രേഷൻ കൗണ്ടർ പ്രവർത്തിച്ചുതുടങ്ങും. ത്വഗ്രോഗവിഭാഗത്തിലെത്തുന്ന രോഗികൾക്കായി പ്രത്യേക കാത്തിരിപ്പുസ്ഥലവും സജ്ജീകരിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി. ഇടപെട്ടതിനെത്തുടർന്നാണ് പുതിയ ക്രമീകരണങ്ങൾ നടത്തുന്നത്. ആശുപത്രിയിലെത്തുന്ന രോഗികൾ തിരക്കുകാരണം നേരിടുന്ന ബുദ്ധിമുട്ടുകൾ മാതൃഭൂമി കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു.
ദിവസേന അഞ്ഞൂറിൽപ്പരം രോഗികളാണ് ചികിത്സയ്ക്കായി എത്തുന്നത്. ഒ.പി. കൗണ്ടറുകളിൽ മണിക്കൂറുകളോളം വരിനിന്നുവേണം ടിക്കറ്റ് എടുക്കാൻ. ഇതിനായി രോഗികൾക്കു രാവിലെ ആറുമുതൽ വരിനിൽക്കേണ്ടി വരുന്നു. മണിക്കൂറുകളുടെ കാത്തുനിൽപ്പ് ഒഴിവാക്കാനായി ആരോഗ്യവകുപ്പിന്റെ ഇ-ഹെൽത്ത് സംവിധാനം വഴി ഓൺലൈനിൽ ഒ.പി. ടിക്കറ്റ് ലഭ്യമാക്കണമെന്നും ഡോക്ടർമാരുടെ ഡ്യൂട്ടിസമയം വൈകീട്ട് അഞ്ചുവരെയാക്കണമെന്നും കൂടുതൽ ഡോക്ടർമാരെയും ഫാർമസിസ്റ്റുകളെയും ജീവനക്കാരെയും നിയമിക്കണമെന്നും വാർത്തയിൽ പറഞ്ഞിരുന്നു.
ആശുപത്രിയിലെ ത്വഗ്രോഗവിഭാഗത്തിലാണ് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയ്ക്കെത്തുന്നത്. ത്വഗ്രോഗവിഭാഗത്തിൽ എത്തുന്ന രോഗികളും മറ്റു വിഭാഗങ്ങളിലെ രോഗികളും ഒരേ രജിസ്‌ട്രേഷൻ കൗണ്ടറിനെ ആശ്രയിക്കേണ്ടി വരുന്നതിനാലാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. പ്രത്യേക കൗണ്ടർ ഏർപ്പെടുത്തുന്നതോടെ രോഗികളുടെ രജിസ്‌ട്രേഷൻ നടപടികൾ വേഗത്തിലാക്കാനും ജനറൽ വിഭാഗത്തിലെ തിരക്കു കുറയ്ക്കാനും സാധിക്കും.
ത്വഗ്രോഗവിഭാഗത്തിൽ ഇരുനൂറിൽപ്പരം രോഗികളെ നോക്കാനായി ഒരു ഡോക്ടർ മാത്രമാണുള്ളത്. ആഴ്ചയിൽ മൂന്നുദിവസം വർക്കിങ് അറേഞ്ച്‌മെന്റിൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം അടിയന്തരമായി ലഭ്യമാക്കാനും നടപടിയെടുക്കും. ആഴ്ചയിലെ മുഴുവൻ ദിവസങ്ങളിലും രണ്ടു ഡോക്ടർമാരുടെ സേവനം ത്വഗ്രോഗവിഭാഗത്തിൽ ലഭ്യമാക്കണമെന്ന് എം.പി. ജില്ല മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതോടൊപ്പം ആശുപത്രിയിലെ ജീവനക്കാരുടെ കുറവു പരിഹരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു. നിലവിൽ വർക്കിങ് അറേഞ്ച്‌മെന്റിന്റെ ഭാഗമായി മറ്റ് ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ഗ്രേഡ്-രണ്ട് വിഭാഗത്തിൽപ്പെട്ടവരെ അവരുടെ മാതൃസ്ഥാപനമായ ലെപ്രസി സാനറ്റോറിയം ആശുപത്രിയിലേക്ക് തിരിച്ചുകൊണ്ടുവരണം. ജീവനക്കാരുടെ കുറവ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെയും രോഗികൾക്കു ലഭിക്കുന്ന സേവനങ്ങളെയും ബാധിക്കുന്നത് ഒഴിവാക്കാനാണ് നടപടി ആവശ്യപ്പെട്ടത്.
ആശുപത്രിയിൽ 300 കിടക്കകളുള്ള ബ്ലോക്കാണ് വിഭാവനം ചെയ്തിരുന്നത്. ഇതിൽ 144 കിടക്കകളിലേക്കും 16 ഐ.സി.യു. കിടക്കകളിലേക്കും പൈപ്പ് വഴി ഓക്സിജൻ എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നു പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. സ്ത്രീകൾക്കുള്ള വിഭാഗം, ഒ.പി., ഐ.പി. ബ്ലോക്കുകൾ, 200 കെ.വി.എ. ജനറേറ്റർ സംവിധാനവും ഇവിടെയുണ്ട്. ഡയാലിസിസ് യൂണിറ്റിനായി എം.എൽ.എ. ഫണ്ടിൽനിന്നു രണ്ടുകോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല.
Published: 10 Oct 2026, 02:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented