2,300 മെഗാവാട്ട് വൈദ്യുതി 2009-ലേ ലക്ഷ്യമിട്ടു

To advertise here,

ഹരിപ്പാട്: കൊച്ചി-തൂത്തുക്കുടി എൽ.എൻ.ജി. പൈപ്പ്‌ലൈൻ പദ്ധതിക്ക് ഐ.ഒ.സി. ഡയറക്ടർ ബോർഡ് അനുമതി നൽകിയതോടെ കായംകുളം താപനിലയത്തിന്റെ രണ്ടാംഘട്ട വികസനത്തിനു വഴിതെളിയുന്നു. 2005 ഫെബ്രുവരിയിൽ മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങാണ് രണ്ടാംഘട്ടത്തിനു തറക്കല്ലിട്ടത്.

350 മെഗാവാട്ട് നിലയത്തിൽ 650 മെഗാവാട്ടിന്റെ മൂന്നു ടർബൈൻ കൂട്ടിച്ചേർത്ത് 2,300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണു ലക്ഷ്യമിട്ടത്. 7,584 കോടി രൂപയാണ് പ്രതീക്ഷിച്ച മുതൽമുടക്ക്. 2009-ൽ ഉത്പാദനം തുടങ്ങുമെന്ന്‌ പ്രഖ്യാപനവുമുണ്ടായി. എന്നാൽ, കൊച്ചിയിൽനിന്ന് ഇന്ധനം എത്തിക്കാനുള്ള കുഴൽ സ്ഥാപിക്കുന്നതിലെ എതിർപ്പിനെത്തുടർന്ന് പദ്ധതി മരവിച്ചു.

കായംകുളം നിലയത്തിന്റെ വികസനം എൽ.എൻ.ജി. ഉപയോഗപ്പെടുത്തിയാകുമെന്ന് അന്നു മൻമോഹൻ സിങ് പറഞ്ഞിരുന്നു. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുമായി (ഗെയ്ൽ) സഹകരിച്ച് കൊച്ചിയിൽ വാതക ടെർമിനൽ സ്ഥാപിക്കാൻ എൻ.ടി.പി.സി. അന്നു ശ്രമിച്ചിരുന്നു. കായംകുളത്തേക്കുള്ള ഇന്ധനം ആ പദ്ധതിയിൽ നിന്നാകുമെന്നും അദ്ദേഹം പറഞ്ഞു.

2005 നവംബറിൽ മൻമോഹൻ സിങ് പുതുവൈപ്പിനിൽ എൽ.എൻ.ജി. ടെർമിനലിനു കല്ലിട്ടു. കായംകുളം നിലയത്തിന്റെ രണ്ടാംഘട്ടത്തിന് പുതുവൈപ്പിനിൽനിന്ന് ഇന്ധനമെത്തിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. 2007-ൽ ടെർമിനൽ നിർമാണം തുടങ്ങിയതോടെ, എൻ.ടി.പി.സി. കൊച്ചിയിൽനിന്ന് കായംകുളത്തേക്ക് എൽ.എൻ.ജി. എത്തിക്കാനുള്ള ശ്രമം തുടങ്ങി.

കടൽത്തീരത്തു കൂടി 100 കിലോമീറ്റർ കുഴൽ സ്ഥാപിച്ചാൽ പദ്ധതിപ്രദേശത്ത് ഇന്ധനമെത്തുമായിരുന്നു. എന്നാൽ, പാരിസ്ഥിതികാഘാതപഠനം തുടങ്ങിയപ്പോഴേക്കും പ്രതിഷേധമായി. മത്സ്യത്തൊഴിലാളികൾക്കായിരുന്നു ആശങ്ക. തീരദേശവാസികളും പരിഭ്രാന്തിയിലായി. തുടർന്ന്, കായംകുളത്ത് കപ്പലിൽ എൽ.എൻ.ജി. എത്തിച്ചശേഷം നിലയത്തിലേക്കു കുഴൽമാർഗം കൊണ്ടുപോകുന്നതിനെപ്പറ്റി പഠനം നടന്നെങ്കിലും ഫലപ്രദമല്ലെന്നുകണ്ട് അതും ഉപേക്ഷിച്ചു.

കൊച്ചി-കായംകുളം വാതകക്കുഴൽ പദ്ധതി യാഥാർഥ്യമായിരുന്നെങ്കിൽ 2013 ഓഗസ്റ്റിൽ പുതുവൈപ്പിനിൽ എൽ.എൻ.ജി. ടെർമിനൽ കമ്മിഷൻ ചെയ്തതോടെ കായംകുളത്തുനിന്ന് 2,300 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിനു ലഭിക്കുമായിരുന്നു. കടുത്ത വൈദ്യുതിപ്രതിസന്ധിക്കിടയിലും നിലയം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. നാഫ്ത ഇന്ധനമാക്കിയാൽ വൈദ്യുതിവില താങ്ങാനാകില്ലെന്നതാണു കാരണം.