പെൺകുട്ടികളുടെ സമരം വിജയംകണ്ടു
ഹരിപ്പാട് : ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ ആനത്തറിയിൽ കൂട്ടിയിട്ടിരുന്ന മാലിന്യം നീക്കി. രണ്ടുവർഷത്തിലധികമായി മാലിന്യംനിമിത്തം കുട്ടികൾ ബുദ്ധിമുട്ടുകയായിരുന്നു. ദേവസ്വം ബോർഡിനോടും ജനപ്രതിനിധികളോടും പരാതിപറഞ്ഞു മടുത്തപ്പോൾ കുട്ടികളും രക്ഷിതാക്കളും ചേർന്ന് ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ ഓഫീസ് ഉപരോധിച്ചു. ഇതോടെയാണ് അധികൃതർക്ക് പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലായത്.
ദിവസങ്ങൾക്കം മാലിന്യം പൂർണമായും നീക്കംചെയ്തു. ഏറെക്കാലത്തിനുശേഷം ദുർഗന്ധം സഹിക്കാതെ പഠിക്കാമെന്ന വലിയ ആശ്വാസത്തിലാണ് കുട്ടികൾ. ഗേൾസ് സ്‌കൂളിന്റെ മതിലിനോടു ചേർന്നാണ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൊമ്പൻ സ്‌കന്ദനെ സംരക്ഷിക്കുന്നതിനായുള്ള ആനത്തറി നിർമിച്ചിരിക്കുന്നത്.
രണ്ടുവർഷത്തിലധികമായി ആനത്തറിയിലെ മാലിന്യം കുട്ടികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ചുമയും തുമ്മലും ശ്വാസംമുട്ടലും തുടങ്ങി പലവിധ ബുദ്ധിമുട്ടുകളാണ് കുട്ടികൾ നേരിട്ടിരുന്നത്. സഹിക്കാൻ വയ്യാതെ ചിലർ ഇവിടത്തെ പഠനം അവസാനിപ്പിച്ച് പോയി. പി.ടി.എ.യും സ്‌കൂൾ അധികൃതരും ബന്ധപ്പെട്ടവർക്ക് പരാതിനൽകി മടുത്ത സ്ഥിതിയായിരുന്നു. ഒടുവിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടികൾ സമരത്തിനിറങ്ങിയത്.
മദപ്പാടിനെത്തുടർന്ന് എട്ടുമാസമായി ആനയെ ഇവിടെത്തന്നെ തളച്ചിരിക്കുകയാണ്. രണ്ടു പാപ്പാന്മാരുണ്ട്. എന്നാൽ, ആനയെ അഴിക്കാൻ കഴിയാത്തതിനാൽ മാലിന്യം നീക്കാറില്ലായിരുന്നു. കുട്ടികളുടെ സമരം അവസാനിപ്പിക്കുന്നതിനായി ആനത്തറിയും പരിസരവും വൃത്തിയാക്കാൻ ബന്ധപ്പെട്ടവർ നിർബന്ധിതരാകുകയായിരുന്നു.
ജൈവവളം തയ്യാറാക്കുന്നതിനായി ഡാണാപ്പടിയിലെ ജൈവ ഫാമിലേക്കാണ് ആനത്തറിയിലെ മാലിന്യം മാറ്റിയത്. മൂന്നു ലോറി നിറയെ മാലിന്യമുണ്ടായിരുന്നു. തുടർന്ന്, കൃത്യമായി മാലിന്യനീക്കം നടത്താൻ ക്രമീകരണമേർപ്പെടുത്തിയതായി ദേവസ്വം ബോർഡ് അധികൃതർ പറയുന്നു. ഒത്തുതീർപ്പു വ്യവസ്ഥപ്രകാരം അടുത്തദിവസം തന്നെ മാലിന്യം നീക്കിയില്ലെങ്കിൽ ദേവസ്വം മന്ത്രിക്കും മുഖ്യമന്ത്രിക്കും നേരിട്ടു പരാതി നൽകുമെന്നും സ്‌കൂളിലെ കുട്ടികളെയെല്ലാം പങ്കെടുപ്പിച്ച് സമരം നടത്തുമെന്നും പി.ടി.എ. ഭാരവാഹികൾ മുന്നറിയിപ്പു നൽകിയിരുന്നു.
Published: 12 Sept 2026, 03:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented