അനുവദിച്ചത് 1.20 കോടി രൂപ

To advertise here,

ചാരുംമൂട് : നൂറനാട് ഗ്രാമപ്പഞ്ചായത്തിലെ പുതുപ്പള്ളികുന്നം തെക്ക്, പുതുപ്പള്ളികുന്നം വടക്ക് വാർഡുകളിൽക്കൂടി കടന്നുപോകുന്ന പാലമൂട്-ആഞ്ഞിലിമൂട് റോഡുപണി അടുത്തയാഴ്ച പുനരാരംഭിക്കും. എം.എസ്. അരുൺകുമാർ എം.എൽ.എ. കരാറുകാരനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അടുത്തയാഴ്ച പണിതുടങ്ങാമെന്നു ധാരണയായത്. 11 മാസമായി പണി മുടങ്ങിക്കിടക്കുന്ന റോഡിൽക്കൂടിയുള്ള യാത്ര ദുരിതപൂർണമായെന്ന വാർത്ത ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ചിരുന്നു.

ഇറാൻ യുദ്ധത്തെത്തുടർന്ന് ടാറിനുണ്ടായ വിലക്കയറ്റം പണിനടത്താൻ ആദ്യം തടസ്സമായി. ടാറിനു കൂടിയ വില നൽകാൻ സർക്കാർ തയ്യാറായതോടെ പ്രശ്‌നം പരിഹരിച്ചെന്നു കരുതി. എന്നാൽ, പിന്നീട് തമിഴ്‌നാട് സർക്കാരിന്റെ നയംകാരണം ടാറിങ്ങിനുള്ള മെറ്റൽ അടക്കമുള്ള സാധനങ്ങൾ കേരളത്തിലേക്കു കൊണ്ടുവരാൻ പറ്റാതായി. റോഡുപണിക്കുവേണ്ടി മറ്റു സ്ഥലങ്ങളിൽനിന്ന്‌ ഇവയുടെ ലഭ്യത ഉറപ്പുവരുത്തിയതായി കരാറുകാരൻ അറിയിച്ചതായി എം.എൽ.എ. പറഞ്ഞു.

2025 നവംബർ ഒന്നിനാണ് പാലമൂട്-ആഞ്ഞിലിമൂട് റോഡിന്റെ പണിതുടങ്ങിയത്. രണ്ടു കിലോമീറ്റർ ദൂരംവരുന്ന റോഡുപണിക്ക് 1.20 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ റോഡിലെ ഓടകളുടെയും കലുങ്കിന്റെയും പണികളാണ് നടത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി റോഡുപണിക്കായി ലെവൽ എടുക്കുന്ന ജോലി നടത്തി. അതിനുശേഷം മാസങ്ങളോളം പണിമുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായി റോഡിലെ പലഭാഗത്തും ടാറിങ് ഇളക്കിയശേഷം മെറ്റൽ വിരിച്ചു. അതിനുശേഷം പണി പൂർണമായി മുടങ്ങിക്കിടക്കുകയാണ്. മെറ്റലുകൾ ഇളകിക്കിടക്കുന്നതുകാരണം വാഹനയാത്രയും കാൽനടയാത്രയും ദുരിതത്തിലായിരിക്കുകയാണ്.

മെറ്റാഗാർഡ് എൻജിനിയറിങ് കമ്പനിയാണ് ടെൻഡർ എടുത്തിട്ടുള്ളത്. ആദ്യഘട്ടത്തിൽ നിലവിലുള്ള റോഡു പൊളിച്ച് റോളർവെച്ച് ഉരുട്ടി റീറോൾ ചെയ്യാനും രണ്ടാംഘട്ടമായി മെറ്റലിങ് നടത്തിയശേഷം നാലു സെന്റിമീറ്റർ കനത്തിൽ മെഷീൻടാറിങ് നടത്താനും ഇതിനുശേഷം സുരക്ഷാവരകളും സ്റ്റഡുകളും സിഗ്നൽബോർഡുകളും സ്ഥാപിക്കാനുമായിരുന്നു തീരുമാനം.

നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി ദിവസേന സഞ്ചരിക്കുന്നത്. കായംകുളം-പുനലൂർ റോഡിലെ ചാരുംമൂട് പാലമൂട് ജങ്ഷനിൽനിന്ന്‌ പുതുപ്പള്ളികുന്നം, ഇടക്കുന്നം, പുലിമേൽ, സബ്‌സ്റ്റേഷൻ ജങ്ഷൻ വഴി മാവേലിക്കര-പന്തളം റോഡിലെ ഇടപ്പോൺ ജങ്ഷനിൽ എത്തിച്ചേരുന്നതാണ് പാലമൂട്-ആഞ്ഞിലിമൂട്-ഇടപ്പോൺ റോഡ്. ഏഴു കിലോമീറ്ററാണ് ദൂരം. ഇതിൽ പൂർണമായി തകർന്നുകിടക്കുന്ന പാലമൂട് മുതൽ ആഞ്ഞിലിമൂട് വരെയുള്ള ഭാഗം നവീകരിക്കാനാണ് തുക അനുവദിച്ചത്.

കുഴികൾ നിറഞ്ഞ റോഡിൽ സ്ത്രീകളടക്കമുള്ള ഇരുചക്രവാഹനയാത്രക്കാർ നിരന്തരംവീണ് അപകടങ്ങളുണ്ടാകുന്നു. വാഹനങ്ങൾക്ക് കേടുപാടുകളുണ്ടാകുമെന്നതിനാൽ യാത്രക്കാർ മറ്റു റോഡുകളെയാണിപ്പോൾ ആശ്രയിക്കുന്നത്. കായംകുളം, താമരക്കുളം, വള്ളികുന്നം, കറ്റാനം ഭാഗങ്ങളിൽനിന്നു വരുന്ന വാഹനയാത്രക്കാർക്ക് നൂറനാട് പാറ ജങ്ഷനിൽ എത്താതെ പാലമൂട് വഴി എളുപ്പത്തിൽ ഇടപ്പോൺ, പടനിലം, പന്തളം ഭാഗങ്ങളിൽ എത്തിച്ചേരാം.

ആറുവർഷം മുൻപ്‌ ജില്ല പഞ്ചായത്ത് 50 ലക്ഷം മുടക്കി നവീകരിച്ച റോഡാണിപ്പോൾ സഞ്ചാരയോഗ്യമല്ലാതെ പൊട്ടിപ്പൊളിഞ്ഞ് കുഴികൾ നിറഞ്ഞിരിക്കുന്നത്.