പുനരുജ്ജീവനം അനിവാര്യമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

To advertise here,

ചെങ്ങന്നൂർ : മാലിന്യം നിറഞ്ഞ വരട്ടാറിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ഉയരുന്നു. മലിനീകരണ നിയന്ത്രണ ബോർഡ് 2025 മുതൽ വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാംപിൾ പരിശോധനയിൽ കോളിഫോം ബാക്ടീരിയ 400-ൽ എത്തി. ജലമലിനീകരണത്തിന്റെ തോതായ ബയോ കെമിക്കൽ ഓക്‌സിജൻ ഡിമാൻഡ് (ബി.ഒ.ഡി.) പ്രകാരം വരട്ടാറിനെ ബോർഡ് കാറ്റഗറി അഞ്ചിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോളിഫോം ബാക്ടീരിയയുടെ അളവ് ഉയരുന്ന സാഹചര്യത്തിൽ നദിയുടെ പുനരുജ്ജീവനത്തിന് കർമപദ്ധതി അനിവാര്യമാണെന്നാണ് പി.സി.ബി. അധികൃതർ പറയുന്നത്. ഏറ്റവും മലിനപ്പെട്ട നദികളിലൊന്നായിട്ടാണ് ബോർഡ് കണ്ടെത്തിയിരിക്കുന്നത്.

​കഴിഞ്ഞദിവസം മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, തിരുവവൻവണ്ടൂർ പഞ്ചായത്തംഗങ്ങൾ, ജലസേചന വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുമായി വിശദമായ ചർച്ച നടത്തി. തിരുവൻവണ്ടൂർ പഞ്ചായത്തിന്റെ ഒന്നുമുതൽ എട്ടുവരെയുള്ള വാർഡുകളിലൂടെയാണ് വരട്ടാർ ഒഴുകുന്നത്. ഈ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു. നദികളുടെ തീരപ്രദേശങ്ങളിൽനിന്ന് മാലിന്യം ഒഴുകി വരാനുള്ള സാഹചര്യം പരിശോധിക്കണമെന്നും അങ്ങനെയുണ്ടെങ്കിൽ പരിഹാരമുണ്ടാക്കണമെന്നും സംഘം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് റിപ്പോർട്ട് തയ്യാറാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി വെള്ളിയാഴ്ച എട്ടു വാർഡുകളിലെ അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് സർവേ നടത്താനും തീരുമാനിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.

വരട്ടാറിന്റെ കൈവഴികൾ മാലിന്യമുക്തമാക്കുന്നതോടൊപ്പം കൈവഴികൾ ഉള്ള സ്ഥലങ്ങളിലെ ഇരുകരകളിലുമുള്ള താമസക്കാരുടെ ജലസ്രോതസ്സുകൾ കിണറുകൾ അടക്കം പരിശോധനയ്ക്കു വിധേയമാക്കുമെന്നും അതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പഞ്ചായത്തിന്റെ പൂർണ പിന്തുണയുണ്ടെന്ന് പ്രസിഡന്റ് സ്മിതാ രാജേഷ് പറഞ്ഞു. അതോടൊപ്പം വരട്ടാറിന്റെ തീരം കെട്ടി സംരക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കി സർക്കാരിനു സമർപ്പിക്കുമെന്നും അവർ പറഞ്ഞു.