വാതിലുകൾ അടയ്ക്കാതെ പോകുന്നതായും പരാതി
പൊന്നാനി : കുറ്റിപ്പുറം-പൊന്നാനി പാതയിൽ സ്വകാര്യബസുകൾ സ്റ്റോപ്പുകളിൽ നിർത്താതെപോകുന്നതായി പരാതി. തിരക്കില്ലാത്ത ബസുകൾപോലും രാവിലെ വിദ്യാർഥികളെ കയറ്റാതെപോകുന്ന അവസ്ഥയാണ്.
തവനൂർ, അതാളൂർ, മത്തൂർ, നരിപ്പറമ്പ്, ഗുലാബ് നഗർ, ചമ്രവട്ടം കടവ്, ഈശ്വരമംഗലം തുടങ്ങിയ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ രാവിലെ വിദ്യാർഥികളുൾപ്പെടെയുള്ളവരുടെ വലിയ തിരക്കാണ്. എന്നാൽ, പല ബസുകളും വിദ്യാർഥികളെ കയറ്റാൻ മടിക്കുകയാണെന്നാണ് പരാതി ഉയരുന്നത്. ജീവനക്കാരുടെ മോശം പെരുമാറ്റവും വാതിലുകൾ അടയ്ക്കാതെ സർവീസ് നടത്തുന്നതുമുൾപ്പെടെ വിദ്യാർഥികൾ നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരം വേണമെന്നാണ് ആവശ്യമുയരുന്നത്. നേരത്തേ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. മോട്ടോർവാഹന വകുപ്പും പോലീസും പരിശോധന ശക്തമാക്കണമെന്നും നിയമലംഘനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.
നേരത്തേ വൈകീട്ട് സ്കൂളുകൾ വിടുന്ന സമയത്ത് വിദ്യാലയങ്ങളോട് ചേർന്നുള്ള ബസ്‌സ്റ്റോപ്പുകളിൽ പോലീസിനെ നിരീക്ഷണത്തിനായി നിർത്തിയിരുന്നു. വിദ്യാർഥികളെ കയറ്റാതെ പോകുന്ന ബസുകൾക്കെതിരേ നടപടിയുമുണ്ടായിരുന്നു. എന്നാൽ നിലവിൽ ഇത്തരം നിരീക്ഷണങ്ങളൊന്നുമില്ല.
എ.വി. ഹയർ സെക്കൻഡറി സ്കൂൾ, വിജയമാതാ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, പൊന്നാനി ഹയർ സെക്കൻഡറി സ്കൂൾ, ബി.ഇ.എം.യു.പി. സ്കൂൾ തുടങ്ങി നാലോളം വിദ്യാലയങ്ങൾ ചമ്രവട്ടം ജങ്ഷനോടു ചേർന്നാണ് പ്രവർത്തിക്കുന്നത്. ബസുകളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ഈ വിദ്യാലയങ്ങളോട് ചേർന്നുള്ള സ്റ്റോപ്പുകളിൽ പോലീസിനെ സ്കൂൾ വിടുന്ന സമയത്ത് നിരീക്ഷണത്തിനായി ഏർപ്പെടുത്തണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
Published: 11 Oct 2026, 02:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented