അർത്തുങ്കൽ : ആഴ്ചകളായി ചേർത്തല തെക്ക് പഞ്ചായത്തിലെ തീരദേശ വാർഡുകളിൽ കുടിവെള്ളവും വൈദ്യുതിത്തൂണുകളിൽ വെളിച്ചവുമില്ലാതെ നാട്ടുകാർ ദുരിതത്തിൽ. ആയിരത്തിലധികം വീടുകളിൽ മൂന്നാഴ്ചയിലധികമായി കുടിവെള്ളമെത്തുന്നില്ല. പലസ്ഥലങ്ങളിലും കുടിവെള്ള പൈപ്പ് പൊട്ടിക്കിടക്കുന്നതാണു കാരണം. പഞ്ചായത്ത് പ്രസിഡന്റ്‌ ഉൾപ്പെടെ ജനപ്രതിനിധികൾ വാട്ടർ അതോറിറ്റിയുമായി സംസാരിച്ചെങ്കിലും ദേശീയ ഹൈവേ നിർമാണ കമ്പനിയെയാണവർ പഴിചാരുന്നത്.

To advertise here,

ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ പൈപ്പ് ലൈൻ പൊട്ടുന്നതാണ് വെള്ളം മുടങ്ങാൻ കാരണമെന്നവർ പറയുന്നു. കുടിവെള്ള പ്രതിസന്ധിക്കിടയിൽ തീരദേശമേഖലകളിൽ തെരുവുവിളക്കുകൾ തകരാറിലായതും പ്രതിസന്ധിയാണ്. തീരദേശ റോഡുകളിലുൾപ്പെടെ വെളിച്ചമില്ലാത്തത് തുടർച്ചയായ അപകടങ്ങൾക്കു കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. അടിസ്ഥാന ആവശ്യങ്ങളായ വെള്ളവും വെളിച്ചവും എത്തിക്കാൻ കഴിയാത്തതിന് തട്ടാമുട്ടി ന്യായംപറയാതെ എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.