ജൂവലറി ഉടമയെ കാറിടിച്ചുവീഴ്ത്തി കവർച്ച

To advertise here,

തുറവൂർ : ജൂവലറി ഉടമയെ കാറിടിച്ചുവീഴ്ത്തി കവർച്ച നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കോടതിയിൽ റിമാൻഡിൽ ക്കഴിഞ്ഞിരുന്ന പ്രതികളെ പട്ടണക്കാട് പോലീസ് കസ്റ്റഡിയിൽവാങ്ങി തെളിവെടുപ്പു തുടങ്ങി. ബുധനാഴ്ച എസ്.ഐ. ഡൊമനിക് മാത്യുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ ചേർത്തലയിലെ ലോഡ്ജിലെത്തിച്ച് തെളിവെടുപ്പു നടത്തിയത്. കവർച്ചയുടെ മുഖ്യസൂത്രധാരനായ സജീർ ഗൂഢാലോചന നടത്താനായി ഓഗസ്റ്റ്‌ മാസത്തിൽത്തന്നെ മുറിയെടുത്തിരുന്നു.

കഴിഞ്ഞമാസം 16 - നാണ് കൂട്ടുപ്രതികൾ ലോഡ്ജിൽ മറ്റൊരു മുറി വാടകയ്ക്കെടുക്കുന്നത്. ഏതു മുറിയിൽ ഇരുന്നാണ് ഗൂഢാലോചന നടത്തിയതെന്ന കാര്യത്തിൽ വ്യക്തത വരുത്താനുണ്ട്. ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായിട്ടാണ് പ്രതികൾ മറുപടി നൽകിയതെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം 26-നു രാത്രി 8.30-ന് പൊന്നാംവെളിയിലെ സൗമ്യ ജൂവലറി ഉടമ ആക്രമിക്കപ്പെടുന്നത്.

ജൂവലറി പൂട്ടിയിറങ്ങി ദേശീയപാതയിലൂടെ വീട്ടിലേക്കു നടന്നുപോകുകയായിരുന്ന സലീപനെ വഴിചോദിക്കാനെന്ന പേരിൽ കാർ നിർത്തിയശേഷം ഡോർകൊണ്ട് ഇടിച്ചുവീഴ്ത്തി കൈയിലുണ്ടായിരുന്ന ബാഗ്‌ കവരുകയായിരുന്നു. സ്വർണം ലോക്കറിൽ സൂക്ഷിച്ചതിനാൽ താക്കോൽക്കൂട്ടവും 2,000 രൂപയും അഞ്ചുകിലോ അരിയും മാത്രമാണ് ബാഗിലുണ്ടായിരുന്നത്.

ഇതുമായി ബന്ധപ്പെട്ട് ചേർത്തല തെക്ക് പഞ്ചായത്ത് അരീപ്പറമ്പ് ലക്ഷ്മിവിലാസത്തിൽ ശ്രീകുമാർ (42), തിരുവനന്തപുരം ഇടവ വാലയിൽ വീട്ടിൽ അജയഘോഷ് (34), തിരുവനന്തപുരം വിളവൂർക്കൽ നിലയത്തിൽ ബിബിൻ (44), സൗമ്യ ജൂവലറിക്കു സമീപം തുണിക്കട നടത്തുന്ന പട്ടണക്കാട് പെരുകുളങ്ങര വീട്ടിൽ സജീർ (45) എന്നിവരെ പട്ടണക്കാട് പോലീസ് പിടികൂടിയിരുന്നു.

കവർച്ച നടത്താൻ പ്രതികൾ ചേർത്തലയിലെ ലോഡ്ജിൽ മുറിയെടുത്തെന്ന വിവരം പോലീസിനു നേരത്തേ ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രതികളെ ഇവിടെയെത്തിച്ച് തെളിവെടുപ്പു നടത്തിയത്.

ഇവിടെ വെച്ചാണ് സജീർ, ജൂവലറി ഉടമയുടെ ഫോട്ടോ പ്രതികൾക്കു കാണിച്ചു കൊടുക്കുന്നതും 7.30 -നും 8-നുമിടയിലുള്ള സമയത്താണ് ജൂവലറി പൂട്ടി ഉടമ വീട്ടിലേക്കു പോകുന്നതെന്നുള്ള വിവരവും കൈമാറുന്നത്. പിന്നീട് പ്രതികളെ പൊന്നാംവെളിയിലെത്തിച്ച് ജൂവലറിയും ഉടമ വീട്ടിലേക്കു പോകുന്ന വഴിയും കാട്ടിക്കൊടുക്കുന്നത്. വരുംദിവസങ്ങളിൽ തെളിവെടുപ്പു തുടരുമെന്ന് പട്ടണക്കാട് പോലീസ് പറഞ്ഞു.