മാന്നാർ : വെള്ളപ്പൊക്ക ദുരിതത്തിൽനിന്നു കരകയറി ജീവിതം സാധാരണനിലയിലേക്ക് എത്തുമ്പോൾ മാന്നാറിന്റെ പടിഞ്ഞാറൻമേഖല കുടിവെള്ളക്ഷാമത്തിന്റെ രൂക്ഷതയിൽ നട്ടംതിരിയുകയാണ്. മാന്നാർ പഞ്ചായത്തിന്റെ പടിഞ്ഞാറൻമേഖലയിലെ 1, 2, 3, 4, 19 വാർഡുകൾ ഉൾപ്പെടുന്ന വള്ളക്കാലി, പാവുക്കര, വിഷവർശ്ശേരിക്കര, ഇരമത്തൂർ, കൊച്ചുതറ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുള്ളത്. കർഷകരും കർഷകത്തൊഴിലാളികളും ഏറെയുള്ള ഈ പ്രദേശങ്ങളിൽ ജലജീവൻ പദ്ധതിയിൽ കുടിവെള്ളമെത്തുന്നത് തീരെ കുറഞ്ഞ അളവിലും ദിവസങ്ങൾ ഇടവിട്ടുമാണ്.

To advertise here,

മാന്നാർ പഞ്ചായത്ത് ഒന്നാം വാർഡിൽ ഒരാഴ്ചയിലേറെയായി കുടിവെള്ളം എത്തിയിട്ട്. നെൽക്കൃഷിക്കായി പാടശേഖരങ്ങളിൽ വെള്ളം വറ്റിക്കുന്നതിനാൽ പമ്പ് ചെയ്യുന്ന ചെളിയും മാലിന്യവും നിറഞ്ഞ വെള്ളം തോട്ടിലേക്ക് എത്തുന്നുണ്ട്. ഇതിനാൽ പ്രാഥമിക ആവശ്യങ്ങൾക്കുപോലും തോട്ടിലെയോ ആറ്റിലെയോ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്.

കുടിവെള്ളം കിട്ടാത്തതിനെത്തുടർന്ന്, ജനപ്രതിനിധികൾ ജല അതോറിറ്റിയുമായി ബന്ധപ്പെട്ടെങ്കിലും പ്രശ്നത്തിനു പരിഹാരമായില്ല. അസിസ്റ്റന്റ് എൻജിനിയറെ പലപ്രാവശ്യം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാറില്ലെന്ന് വാർഡംഗം തന്നെ പരാതിപ്പെടുന്നു. വെള്ളപ്പൊക്കത്തിനുശേഷം കുറച്ചുദിവസം കുടിവെള്ളം കിട്ടാതിരുന്നപ്പോൾ പഞ്ചായത്ത് ഇടപെട്ട് ടാങ്കറുകളിൽ വെള്ളം എത്തിച്ചുനൽകുകയാണുണ്ടായത്.