വർണംചൊരിഞ്ഞ്‌ അന്നങ്ങൾ പറന്നിറങ്ങി...

To advertise here,

നീലംപേരൂർ : പുലർച്ചെ ഒരുമണിക്ക് പള്ളി ഭഗവതിക്ഷേത്രത്തിലെ പടയണിക്കളത്തിൽ വല്യന്നങ്ങൾ ചൂട്ടുവെളിച്ചത്തിൽ വർണവിസ്മയം വിതറി. തിരുനടയിലേക്ക് ഒൻപതേകാൽകോൽ ഉയരമുള്ള വല്യന്നം എത്തിയതോടെ ആവേശവും വാനോളമുയർന്നു. വല്യന്നം തിരുനടയിലേക്കെടുത്തതോടെ ഭക്തർ ഒരേമനസ്സോടെ ഒരേ താളത്തിലും സ്വരത്തോടെയും ആർത്തുവിളിച്ചു. 'വല്യന്നം...വന്നേ..., വല്യന്നം...വന്നേ..

തിരുനടയ്ക്ക് മുൻപിലേക്ക് വല്യന്നം എത്തിയേതാെട ആർപ്പുവിളികളുടെയും ആരവങ്ങളുടെയും നിലയ്ക്കാത്ത ആവേശം മുഴങ്ങി. അഞ്ചേകാലിന്റെ രണ്ട് അന്നങ്ങളും ഭക്തരുടെ ആവേശത്തേരിലേറി തിരുനടയിലെത്തിയപ്പോഴും നീലംപേരൂരിന്റെ പാട്ടുകാർ ആവേശം കുറയാതെ ആർപ്പുവിളിച്ചു.

രാത്രി പുത്തനന്നങ്ങളുടെ തേങ്ങാമുറിക്കൽ കഴിഞ്ഞതോടെ കുടംപൂജകളിയും സർവ്വപ്രായശ്ചിത്തവും നടത്തി. ദേവസ്വം ഭരണാധികാരി താഴപ്പള്ളിൽ കാർത്തികേയൻ ചേരമാൻ പെരുമാൾ സ്മാരകത്തിലെത്തി അനുമതി വാങ്ങിയതോടെ തോത്താകളിയും തുടങ്ങി. ശേഷം രാത്രി 11 മണിയോടെ പുത്തനന്നങ്ങളുടെ തിരനടസമർപ്പണമായപ്പോൾ നീലംേപരൂർ സുരേഷും അജയ് നീലംപേരൂരൂം നീലംപേരൂരിന്റെ പാട്ടുകാരും ചേർന്ന് പതിഞ്ഞ താളത്തിൽ ഗണപതിസ്തുതി പാടിത്തുടങ്ങി. വല്യന്നങ്ങൾ എത്തിയതോടെ പാട്ടിന്റെ താളം നീലംേപരൂരിന്റെ ആകാശത്തേറി.

കോലങ്ങളുടെയും പുത്തനന്നങ്ങളുെടയും വല്യന്നങ്ങളുടെയും നിറപണികൾ പൂർത്തിയാക്കുന്ന ജോലികൾ ഞായറാഴ്ച രാവിലെ തുടങ്ങി. 150 കിലോ ചെത്തിപ്പൂവ് കൊണ്ടാണ് നിറപണികൾ പൂർത്തിയാക്കിയത്. വാഴപ്പോളയും താമരയിലയും വാഴപ്പിണ്ടിയും അന്നങ്ങളിൽ വർണവിസ്മയം തീർത്തു. രാത്രി എട്ടിന് അത്താഴപൂജയ്ക്കുശേഷം പുത്തനന്നങ്ങളുടെ തേങ്ങാമുറിക്കൽ ചടങ്ങ്. പത്തിന് തുടങ്ങിയ കുടംപൂജകളിക്ക് മേൽശാന്തി ശങ്കരൻ നമ്പൂതിരി സർവ്വപ്രായശ്ചിത്തം ചടങ്ങ് നടത്തി. വിവിധ തലമുറ ഒന്നിക്കുന്ന തോത്താകളിയും നടന്നു. പഴമക്കാർക്കൊപ്പം പുതുതലമുറയും ചുവടുവെച്ചപ്പോൾ ഒരു സംസ്‌കാരം വരും തലമുറയ്ക്ക് പകരുന്ന വേദികൂടിയായി പടയണിക്കളം.