ദേശീയപാതയ്ക്ക് 3,110 ചതുരശ്രമീറ്റർ സ്ഥലം കൈമാറാൻ റെയിൽവേ

To advertise here,

ചേർത്തല : സംസ്ഥാനത്തുതന്നെ ദേശീയപാതയോരത്തുള്ള അപൂർവ റെയിൽവേ സ്റ്റേഷനായ ചേർത്തലയുടെ വികസനത്തിനു മരണമണി. ദേശീയപാത രൂപരേഖയിലെ പിഴവുമൂലം സ്റ്റേഷനു മുന്നിൽ പാതനിർമാണം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് റെയിൽവേ ഭൂമി കൈമാറുന്നത്. ഭൂമി കൈമാറാതെ ഇവിടെ ഉയരപ്പാത നിർമിച്ച്‌ പരിഹാരം കാണാമെന്നിരി​ക്കേയാണ് അതിനു തയ്യാറാകാതെ റെയിൽവേ സ്റ്റേഷന്റെ വികസനസാധ്യതയില്ലാതാക്കിയുള്ള സ്ഥലക്കൈമാറ്റം. ഇതിനായി പ്രാഥമിക ധാരണയായി.

റെയിൽവേ സ്റ്റേഷൻ മതിലിനു പുറത്ത് ദേശീയപാത കൈവശംവെച്ചിരിക്കുന്നതടക്കം 3110.441 ചതുരശ്രമീറ്റർ സ്ഥലമാണ് നൽകുന്നത്. ഇതിൽ നിലവിൽ അതോറിറ്റിയുടെ കൈകളിലുള്ളതിനു പുറമേ​ സ്റ്റേഷന്റെ മതിലിനുള്ളിലുള്ളതടക്കം 428.03 ചതുരശ്രമീറ്റർ കൈമാറും. കൈമാറുന്ന ഭൂമിയുടെ വില ദേശീയപാതാ അതോറിറ്റി റെയിൽവേക്കു നൽകും. ഇത്രയും സ്ഥലം നൽകിയാൽപ്പോലും റെയിൽവേ സ്റ്റേഷനു മുന്നിൽ സർവീസ് റോഡ് വീതികുറച്ചുമാത്രമേ പൂർത്തിയാക്കാനാകൂ. റെയിൽവേയുടെ പാർക്കിങ് സ്ഥലവും ക്വാർട്ടേഴ്‌സുകൾക്കുമടക്കം ഇതു ഭീഷണിയാകും.

നാളുകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ സംസ്ഥാന റവന്യൂവിഭാഗം നടത്തിയ സർവേയിലാണ് റെയിൽവേ ഭൂമി ദേശീയപാത അതോറിറ്റി കൈയടക്കിയിരുന്നതായി കണ്ടെത്തിയത്.

നിലവിൽ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നുതിരിയാൻ ഇടമില്ലാത്ത സ്ഥിതിയാണ്. ഒരേസമയം രണ്ടു വാഹനങ്ങൾ യാത്രക്കാരുമായെത്തിയാൽത്തന്നെ പ്രധാന ഭാഗത്ത് കുരുക്കാകും. പരിമിതിയിൽനിന്ന്‌ ഇനിയും സ്ഥലം കൈമാറിയാൽ അതു വലിയ പ്രതിസന്ധിയായിമാറും. വലിയ സ്ഥലപരിമിതി നേരിടുന്ന തെക്കുഭാഗത്താണ് ദേശീയപാതാ അതോറിറ്റിക്കു സ്ഥലം വേണ്ടത്. ഇതു കൈമാറിയാൽ സ്റ്റേഷന്റെ ഭാവിവികസനസാധ്യതകളടയും.

പിഴച്ചത് ദേശീയപാതാ അതോറിറ്റിക്ക്

:രൂപരേഖ തയ്യാറാക്കിയപ്പോൾ ദേശീയപാതാ അതോറിറ്റിക്കുണ്ടായ പിഴവാണ് സ്റ്റേഷനു മുന്നിലെ പ്രതിസന്ധിക്കു കാരണം. റോഡിനു കിഴക്ക്‌ ഏറ്റെടുക്കാൻ സ്ഥലമുണ്ടായിട്ടും അതുചെയ്യാതെ റെയിൽവേസ്ഥലം സ്വന്തം സ്ഥലമായി കണക്കാക്കിയായിരുന്നു രൂപരേഖ തയ്യാറാക്കിയത്.

റെയിൽവേ സ്റ്റേഷന്‌ ഒരു പരിഗണനയും നൽകാതെയായിരുന്നു രൂപരേഖ. പ്രതിഷേധം രൂക്ഷമായപ്പോൾ അടിപ്പാത അനുവദിച്ചെങ്കിലും രൂപരേഖയിലെ പിഴവുമൂലം സ്ഥലപരിമിതി തടസ്സമായി.

നിലവിൽ ഉയരപ്പാതയിലൂടെ എല്ലാവിഷയങ്ങൾക്കും പരിഹാരമാകുമെങ്കിലും ഉള്ള സ്ഥലംകൊണ്ട്‌ പാത പൂർത്തിയാക്കാനുള്ള ശ്രമമാണു നടക്കുന്നത്.

ഉയരപ്പാത പണിത് പ്രതിസന്ധി പരിഹരിക്കണം

റെയിൽവേ സ്റ്റേഷന്റെ വികസനത്തിനു തടസ്സമുണ്ടാകുന്ന നടപടി പാടില്ല. രൂപരേഖയിലും സ്ഥലമെടുപ്പിലും ദേശീയപാത അതോറിറ്റിക്കുണ്ടായ വീഴ്ചയാണു പ്രതിസന്ധിയായത്. പരിഹാരം ഉയരപ്പാത മാത്രമാണ്. ഉയരപ്പാതയൊരുക്കാൻ സ്ഥലമെടുക്കേണ്ടി വരുന്നില്ല. ദിവസേന ആയിരങ്ങളെത്തുന്ന റെയിൽവേ സ്റ്റേഷന്റെയും ചേർത്തലയുടെയും വികസനത്തിന്‌ ഇതു വഴിയൊരുക്കും.

വി.വി. പവിത്രൻ

കയർവ്യവസായി