പുരയിടത്തിൽ മാലിന്യംതള്ളുന്നത് തടയണമെന്ന് പോലീസിനോട് വസ്തുവുടമ
പതിനാലാംമൈൽ : ടൺ കണക്കിന് കക്കൂസ് മാലിന്യമാണ് കെ.പി. റോഡിൽ പതിനാലാംമൈൽ ജങ്ഷനുസമീപം ഷാരോൺ ഫെലോഷിപ്പ് പള്ളിക്ക് എതിർവശത്തെ റബ്ബർത്തോട്ടത്തിൽ ഇതുവരെ തള്ളിയത്. ഒരു ദയയും കൂടാതെയുള്ള ഈ പ്രവൃത്തികാരണം ആകെ പ്രയാസത്തിലാണ് വസ്തു ഉടമ അടൂർ മേലൂട് പിടികയിൽ പി.എസ്.അജിത്കുമാർ. ഇത്തരത്തിൽ മാലിന്യംതള്ളുന്നത് നിയന്ത്രിക്കാൻ സഹായിക്കണമെന്ന അപേക്ഷയുമായി അജിത് കുമാർ അടൂർ പോലീസിനെ സമീപിച്ചിരിക്കുകയാണ്.
ഈ സെപ്റ്റംബർ മാസത്തിൽ തന്നെ നാലു തവണ പതിനാലാംമൈൽ ഭാഗത്തെ പുരയിടത്തിൽ കക്കൂസ് മാലിന്യം തള്ളി. സമീപമുള്ള ഇദ്ദേഹത്തിന്റെ സഹോദരന്റെ വസ്തുവിലും മാലിന്യം തള്ളുന്നത് പതിവാണ്. രണ്ടുമാസംമുൻപ് അഞ്ചുതവണയും ഈ വർഷം ഇതുവരെ ഇരുപതിലേറെ തവണയും മാലിന്യംതള്ളിയതായി അജിത് കുമാർ പറയുന്നു.
മാലിന്യത്താവളമോ...
വസ്തുവിനോട് ചേർന്ന് റോഡുള്ളതിനാൽ വാഹനങ്ങൾ നിർത്തി മാലിന്യം കനാലിലേക്ക് തള്ളാൻ സൗകര്യമാണ്. ഇതാണ് ഇവിടെ പതിവായി മാലിന്യം തള്ളാൻ കാരണം.
വാഹനത്തിൽ പ്രത്യേകം തയ്യാറാക്കിയ അറകളിൽ ഉള്ള മാലിന്യം റോഡരികിൽ നിർത്തിയിട്ടശേഷം ടാങ്കറിന്റെ അരികിലുള്ള പ്രത്യേക വാൽവ് തുറക്കുകയാണ് പതിവ്. വാഹനത്തിന്റെ ബോണറ്റ് തുറന്നുവച്ചശേഷം അറ്റകുറ്റപ്പണികൾ നടത്തുന്നതായി തോന്നിപ്പിക്കും. പോലീസ് സംശയംതോന്നി നിർത്തിയാൽ അറ്റകുറ്റപ്പണികൾ നടത്തുകയാണെന്ന് പറയും. പിന്നീട് പോലീസ് കാര്യമായ പരിശോധന നടത്താറില്ല. ആറായിരം ലിറ്റർ മാലിന്യം വാഹനത്തിൽനിന്ന് പുറത്ത് കളയാൻ മൂന്ന് മിനിറ്റുമാത്രമാണ് എടുക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. സിനിമ ഡയലലോഗുകൾ, ഭീഷണിനിറഞ്ഞ വാക്കുകൾ മുതലായവ എഴുതിയ വാഹനങ്ങളാണ് കൂടുതലും മാലിന്യം എടുക്കാൻ ഉപയോഗിക്കുന്നത്. രാത്രിയിൽ മാത്രം പുറത്തിറക്കുന്ന ഇത്തരം വാഹനങ്ങൾ അമിത വേഗത്തിലാകും പോകുന്നത്.
Published: 13 Sept 2026, 01:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented