പൂച്ചാക്കൽ : തുറവൂർ-തൈക്കാട്ടുശ്ശേരി-മാക്കേക്കടവ് റോഡിൽ ടാറിടൽ തുടങ്ങി. മാക്കേക്കവലയിൽനിന്നു പടിഞ്ഞാറോട്ടാണ് വെള്ളിയാഴ്ച ടാറിങ് തുടങ്ങിയത്. റോഡിന്റെ വീതിയുടെ പകുതി ഭാഗമാണ് നിലവിൽ ടാർചെയ്യുന്നത്. നിർമാണം നടക്കുന്നതിനാൽ റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തൈക്കാട്ടുശ്ശേരി -തുറവൂർ പാലം മുതൽ മാക്കേക്കവല വരെയുള്ള ഭാഗത്ത് 19-ാം തീയതി വരെ റോഡുഗതാഗതം നിരോധിച്ചിരിക്കുകയാണ്. സമീപപാതകളിലൂടെ പോകണമെന്ന് പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചിരുന്നതാണ്. എന്നാൽ, റോഡുഗതാഗതം തടയുന്നത് പ്രായോഗികമാകുന്നില്ല. റോഡ് ടാറിങ് കൂടുതൽ പുരോഗമിക്കുന്നതോടെ ഗതാഗതനിരോധനം പൂർണമായും നടപ്പിൽവന്നേക്കും.

To advertise here,

തുറവൂർ-തൈക്കാട്ടുശ്ശേരി-മാക്കേക്കടവ് റോഡ് വലിയ തിരക്കുള്ള റോഡാണ്. തുറവൂർ-പമ്പാ പാതയുടെ ഭാഗമാണ് ഈ റോഡ്. ഇത് വലിയതോതിൽ തകർന്നുകിടക്കുകയാണ്. തൈക്കാട്ടുശ്ശേരി പി.എസ്. കവല, പഴയ മൃഗാശുപത്രിക്കു സമീപം തുടങ്ങിയ ഭാഗങ്ങളിൽ റോഡ് ഏറെ തകർന്നുകിടക്കുകയാണ്. ദേശീയപാതയിൽ ഉയരപ്പാത നിർമാണം നടക്കുന്നതിനാൽ ഗതാഗതം വഴിതിരിച്ചുവിട്ട റോഡാണിത്. ഭാരവാഹനങ്ങൾ ഒട്ടേറെ ഇതിലൂടെ കടന്നുവന്നതിനാലാണ് റോഡു തകർന്നത്. ദേശീയപാതയിലൂടെ പോയിരുന്ന വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരുന്ന തുറവൂർ-കുമ്പളങ്ങി, തുറവൂർ-തൈക്കാട്ടുശ്ശേരി -മാക്കേക്കവല റോഡ് നന്നാക്കേണ്ട ചുമതല ദേശീയപാതാ അതോറിറ്റിക്കാണ് നൽകിയിരുന്നത്. 8.5 കോടി രൂപ ഇതിനായി ദേശീയപാതാ അതോറിറ്റി അനുവദിക്കുകയും ചെയ്തു. തുക പോരെന്ന പരാതിയെത്തുടർന്ന് 36.2 ലക്ഷം രൂപകൂടി അനുവദിച്ചിരുന്നു. എന്നിട്ടും തുറവൂർ -തൈക്കാട്ടുശ്ശേരി-മാക്കേക്കവല റോഡിന്റെ തുറവൂർ പാലം മുതൽ കിഴക്കോട്ടുള്ള ഭാഗം നന്നാക്കിയിരുന്നില്ല. മഴ ശക്തമായ സമയത്ത് തുടങ്ങിയ നിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കുകയും ചെയ്തിരുന്നു.

തുറവൂർ-മാക്കേക്കവല റോഡ് ടാർചെയ്തതിനുശേഷം ഈ റോഡിന്റെ വശങ്ങളിൽ ടൈൽവിരിക്കുന്ന ജോലികളും നടക്കാനുണ്ട്. ടൈൽ വിരിക്കുന്ന ജോലിക്ക് സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്.