മാന്നാർ : അമേരിക്കയിലെ ടെക്‌സസ് ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ 2027-ൽ നടക്കുന്ന പുനഃപ്രതിഷ്ഠയോടനുബന്ധിച്ചു നടക്കുന്ന ധ്വജപ്രതിഷ്ഠയ്‌ക്കുള്ള സ്വർണക്കൊടിമരം വെങ്കലനാട്ടിൽനിന്ന്. കുളത്തൂപ്പുഴ ശ്രീധർമശാസ്താക്ഷേത്രം, തൃപ്രയാർ ശ്രീരാമസ്വാമീക്ഷേത്രം, ലോകനാർകാവ് ക്ഷേത്രം, മൃതംഗശൈലേശ്വരീക്ഷേത്രം, ഗുരുവായൂർ കോവിലകം തുടങ്ങിയ ക്ഷേത്രങ്ങളുടെ വിവിധ പണികൾ ചെയ്തിട്ടുള്ള മാന്നാർ കൃഷ്ണകൃപ ഹാൻഡി ക്രാഫ്റ്റാണ് നിർമാണം ഏറ്റെടുത്തത്. കൃഷ്ണകൃപ ഹാൻഡി ക്രാഫ്റ്റ് ഉടമയും ശില്പിയുമായ സുരേഷ് പരുമലയുടെ നേതൃത്വത്തിൽ നിർമാണം പൂർത്തീകരിച്ച കൊടിമരവും അനുബന്ധസാമഗ്രികളും കടൽകടക്കാൻ ഒരുങ്ങുകയാണ്.
ക്ഷേത്രസ്ഥപതി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മേൽനോട്ടത്തിലും നിർദേശത്തിലുമാണ് നിർമാണജോലികൾ നടന്നത്. ആദ്യഘട്ടത്തിൽ ധ്വജരൂപത്തിൽ കണ്ടെത്തിയ വൃക്ഷത്തിന്റെ
തടിപ്പണികൾ മലപ്പുറം സ്വദേശി വിഷ്ണു ആചാരിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. തൈലാധിവാസത്തിനുള്ള പച്ചമരുന്നും എണ്ണയും തയ്യാറാക്കിയത് ഇളങ്കുന്നപ്പുഴ രാജഗോപാലമേനോനാണ്.
കൃഷ്ണകൃപ ഹാൻഡി ക്രാഫ്റ്റിന്റെ നിർമാണശാലയിൽ നടന്ന കൊടിമരം കൈമാറ്റച്ചടങ്ങിനായി അമേരിക്കയിലെ ക്ഷേത്രഭാരവാഹികളായ അജിത്ത് നായർ, സുബിൻ ബാലകൃഷ്ണൻ, രൂപേഷ് അരവിന്ദാക്ഷൻ, ജ്യോതിഷ് എന്നിവർ എത്തിയിരുന്നു. ക്ഷേത്രസ്ഥപതി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, കടപ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിജി ആർ. പണിക്കർ, ബ്ലോക്ക് പഞ്ചായത്തംഗം ഫ്രാൻസിസ് വി. ആന്റണി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ മായാ അനിൽകുമാർ, ശിവദാസ് യു. പണിക്കർ, വാദ്യകലാകാരൻ ശ്രീകുമാർ പല്ലാവൂർ, ശില്പി ശബരീശൻ തുടങ്ങിയവർ പങ്കെടുത്തു.
വിമാനത്തിലും കപ്പലിലും കടൽകടക്കും പെരുമ
കൊടിമരത്തിനായി നിർമാണം പൂർത്തീകരിച്ച 15 സ്വർണപ്പറകളും അനുബന്ധഭാഗങ്ങളും വിമാനമാർഗം അടുത്ത ദിവസംതന്നെ അമേരിക്കയിൽ എത്തിക്കും. 38 അടി പൊക്കമുള്ള കൊടിമരത്തിന്റെ തടി കോട്ടയം വേമ്പിൻകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ എണ്ണത്തോണിയിൽ തൈലാധിവാസത്തിലാണ്.
ഇത് കപ്പൽമാർഗമാണ് അമേരിക്കയിലെത്തിക്കുക. കൊടിമരം സ്ഥാപിക്കുന്നതിനായി അമേരിക്കയിലേക്കു പോകാനുള്ള തയ്യാറെടുപ്പിലാണ് ശില്പി സുരേഷ് പരുമലയും കൂട്ടാളികളും. കൊടിമരനിർമാണത്തിൽ കാൽനൂറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള സുരേഷ്, ശില്പി അർജുനൻ ആചാരിയുടെ മകനാണ്. അമ്പിളിയാണ് സുരേഷിന്റെ ഭാര്യ. മക്കൾ: സുജിത്, ദേവനന്ദ.
കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയമായ ആലുവ ചൊവ്വര ശക്തിരൂപേണ ആദിപരാശക്തി ക്ഷേത്രത്തിന്റെ മൂന്നു കൊടിമരങ്ങളുടെയും ശില്പി സുരേഷ് പരുമലയാണ്. ശ്രീലങ്കയിലെ ട്രിങ്കോമാലി അയ്യപ്പക്ഷേത്രത്തിലേക്കുള്ള കൊടിമരംനിർമാണവും അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞത്തുള്ള പ്രോജെക്റ്റിന്റെ പണികളും ഏറ്റെടുത്തിട്ടുള്ളതും മാന്നാർ കൃഷ്ണകൃപ ഹാൻഡി ക്രാഫ്റ്റാണ്.
Published: 11 Oct 2026, 02:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented