ഹരിപ്പാട് : മണ്ണാറശാല നാഗരാജാക്ഷേത്ത്രതിലെ ആയില്യം പൂജയിലെ അത്യപൂർവ ചടങ്ങായ തട്ടിന്മേൽ നൂറുംപാലും കണ്ടുതൊഴുത് ഭക്തർ. തുലാംമാസത്തിലെ ആയില്യം നാളായിരുന്ന തിങ്കളാഴ്ച രാത്രി പത്തരയ്ക്കുശേഷമായിരുന്നു ഈ ചടങ്ങ്. ഉച്ചയ്ക്ക് ആയില്യം എഴുന്നള്ളത്തിനുപിന്നാലെ മണ്ണാറശാല ഇല്ലത്തെ പുരാതനമായ നിലവറയുടെ തളത്തിൽ വലിയമ്മ സാവിത്രി അന്തർജനം ആയില്യംപൂജ തുടങ്ങി. രാത്രി പത്തരയോടെയാണ് ആയില്യംപൂജ പൂർത്തിയായത്. പിന്നാലെ, വലിയമ്മയുടെ അനുമതിയോടെ കാരണവരായ എം.ജി. ജയകുമാറാണ് തട്ടിന്മേൽ നൂറുംപാലും നടത്തിയത്.
കന്നി, തുലാംമാസങ്ങളിലെ ആയില്യത്തിനു മുന്നോടിയായി മണ്ണാറാശാലയിൽ കാവിൽപ്പൂജ പതിവാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട കാവുകളിലെ നാഗങ്ങൾക്കെല്ലാം പൂജനടത്തും. ദിവസങ്ങളോളം നീളുന്ന ചടങ്ങാണിത്. ആയില്യം ഉത്സവത്തിന് ഭൂമിയിലെ സർപ്പങ്ങൾക്കെല്ലാം ബലിയർപ്പിക്കും. ഇതിനൊപ്പം ആകാശസർപ്പങ്ങളെ സങ്കല്പിച്ചാണ് തട്ടിന്മേൽ നൂറുംപാലും നടത്തുന്നത്.
പുരാതന നിലവറ സ്ഥിതിചെയ്യുന്ന മണ്ണാറശാല ഇല്ലത്തിന്റെ തെക്കേമുറ്റത്തെ സർപ്പംപാട്ട് തറയിൽ താത്കാലികമായി കെട്ടിയുയർത്തുന്ന തട്ടിന്റെ മുകളിൽ കയറിനിന്നാണ് ഈ ചടങ്ങ് നിർവഹിക്കുന്നത്. ആയില്യം ഉത്സവത്തിനുശേഷം മകം നാളായിരുന്ന ചൊവ്വാഴ്ച രാവിലെ ശുദ്ധിക്രിയകൾക്കുശേഷം നടതുറന്നു.
Published: 04 Nov 2026, 02:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented