തുറവൂർ : പുതുക്കിപ്പണിത റോഡും വശങ്ങളുമായുള്ള ഉയരവ്യത്യാസം 30 സെന്റീമീറ്ററിലധികം, റോഡിലേക്ക് വാഹനങ്ങൾക്കു പ്രവേശിക്കണമെങ്കിൽ പെടാപ്പാട് പെടണം, നടപ്പാത ഇല്ലാത്തതിനാൽ കാൽനടയാത്രികർ റോഡിലിറങ്ങിയാണ് നടക്കുന്നത്, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വാഹനങ്ങളുടെ മരണപ്പാച്ചിൽ... ഇങ്ങനെ നീളുന്നു തുറവൂർ-കുമ്പളങ്ങി റോഡിനെതിരേയുള്ള പരാതികൾ. ഏറെനാളത്തെ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് 10.35 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പുതുക്കിപ്പണിതത്. എന്നാൽ, പണി പൂർത്തിയായപ്പോൾ ജനങ്ങൾക്കു പറയാനുള്ളത് അധികൃതരുടെ അനാസ്ഥയെക്കുറിച്ചുള്ള പരാതികളാണ്.
റോഡും വശങ്ങളും തമ്മിലുള്ള ഉയരവ്യത്യാസം കാരണം വാഹനങ്ങൾക്ക് റോഡിലേക്കു പ്രവേശിക്കാൻ ഏറെ പണിപ്പെടേണ്ടിവരുന്നുണ്ട്. റോഡിന്റെ വശങ്ങൾ പൂഴിയിട്ട് ഉയർത്തിയെങ്കിൽ മാത്രമേ പ്രശ്നത്തിനു പരിഹാരമാകുകയുള്ളൂ. റോഡിനോടു ചേർന്ന് സ്ഥാപിച്ചിട്ടുള്ള വൈദ്യുതിത്തൂണുകളും ട്രാൻസ്ഫോർമറുകളും നിർമാണം തുടങ്ങുന്നതിനു മുൻപ് മാറ്റിസ്ഥാപിക്കാൻ അധികൃതർ തയ്യാറായില്ല. ഇവ മാറ്റിസ്ഥാപിച്ചാലേ വശങ്ങൾ പൂർണമായും കാൽനടയാത്രക്കാർക്ക് പ്രയോജനപ്പെടുത്താനാകൂ. ദേശീയപാതയിലെ തിരക്കൊഴിവാക്കാൻ വാഹനങ്ങൾ അധികവും കുമ്പളങ്ങി റോഡ് വഴിയാണ് കടന്നുപോകുന്നത്. സ്വകാര്യ ബസുകൾ ഉൾപ്പെടെ അതിവേഗത്തിലാണ് ഇതുവഴി കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ജീവൻ പണയപ്പെടുത്തിയാണ് കാൽനടയാത്രക്കാർ ഇതുവഴി കടന്നുപോകുന്നത്. കഴിഞ്ഞമാസം പറയകാട്ട് ഉണ്ടായ വാഹനാപകടത്തിൽ ഒരു യുവാവ് മരിച്ചിരുന്നു. വാഹനങ്ങളുടെ അതിവേഗം തടയാൻ സ്പീഡ് ബ്രേക്കറുകളോ മറ്റു സംവിധാനങ്ങളോ ഒന്നുംതന്നെ ഏർപ്പെടുത്തിയിട്ടില്ല. റോഡ് നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി വല്ലേത്തോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നേരറിവ് സാമൂഹിക സാംസ്കാരിക സംഘടന പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.
Published: 13 Sept 2026, 02:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented