ആലപ്പുഴ : പുനർനിർമിച്ച റെയിൽവേ സ്റ്റേഷൻ കവാടത്തിലെ കോൺക്രീറ്റ് റോഡിൽ ഉദ്ഘാടനത്തിനു മുൻപേ വിള്ളൽ. സ്റ്റേഷനു വടക്കുവശമുള്ള അപ്രോച്ച് റോഡിൽ റെയിൽവേ ഗേറ്റു മുതൽ സ്റ്റേഷൻ വരെയുള്ള ഭാഗത്താണു വിള്ളലുകളുണ്ടായത്. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള നിർമാണത്തിന്റെ ഭാഗമായാണ് ഇവിടെ റോഡ് പുനർനിർമിച്ചത്. കോൺക്രീറ്റിങ് ജോലികൾക്കായി ജൂൺ 11 മുതൽ ഓഗസ്റ്റ് ഒൻപതുവരെ ഇതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 45 ദിവസം കൊണ്ടു പൂർത്തിയാക്കുമെന്നു പറഞ്ഞു തുടങ്ങിയ പണികൾ മൂന്നു മാസത്തോളം നീളുകയായിരുന്നു. ടാറിങ്ങിനു ശേഷം കോൺക്രീറ്റ് ചെയ്ത റോഡിൽ ആഴ്ചകൾ കഴിയുന്നതിനു മുൻപേ വിള്ളലുകൾ വീണതു നിർമാണത്തിലെ അപാകമാണെന്നും കോൺക്രീറ്റ് എക്സ്പാൻഷൻ ജോയ്ന്റ് കൃത്യമായി ഉപയോഗിച്ചിട്ടില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
കുഴികളായി കിടന്നിരുന്ന റോഡു നവീകരിച്ചെങ്കിലും മഴ പെയ്യുമ്പോൾ നിലവിൽ രൂപപ്പെട്ട വിള്ളലുകളിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. ഇതു റോഡിന്റെ തകർച്ചയ്ക്കു വഴിവെയ്ക്കും. കോൺക്രീറ്റിലെ വിടവു ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടഭീഷണിയാണ്. കൂടാതെ ബസ്സുകൾ അടക്കമുള്ള വാഹനങ്ങൾ അമിതവേഗത്തിലാണ് ഇതുവഴി സഞ്ചരിക്കുന്നതെന്നും യാത്രക്കാർ പറയുന്നു. ബീച്ച് റോഡിൽനിന്നു വാഹനങ്ങൾ വളവു തിരിഞ്ഞുവരുന്നിടത്തു റോഡിനുനടുവിൽ വലിയ തൂണുകളോടു കൂടിയ കമാനം നിർമിച്ചതും യാത്രക്കാർക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു. കമാനത്തിന്റെ തൂണുകളിൽ വാഹനങ്ങൾ ഉരസുന്നതു പതിവായിട്ടുണ്ട്.
Published: 18 Nov 2026, 02:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented