ചേർത്തല : ദേശീയപാത നിർമാണപ്രവർത്തനങ്ങൾക്കായി കണ്ണങ്കരയിൽ നടത്തുന്ന മണൽഖനനം പ്രദേശത്തുണ്ടാക്കിയ ആഘാതങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കും. ദേശീയപാതാ അതോറിറ്റി, ഖനനം നടത്തുന്ന കമ്പനി, നിർമാണക്കമ്പനി എന്നിവരുടെ പ്രതിനിധികൾ, തണ്ണീർമുക്കം പഞ്ചായത്ത് സെക്രട്ടറി, കർമസമിതി ഭാരവാഹികൾ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ചേർത്തല ഡിവൈ.എസ്.പി. ഓഫീസിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
കണ്ണങ്കര മുതൽ ചെമ്മരപ്പള്ളി വരെയുള്ള റോഡിലുണ്ടാകുന്ന തകരാറുകൾ എല്ലാദിവസവും പരിഹരിക്കാമെന്നും നാലുമാസത്തിനുള്ളിൾ റോഡ് പൂർണമായി ടാർ ചെയ്ത് പൂർവസ്ഥിതിയിലാക്കാമെന്നും കമ്പനികൾ ഉറപ്പുനൽകി. ഡ്രെജ്ജ് ചെയ്തശേഷം കായലോരത്ത് അടിഞ്ഞുകൂടിയ ചെളി കരാർകമ്പനി നീക്കും. പ്രദേശത്തെ ഡ്രെജ്ജിങ്ങിനെത്തുടർന്നു തകരാറിലായ നാലു വീടുകളുടെയും വഴിയോരത്തുള്ള വീടുകളുടെയും തകരാറുകൾ പരിഹരിക്കും. മത്സ്യത്തൊഴിലാളികളുടെ ആശ്രയമായ ചീനവലകൾക്കുണ്ടായ നാശനഷ്ടങ്ങൾ സംഘടനാ പ്രതിനിധികളും കമ്പനി പ്രതിനിധികളും വി.ഇ.ഒ.യും ചേർന്നു പരിശോധിക്കും. നഷ്ടം കമ്പനികൾ നൽകി പരിഹരിക്കാനും തീരുമാനിച്ചു. കണ്ണങ്കരയിൽ പ്രദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്ന മണൽ ഖനനത്തിനെതിരേ പ്രദേശത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്. തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്തടക്കം ഇതിനെതിരേ രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം ഖനനം പുനരാരംഭിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. ഈ സാഹചര്യത്തിലായിരുന്നു പോലീസിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയത്.
Published: 01 Oct 2026, 02:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented