നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും പോലീസ് പട്രോളിങ് ശക്തമാക്കണമെന്നും ആവശ്യം

To advertise here,

ചാരുംമൂട് : സംസ്ഥാനപാതയായ കായംകുളം-പുനലൂർ (കെ.പി. റോഡ്) റോഡിൽ വാഹനാപകടങ്ങളേറി. ഒപ്പം മരണങ്ങളും. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് വെട്ടിക്കോട് അമ്പനാട്ട് ജങ്ഷനു സമീപത്തെ വളവിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് കാറോടിച്ചിരുന്ന ചാരുംമൂട് ചുനക്കര തെക്ക് നെടിയവിളയിൽ ഫിറോസ് ഖാൻ (37) മരിച്ചതാണ് അവസാനമുണ്ടായ അപകടമരണം.

ഞായറാഴ്ച പുലർച്ചെ ചാരുംമൂട് ജങ്ഷനിൽ കാറുകൾ നേർക്കുനേർ ഇടിച്ചുണ്ടായ അപകടത്തിൽ യുവാക്കൾക്കു പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയിൽ കരിമുളയ്ക്കൽ ജങ്ഷനു സമീപം സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കുയാത്രികൾക്ക്‌ ഗുരുതര പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് ഐ.ടി.ബി.പി. ജങ്ഷനു സമീപം ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർ ആശുപത്രിയിലായി. അതിവേഗവും അലക്ഷ്യമായ ഡ്രൈവിങ്ങും റോഡിലെ കൊടുംവളവുകളും അപകടങ്ങൾ ഉണ്ടാകുന്നതിനു കാരണമാകുന്നു.

കെ.പി. റോഡിൽ കറ്റാനം മുതൽ പഴകുളം വരെയുള്ള ഭാഗത്താണ് ഏറ്റവുമധികം അപകടങ്ങൾ ഉണ്ടാകുന്നത്. മാവേലിക്കര, അടൂർ ജോയിന്റ് ആർ.ടി.ഒ.മാരുടെ പരിധിയിൽ വരുന്ന റോഡാണിത്. വെട്ടിക്കോട് അമ്പനാട്ട് ജങ്ഷനിലെ കൊടുംവളവിൽ രണ്ടുവർഷത്തിനുള്ളിൽ ഒൻപതു മരണങ്ങളാണുണ്ടായത്. വെട്ടിക്കോടിനു കിഴക്ക് തുരുത്തിയിൽ വളവിലും നിരന്തരം അപകടങ്ങൾ നടക്കുന്നു.

നൂറനാട് ആശാൻകലുങ്ക് വളവിൽ കോടികൾ മുടക്കി നവീകരണപ്രവർത്തനങ്ങൾ നടത്തിയെങ്കിലും വാഹനാപകടങ്ങൾക്ക് കുറവൊന്നുമില്ല. ആശാൻകലുങ്ക് വളവ് നിവർത്തി റോഡുപണിയണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ആദിക്കാട്ടുകുളങ്ങര ജങ്ഷനു പടിഞ്ഞാറുള്ള വളവിലും അപകടങ്ങൾ ഉണ്ടാകുന്നു. പഴകുളം ജങ്ഷനു കിഴക്കുഭാഗത്തുള്ള വളവും അപകടമേഖലയാണ്. കറ്റാനത്തിനും പഴകുളത്തിനും ഇടയിലുള്ള കൊടുംവളവുകൾ നിവർത്തി റോഡിനു വീതികൂട്ടുകയാണെങ്കിൽ ഒരുപരിധിവരെ അപകടങ്ങളുണ്ടാകുന്നതു തടയാം.

രാത്രിയിൽ കെ.പി. റോഡിന്റെ ഇരുവശങ്ങളിലും അനധികൃതമായി നിർത്തിയിടുന്ന വലിയ വാഹനങ്ങൾക്കെതിരേ നടപടി വേണം. റോഡു കൈയേറിയുള്ള നിർമാണപ്രവർത്തനങ്ങളും കടകളുടെ ഇറക്കും പരസ്യബോർഡുകളും സ്ഥാപിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കണം. നിയമലംഘനങ്ങൾ തടയാനായി മോട്ടോർവാഹന വകുപ്പും പോലീസും കെ.പി. റോഡിൽ നിരീക്ഷണക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.