യാത്രക്കാർക്കു അപകട ഭീഷണി

To advertise here,

മുതുകുളം : റോഡുകളുടെ വശങ്ങളിൽ കുറ്റിച്ചെടികളും പുല്ലും അധികമായി വളർന്നതോടെ വഴിതടസ്സവും ഭീഷണിയുമുണ്ടാകുന്നു. മുതുകുളം തെക്ക് മങ്ങാട്ടുമുക്ക്-വാരണപ്പള്ളിൽ റോഡിലും തട്ടാരുമുക്ക്-വെട്ടത്തുകടവ് റോഡിലും വളർന്നുനിൽക്കുന്ന കുറ്റിക്കാടുകളാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

വാരണപ്പള്ളിൽ ക്ഷേത്രത്തിന്റെ തെക്കുവശത്തും പടിഞ്ഞാറുഭാഗത്തും കാൽനടക്കാർക്കോ ഇരുചക്രവാഹന യാത്രികർക്കോ പോലും കടന്നുപോകാൻ പറ്റാത്ത തരത്തിൽ റോഡിലേക്കു വളർന്നിറങ്ങിയിട്ടുണ്ട്. എതിരേ വാഹനം വന്നാൽ ഇവിടം താണ്ടാൻ ഏറെ പ്രയാസപ്പെടണം. റോഡിൽ രാത്രി വെളിച്ചവുമില്ല. ഇത് സന്ധ്യ കഴിഞ്ഞുള്ള യാത്ര ദുസ്സഹമാക്കുന്നു.

മുള്ളും ഇലയുടെ അരികിൽ മൂർച്ചയുമുള്ള ഒരുതരം പുല്ലാണ് കൂടുതലായും വളരുന്നത്. യാത്രക്കാരുടെ ദേഹത്ത് മുറിവേൽക്കാനുമിതു കാരണമാകുന്നുണ്ട്. തൊട്ടടുത്താണ് വാരണപ്പള്ളിൽ എൽ.പി. സ്കൂൾ. ഇവിടേക്കും മറ്റു വിദ്യാലയങ്ങളിലേക്കും പോകുന്ന വിദ്യാർഥികൾ ഉൾപ്പെടെ പ്രയാസം അനുഭവിക്കുകയാണ്.

വെട്ടത്തുകടവ് റോഡിൽ ശാന്തിമുക്കിനു കിഴക്കുഭാഗത്തും പുത്തൻചന്തയ്ക്കു പടിഞ്ഞോറോട്ട് വെട്ടത്തുകടവുവരെ ഏതാണ്ട് ഒരു കിലോമീറ്ററോളം ദൂരവും കുറ്റിക്കാടാണ്. അരികുചേർന്നു പോകുന്നവരുടെ ദേഹത്ത് ഇതു തട്ടുന്നത് ഇരുചക്രവാഹന യാത്രികർക്കും കാൽനടക്കാർക്കുമെല്ലാം വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.

കായംകുളം-ഡാണാപ്പടി റോഡിൽ വേലഞ്ചിറ, പേരാത്തുമുക്ക്, ചിങ്ങോലി, കാർത്തികപ്പള്ളി ജങ്ഷനു വടക്കുഭാഗങ്ങളിലും യാത്രക്കാർക്കു ഭീഷണിയായി കുറ്റിക്കാടുകൾ വളർന്നിറങ്ങി നിൽപ്പുണ്ട്.