ഓച്ചിറ : ഭക്തിയും സ്‌നേഹവും ആർദ്രതയുമാണ് കെ.എസ്. ചിത്രയുടെ പാട്ടുകളുടെ സവിശേഷതയെന്ന് കെ.സി. വേണുഗോപാൽ എം.പി. പറഞ്ഞു. ഓച്ചിറ പരബ്രഹ്‌മക്ഷേത്രത്തിലെ വൃശ്ചികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

ചടങ്ങിൽ പ്രഥമ പരബ്രഹ്‌മകീർത്തി പുരസ്‌കാരം കെ.എസ്. ചിത്രയ്ക്ക് വേണുഗോപാൽ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും കീർത്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അമ്പലവും ചുറ്റുമതിലും ഒന്നുമില്ലാത്ത ഓച്ചിറ ക്ഷേത്രസങ്കൽപ്പം അദ്ഭുതത്തോടെയാണു കാണുന്നതെന്ന് ചിത്ര പറഞ്ഞു. തുടർന്ന്, ‘അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഒാംകാരമൂർത്തി ഓച്ചിറയിൽ’ എന്ന പ്രസിദ്ധമായ ഗാനവും അവർ ആലപിച്ചു.

ക്ഷേത്ര ഭരണസമിതി സെക്രട്ടറിയും പ്രസിഡന്റും ചേർന്ന് പ്രത്യേക ഫലകം നൽകി കെ.സി. വേണുഗോപാലിനെ ആദരിച്ചു. സി.ആർ. മഹേഷ് എം.എൽ.എ. യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡോ. അനിൽ മുഹമ്മദ് പ്രശസ്തിപത്ര അവതരണവും ഭരണസമിതി പ്രസിഡന്റ് രാജീവ് കടകംപള്ളിൽ തീർത്ഥാടനസന്ദേശവും നൽകി.

ഭരണസമിതി സെക്രട്ടറി ബി.എസ്. വിനോദ്, വൈസ് പ്രസിഡന്റ് ആർ.ഡി. പത്മകുമാർ, ട്രഷറർ സാഗർ മക്കാടം, കെ.പി.സി.സി. സെക്രട്ടറി എൻ. രവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനൻ, പഞ്ചായത്ത് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, നജീബ് മണ്ണേൽ, പി.ബി. സത്യദേവൻ, ആർ. സോമൻപിള്ള എന്നിവർ പ്രസംഗിച്ചു.

ഓച്ചിറയിൽ ഇന്ന്

രാവിലെ എട്ടിന് ആദ്ധ്യാത്മിക പാരായണം, 8.30-ന് നാരായണീയ പാരായണം, ഒൻപതിന് ഗാനാർച്ചന, 9.30-ന് ഭജൻസ്, 10.15-നും 10.45-നും തിരുവാതിര, 11.15-ന് കരോക്കെ ഗാനമേള, 12-ന് ഭജൻസ്, ഒന്നിന് തിരുവാതിര, 1.30-ന് ശ്രീനാരായണഗുരു സ്‌തോത്രാലാപനം, 2.30-ന് തിരുവാതിര, നാടൻപാട്ട്. മൂന്നിന് യുവജനസമ്മേളനം: ഉദ്ഘാടനം മന്ത്രി എം. ലിജു. രാത്രി ഏഴിന് ഭരതനാട്യം, എട്ടിന് കേരളനടനം, 10-ന് നാടൻപാട്ട്.