വാക്കുപാലിച്ച് മാന്നാർ പഞ്ചായത്ത്‌

To advertise here,

​മാന്നാർ : വിത്തുവിതരണത്തിലെ ആശങ്കൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് മാന്നാർ പഞ്ചായത്ത് നെൽക്കർഷകർക്കു നൽകിയ വാക്കുപാലിച്ചു. ആദ്യഘട്ട നെൽവിത്തു വിതരണം ബുധനാഴ്ച തുടങ്ങി.

അപ്പർ കുട്ടനാടൻ മേഖലയായ മാന്നാർ പഞ്ചായത്തിലെ കുരട്ടിശ്ശേരി വില്ലേജിൽ ഉൾപ്പെടുന്ന 1,560 ഏക്കർ വരുന്ന കുരട്ടിശ്ശേരി പുഞ്ചയിൽ നെൽക്കൃഷിക്കായി ഇത്തവണ പഞ്ചായത്തിൽനിന്ന്‌ നെൽവിത്തിനു പകരം പണം നൽകുമെന്നഅറിയിപ്പ് കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടർന്ന്‌, നെൽക്കൃഷി ഉപേഷിക്കാനൊരുങ്ങിയ കർഷകരുടെ ആശങ്കയും ദുരിതവും സംബന്ധിച്ച്‌ മാതൃഭൂമി വാർത്ത നൽകിയിരുന്നു.

വിഷയം മന്ത്രിതലത്തിൽവരെ എത്തിയതോടെ അടിയന്തര ചർച്ചകൾക്കുശേഷം വിത്തു നൽകാമെന്ന് പഞ്ചായത്ത് വാക്കുനൽകുകയും നെൽവിത്തിനായി 15 ലക്ഷം രൂപയും ഹെക്ടറിന് പതിനായിരം രൂപ നിരക്കിൽ കൂലിച്ചെലവിനത്തിൽ 25 ലക്ഷവും ചേർത്ത് 40 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി. കൂടാതെ, ആലപ്പുഴ ജില്ല പഞ്ചായത്തിൽനിന്ന്‌ 10 ലക്ഷം രൂപയും മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിൽനിന്ന് ഏഴുലക്ഷം രൂപയും ഉൾപ്പെടെ 57 ലക്ഷം രൂപയാണ് നെൽക്കൃഷിക്കായി ഇത്തവണ നീക്കിവെച്ചിട്ടുള്ളത്.

നെൽവിത്ത്‌ ലഭിക്കുമെന്ന് ഉറപ്പു ലഭിച്ചതിനെത്തുടർന്നാണ് കുരട്ടിശ്ശേരി പുഞ്ചയിൽ കൃഷിയൊരുക്കം തുടങ്ങിയതും. 34 ടൺ നെൽവിത്താണ് കുരട്ടിശ്ശേരി പാടശേഖരത്തിൽ വേണ്ടിവരുന്നത്. വിത തുടങ്ങുന്നതിനു സജ്ജമായ പാടശേഖരങ്ങൾക്കായി 10 ടൺ വിത്താണ് ബുധനാഴ്ച വിതരണംചെയ്തത്. മറ്റു പാടശേഖരങ്ങൾക്കുള്ള വിത്തുകളും ഉടൻ വിതരണംചെയ്യും.​

ഉമയെത്തി; കർഷകർ ഉഷാറായി

​കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലുംഈ വർഷത്തെ പുഞ്ചക്കൃഷിക്കുള്ള വിത്തുവിതരണം ഏറെ പ്രതിസന്ധി നിറഞ്ഞ സമയത്ത്, മാന്നാർ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും എം.എൽ.എ. സജി ചെറിയാന്റെയും ശക്തമായ ഇടപെടലിന്റെ ഭാഗമായിട്ടാണ് ആദ്യഘട്ട വിതരണത്തിനുള്ള ‘ഉമ’ നെൽവിത്ത് എത്തിയത്. 2026-27 പുഞ്ചക്കൃഷിയുടെ പദ്ധതിയിൽ നെൽവിത്തിനു പകരം വിത്തിന്റെ തുക നൽകാനാണ് തീരുമാനിച്ചത്. എന്നാൽ, വീണ്ടും കർഷകരും പാടശേഖരസമിതികളും ആവശ്യപ്പെട്ടതനുസരിച്ച് പദ്ധതി പുതുക്കിയാണ് ഇപ്പോൾ വിത്തുവിതരണം നടത്തുന്നത്.

മാന്നാർ ഗ്രാമപ്പഞ്ചായത്ത് ജനകീയയാസൂത്രണ പദ്ധതിപ്രകാരം പഞ്ചായത്തിലെ നെൽക്കർഷകർക്കുള്ള വിത്തുവിതരണ ഉദ്ഘാടനം സംയുക്ത പാടശേഖരസമിതി സെക്രട്ടറി പി.ബി. ഗീരീഷിന് വിത്തുനൽകി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.എ. ലത അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ ടൈറ്റസ് പി. കുര്യൻ, എസ്. ചന്ദ്രകുമാർ, ആർ. ശ്യാമളവല്ലി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ലേഖനകുമാരി, ചാക്കോ കയ്യത്ര, കെ.എം. ശിവകുമാർ, സേതുലക്ഷ്മി, ഇടപുഞ്ച കിഴക്ക് പാടശേഖരസമിതി ഭാരവാഹികളായ മുത്തുക്കൃഷ്ണൻ, സുകുമാരൻ, ഇടപുഞ്ച പടിഞ്ഞാറ് പാടശേഖരസമിതി സെക്രട്ടറി എബി വി. ഫിലിപ്പ്‌, മാന്നാർ കൃഷി ഓഫീസർ പി.സി. ഹരികുമാർ, മാന്നാർ കൃഷി ഓഫീസർ ഇൻചാർജ് വി. ശ്രീലക്ഷ്മി,അസി. കൃഷി ഓഫീസർ സുധീർ എന്നിവർ സംസാരിച്ചു.