തീർഥാടകരെത്താൻ ആഴ്ചകൾ മാത്രം
ചെങ്ങന്നൂർ : വീണ്ടുമൊരു തീർഥാടനകാലമെത്തുമ്പോഴും ശബരിമലയുടെ കവാടമായ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ അവസ്ഥയ്ക്കു മാറ്റമില്ല. മഴപെയ്യുമ്പോൾ ചോരുന്ന കെട്ടിടവും പരിമിതമായ വിശ്രമസൗകര്യവും ടിക്കറ്റ് കൗണ്ടറുകളുടെ കുറവും തീർഥാടകരെ പ്രയാസപ്പെടുത്തുന്നതാണ്. മണ്ഡല -മകരവിളക്കുകാലത്ത് 10,000-ലധികം തീർഥാടകരാണെത്തുന്നത്. ഇതിനുപുറമേയാണ് സ്ഥിരം യാത്രക്കാരും. ഈ സാഹചര്യത്തിൽ ശരണംവിളികളുമായി മലചവിട്ടാനെത്തുന്ന തീർഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. എന്നാൽ, പ്രഖ്യാപനങ്ങളല്ല പ്രവൃത്തിയാണ് വേണ്ടതെന്നാണ് വിവിധ ഭക്തജനസംഘടനകൾ ആവശ്യപ്പെടുന്നത്.
യോഗത്തിൽ തീരുമാനങ്ങളെടുക്കുമെങ്കിലും റെയിൽവേ നടപ്പാക്കാൻ വിമുഖത കാട്ടുകയാണെന്നാണു വിമർശം. വെള്ളിയാഴ്ച രാവിലെ 10-നു നടക്കുന്ന യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി., തിരുവനന്തപുരം ഡിവിഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
പ്രധാന ആവശ്യങ്ങൾ
തീർഥാടകർക്കുള്ള പിൽഗ്രിം സെന്ററോടു കൂടിയ പുതിയ റെയിൽവേ സ്റ്റേഷൻ നിർമാണത്തിലെ തടസ്സങ്ങൾ നീക്കുക. 98.46 കോടിയുടേതാണ് പദ്ധതി.
റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിലെ ചോർച്ച പരിഹരിക്കുക. മൂന്നാം നമ്പർ പ്ലാറ്റ് ഫോമിൽ 13, 14 കോച്ചുകൾ നിർത്തുന്ന ഭാഗത്ത് മേൽക്കൂരയില്ല.
തീർഥാടകർക്ക് പ്രാഥമികാവശ്യങ്ങൾക്ക് കൂടുതൽ ശൗചാലയങ്ങൾ നിർമിക്കുക. സെപ്റ്റിക് ടാങ്കുകൾ കൃത്യമായി വൃത്തിയാക്കുക.
നഗരസഭയ്ക്ക് പാർക്കിങ് സൗകര്യം ഒരുക്കാൻ റെയിൽവേയുടെ ഭൂമി ലഭ്യമാക്കുക.
ടിക്കറ്റ് കൗണ്ടറുകളിലെ തിരക്കു കുറയ്ക്കാൻ തീർഥാടകർക്ക് പ്രത്യേക കൗണ്ടർ, റിസർവേഷൻ സൗകര്യം എന്നിവ ഏർപ്പെടുത്തുക.
വിശ്രമമുറികൾ തീർഥാടകർക്കു സൗജന്യമായി ലഭ്യമാക്കുക. പ്ലാറ്റ്ഫോമിൽ കുടിവെള്ളം, മൊബൈൽ ചാർജിങ് സംവിധാനം, വൈഫൈ എന്നിവ ലഭ്യമാക്കുക.
നഗരസഭയുടേയും ഭക്തജനസംഘടനകളുടേയും തീർഥാടക സഹായകേന്ദ്രങ്ങൾക്ക് സൗജന്യ വൈദ്യുതി ലഭ്യമാക്കുക.
തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ആർ.പി.എഫ്. സേനാംഗങ്ങളെ നിയമിക്കുക.
റെയിൽവേയുടെ നിയന്ത്രണമുള്ള സ്ഥലത്തെ ഓടകളടക്കം വൃത്തിയാക്കുക.
മണ്ഡലകാലം തുടങ്ങുമ്പോൾ മുതൽ പ്രീ -പെയ്ഡ് സംവിധാനം തുടങ്ങുക.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് 24 മണിക്കൂറും കുടിവെള്ളലഭ്യത ഉറപ്പാക്കുക.
Published: 08 Oct 2026, 02:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented