പൂച്ചാക്കൽ : അരൂർ സർക്കിറ്റ് ഇക്കോ ടൂറിസം പദ്ധതിയിൽ പെരുമ്പളത്തെയും ഉൾപ്പെടുത്തണമെന്ന ആവശ്യമുയർന്നു. സർക്കിറ്റ് ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ പുറത്തുവന്ന പട്ടികയിൽ പെരുമ്പളം ഉൾപ്പെട്ടിട്ടില്ല. ജൈവവൈവിധ്യ ഗ്രാമമായ പെരുമ്പളത്തിന് ടൂറിസംപദ്ധതിയിൽ പ്രധാന സ്ഥാനമുണ്ടാകേണ്ടതാണ്.
കേരളത്തിൽ കായലിൽ നിർമിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും നീളംകൂടിയ പാലം പെരുമ്പളം പാലമാണ്. പെരുമ്പളം പാലം കഴിഞ്ഞ മാർച്ചിലാണ് ഗതാഗതത്തിനു തുറന്നുനൽകിയത്.
പാലം കാണാൻ ഒട്ടേറെ ആളുകൾ പെരുമ്പളത്തേക്ക് എത്തുന്നുണ്ട്. നിലവിൽ സ്വകാര്യമേഖലയിലെ കയാക്കിങ് സൗകര്യം ഉൾപ്പെടെ പെരുമ്പളത്തുണ്ട്. പാലം നിർമിച്ചതിനുശേഷം വിനോദസഞ്ചാര വികസനസാധ്യതകൾ വർധിച്ചിട്ടുമുണ്ട്.
പെരുമ്പളം സൗത്ത് ബോട്ടുജെട്ടി മുതൽ പെരുമ്പളം നോർത്ത് ഭാഗംവരെ വളരെ വ്യത്യസ്തമായ കായൽക്കാഴ്ചകൾ ആസ്വദിക്കാൻ കഴിയും. പെരുമ്പളത്തിന്റെ തെക്കൻഭാഗങ്ങളിൽ ഏതാനും തുരുത്തുകളുമുണ്ട്. പടിഞ്ഞാറു ഭാഗത്ത് ജനങ്ങൾ താമസിക്കുന്ന ഉപ്പുതുരുത്തുമുണ്ട്. പെരുമ്പളത്തിന്റെ പ്രശസ്തി
ദൂരദിക്കുകളിൽ എത്തിച്ചിട്ടുള്ള പെരുമ്പളം കുടംപുളി, ഗുണമേന്മയേറിയ നാളികേരം, അപൂർവ ഇനങ്ങളിൽപ്പെടുന്ന പച്ചക്കറി, പഴവർഗങ്ങൾ, സർപ്പക്കാവുകൾ, ഉദയാസ്തമയ കാഴ്ചകൾ തുടങ്ങിയവ ടൂറിസംസാധ്യതയ്ക്കുള്ള വ്യാപ്തി വർധിപ്പിക്കുന്നു.
അരൂർ സർക്കിറ്റ് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾക്കായി 4.95 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതിയിൽ പെരുമ്പളം പഞ്ചായത്തിനെയും ഉൾപ്പെടുത്തണമെന്നതാണ് പെരുമ്പളത്തുകാരുടെ ആവശ്യം. ഇക്കോ ടൂറിസം ഡയറക്ടർ വിനോദ് തയ്യാറാക്കിയ കരടു മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിലാണ് സർക്കിറ്റ് ടൂറിസം ആദ്യഘട്ടപ്രവർത്തനം നടത്തേണ്ടതായ സ്ഥലങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തിൽത്തന്നെ പെരുമ്പളത്തെയും ഉൾപ്പെടുത്തണമെന്നതാണ് ആവശ്യം. ഡെപ്യൂട്ടി സ്പീക്കറും അരൂർ എം.എൽ.എ.യുമായ ഷാനിമോൾ ഉസ്മാന്റെ ഇടപെടലിനെത്തുടർന്നാണ് അരൂർ സർക്കിറ്റ് ടൂറിസം പദ്ധതി പ്രാവർത്തികമാകുന്നത്.
Published: 05 Nov 2026, 02:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented