മാന്നാർ : കായംകുളം-തിരുവല്ല സംസ്ഥാനപാതയിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന മാന്നാർ പന്നായിപ്പാലത്തിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുതിവിളക്കുകൾ മിഴിയടച്ചിട്ട് മാസങ്ങളേറെയായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. പരുമല പെരുന്നാളിന് ഒരുമാസം മാത്രം ശേഷിക്കേ ആയിരക്കണക്കിനു തീർഥാടകർ കടന്നുവരുന്ന പാതയാണ് ഇരുട്ടിലാണ്ടുകിടക്കുന്നത്.

To advertise here,

സന്ധ്യ കഴിയുന്നതോടെ ഇരുട്ടിൽ മുങ്ങിയ പാലത്തിലൂടെ യാത്രക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള കൈവരികളോടു ചേർന്ന് ഉറപ്പിച്ചിട്ടുള്ള മുപ്പതോളം ഇരുമ്പുതൂണുകളിലായിട്ടാണ് ബൾബുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇവയിൽ പകുതിയോളം തൂണുകളിലും ബൾബുകൾ തന്നെയില്ല.

പാലത്തിന്റെ ‌ഒരുകര മാന്നാർ പഞ്ചായത്തും മറുകര കടപ്ര പഞ്ചായത്തും ആണെങ്കിലും മാന്നാർ കെ.എസ്.ഇ.ബി.യുടെ കീഴിലുള്ള ഈ വൈദ്യുതിവിളക്കുകളുടെ പരിചരണം മാന്നാർ പഞ്ചായത്താണു നിർവഹിക്കുന്നത്. ഒട്ടേറെത്തവണ പരാതികൾ നൽകിയിട്ടും പഞ്ചായത്താണ് നടപടികൾ കൈക്കൊള്ളേണ്ടതെന്നു പറഞ്ഞ് കെ.എസ്.ഇ.ബി. കൈയൊഴിഞ്ഞതായി നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയുമില്ല.

പാലത്തിന്റെ അനുബന്ധ റോഡിൽ കാടുകൾ വളർന്നുനിൽക്കുന്നതിനാൽ പകൽസമയങ്ങളിൽപ്പോലും ഇഴജന്തുക്കളെ ഭയന്നാണ് കാൽനടയാത്രക്കാരുടെ സഞ്ചാരം. പരുമലപ്പെരുന്നാൾ പടിവാതിൽക്കൽ എത്തിയതിനാൽ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നും പ്രധാന സംസ്ഥാനപാതയിലൂടെയുളള സുരക്ഷിതമായ യാത്രയ്ക്ക് സാഹചര്യം ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.