മുതുകുളം : അന്ധകാരപൂർണമായ കാലഘട്ടത്തിൽ ശ്രീനാരായണ ഗുരുദേവൻ കൊളുത്തിയ കൈത്തിരി സമൂഹത്തിനും നാടിനും പ്രകാശം നൽകിയതുകൊണ്ടാണ് വിദ്യാഭ്യാസ രംഗത്തുൾപ്പെടെ കേരളത്തിനു പുരോഗതി നേടാൻ കഴിഞ്ഞതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുതുകുളം കുമാരനാശാൻ മെമ്മോറിയൽ എൽ.പി. ആൻഡ് യു.പി. സ്‌കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

വിദ്യാഭ്യാസമുണ്ടെങ്കിൽ മാത്രമേ മനുഷ്യനു സാമൂഹികമായും സാംസ്‌കാരികമായും പുരോഗതി കൈവരിക്കാൻ കഴിയൂവെന്ന് ഗുരുവിനു അറിയാമായിരുന്നു. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ജാതി വിദ്വേഷത്തിന്റെയും മാറ്റിനിർത്തലിന്റെയും കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. കുമാരനാശാനോട് ഗുരു ഉപദേശിച്ചത് മനുഷ്യന്റെ മോചനത്തിനുവേണ്ടി എഴുതാനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്‌കൂൾ മാനേജർ ശോഭനാ ഉത്തമൻ അധ്യക്ഷയായി.

ശിവഗിരി മഠം ജ്ഞാനതീർഥ സ്വാമികൾ അനുഗ്രഹപ്രഭാഷണവും വി.കെ. സുരേഷ്ബാബു പ്രഭാഷണവും നടത്തി. ജില്ല പഞ്ചായത്തംഗം ബബിതാ ജയൻ, ഗ്രാമപ്പഞ്ചായത്തംഗം ബി.എസ്. സുജിത്ത് ലാൽ, ഹരിപ്പാട് എ.ഇ.ഒ. സി. മധു, ജില്ല പഞ്ചായത്ത് സെക്രട്ടറി വി. പ്രദീപ്, 301-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗം പ്രസിഡന്റ് വി. സഹദേവൻ, സ്‌കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറി അനീഷ്, അംഗങ്ങളായ ജി. ദേവാത്മജൻ, ഷീബാ പ്രേമൻ, മനിലാ പ്രകാശ്, എസ്.കെ. പിള്ള തുടങ്ങിയവർ സംസാരിച്ചു.