പെരുമ്പള്ളിയിലെ കടലേറ്റം
മുതുകുളം : ആറാട്ടുപുഴ പെരുമ്പള്ളി ജങ്കാർ ജങ്ഷനു വടക്കുഭാഗത്ത് തൃക്കുന്നപ്പുഴ-വലിയഴീക്കൽ തീരദേശ റോഡിലേക്ക് കടൽ കയറുന്നത് ആശങ്കയേറ്റുന്നു. കള്ളക്കടൽ പ്രതിഭാസം മൂലം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലേറ്റം വലിയ ഭീതിയാണ് സൃഷ്ടിച്ചത്. നേരത്തേതന്നെ തകർന്നു തുടങ്ങിയ പാതയ്ക്ക് ഇപ്പോൾ കൂടുതൽ നാശമുണ്ടായി. ഇവിടെ താത്കാലികാശ്വാസം എന്ന നിലയിൽ രണ്ടുവർഷം മുൻപ് സ്ഥാപിച്ച ജിയോബാഗ് ഭിത്തി ഏകദേശം പൂർണമായും നശിച്ചു. ഇപ്പോൾ, കടൽവെള്ളവും മണലും നേരേ തീരദേശ റോഡിലേക്കാണ് അടിച്ചുകയറുന്നത്. ഗതാഗത തടസ്സത്തിനും ഇതു കാരണമാകുകയാണ്.
മുൻപ് ഈ ഭാഗം നാട്ടുകാരുടെയും വിനോദത്തിനെത്തുന്നവരുടെയും വിശ്രമകേന്ദ്രമായിരുന്നു. ഒൻപതുവർഷം മുൻപ് റോഡും കടലുമായി എഴുപത് മീറ്ററോളം അകലമുണ്ടായിരുന്നു. അടിക്കടിയുണ്ടാകുന്ന കടലേറ്റംമൂലം കര പൂർണമായും നഷ്ടപ്പെട്ടുപോയി.
ഇനിയും കടലേറ്റം രൂക്ഷമായാൽ തകർന്നുതുടങ്ങിയ റോഡ് രണ്ടായി മുറിയും. ഇവിടെ വട്ടക്കായലും കടലും തമ്മിലുള്ള അകലം 50 മീറ്ററിൽ താഴെയാണ്. കടലേറ്റത്തെ ചെറുക്കാനുളള അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മറ്റൊരു പൊഴി രൂപപ്പെടാൻ സാധ്യതയേറെയാണ്.
ഇങ്ങനെ സംഭവിച്ചാൽ ആറാട്ടുപുഴ പഞ്ചായത്തുതന്നെ രണ്ടായി മുറിയും. പെരുമ്പള്ളി മുതൽ വലിയഴീക്കൽ വരെ മറ്റൊരു ഭാഗമാകും. കായംകുളം കായലിനു കുറുകേയുള്ള കൊച്ചിയുടെ ജെട്ടി സുനാമി പാലത്തിന്റെ പ്രസക്തി നഷ്ടപ്പെടും. കൂടാതെ, കടലിൽനിന്ന് കായംകുളം കായലിലേക്ക് വലിയ തോതിൽ ഉപ്പുവെള്ളം കയറുന്നത് പാരിസ്ഥിതികപ്രശ്നങ്ങളും സൃഷ്ടിക്കും. ലവണാംശം ഉയരുന്നത് കുടിവെള്ളത്തെയും കൃഷിയെയും വരെ ബാധിക്കും.
Published: 01 Oct 2026, 02:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented