കായംകുളം : പുള്ളിക്കണക്ക് കൊച്ചാലുംമൂട് -പനയന്നാർകാവ് റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. തകർന്നുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുരിതമായിമാറുകയാണ്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡു പുനരുദ്ധാരണ ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ ചെലവാക്കി 2021-ൽ റോഡ് ടാർചെയ്‌തിരുന്നു. എന്നാൽ, അഞ്ചുവർഷം കഴിഞ്ഞതോടെ റോഡു തകർന്നു.

To advertise here,

കൃഷ്ണപുരം ഗ്രാമപ്പഞ്ചായത്തിലെ കൊച്ചാലുമൂടിനെയും പനയന്നാർകാവിനെയും ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. റോഡ് ജില്ല പഞ്ചായത്തിന്റെ അധീനതയിലാണ്. സമീപത്തെ സ്‌കൂളുകളിലേക്ക് വിദ്യാർഥികൾ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. പുള്ളിക്കണക്ക് ഭാഗത്തുള്ളവർ വള്ളികുന്നം, ചൂനാട് ഭാഗത്തേക്കു പോകുന്നതും കൊച്ചാലുമൂട് -പനയന്നാർകാവ് റോഡിലൂടെയാണ്. ദിവസവും ഇരുപതോളം സ്‌കൂൾ ബസുകൾ ഇതുവഴി പോകുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

കൃഷ്ണപുരം പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിൽ കൂടിയാണ് റോഡ് കടന്നുപോകുന്നത്. ഈ ഭാഗത്തേക്ക് ഓട്ടംപോകാൻ ഓട്ടോറിക്ഷകൾപോലും കിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കൊച്ചാലുംമൂട് -പനയന്നാർകാവ് റോഡിന്റെ പലഭാഗങ്ങളിലും മെറ്റലിളകി റോഡ് സഞ്ചാരയോഗ്യമല്ലാതായിത്തീർന്നിട്ടുണ്ട്.

വിദ്യാർഥികൾ സൈക്കിളിൽ യാത്രചെയ്യുമ്പോൾ ഇവിടെ മറിഞ്ഞുവീണ് അപകടമുണ്ടാകുന്നുണ്ട്. ദിവസവും നൂറുകണക്കിനു യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. റോഡു നന്നാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.