ചേർത്തല : ശാന്തയുടെ ഓർമ്മകൾ ഇനിയും താലൂക്ക് ഓഫീസിനു കാവലാകും. ഒന്നരപ്പതിറ്റാണ്ടായി ചേർത്തല താലൂക്ക് ഓഫീസിലെ ‘സഹപ്രവർത്തക’ യായിരുന്ന നായ കഴിഞ്ഞദിവസമാണു ചത്തത്. ഓഫീസ് വളപ്പിൽ ആചാരപരമായ സംസ്‌കാരമൊരുക്കിയാണ് ജീവനക്കാർ ആദരിച്ചത്. വിരമിച്ചുപോയവരും ഉദ്യോഗസ്ഥരും സംസ്‌കാരത്തിൽ പങ്കെടുത്തു.
വർഷങ്ങൾക്കു മുൻപേ ആരോ താലൂക്ക് ഓഫീസ് വളപ്പിൽ ഉപേഷിച്ചതായിരുന്നു നായക്കുട്ടിയെ. വിശന്നുവലഞ്ഞ നായക്കുട്ടിക്ക് ജീവനക്കാർ ആഹാരം നൽകി. ജീവനക്കാരിട്ട പേരായിരുന്ന ശാന്ത. കഴിഞ്ഞ 15 വർഷമായി നിശ്ശബ്ദ കാവൽക്കാരിയായി വളപ്പിൽ ശാന്തയുണ്ടായിരുന്നു. ജീവനക്കാർ മാറിമാറി വന്നെങ്കിലും ശാന്ത എല്ലാവരുടെയും പ്രിയങ്കരിയായി വളർന്നു.
പേരുപോലെ തന്നെ ശാന്തയായിരുന്നു അവൾ. നൂറുകണക്കിനുപേർ ദിവസവും എത്തുന്ന ഓഫീസിൽ ഒരാൾക്കു നേരേയും കുരച്ചു ചാടാതെയായിരുന്നു ശാന്തയുടെ പകലുകൾ. എന്നാൽ, രാത്രിയിൽ ഓഫീസിന്റെ കാവൽച്ചുമതലയിൽ കാർക്കശ്യക്കാരിയായി ആരെയും ഓഫീസ് വളപ്പിലേക്കു കടത്തിവിടാത്ത തരത്തിലായിരുന്നു ഇടപെടൽ.
ശാന്തയോടുള്ള സ്‌നേഹത്തിൽ ഒഴിവുദിവസങ്ങളിലും ജീവനക്കാർ ഊഴമനുസരിച്ച് ഭക്ഷണം എത്തിച്ചുനൽകി. വിരമിക്കുന്നവരും സ്ഥലംമാറിപ്പോകുന്നവരും ചെറിയ സത്കാരങ്ങളിൽപ്പോലും ശാന്തയെ പങ്കാളിയാക്കി.
കഴിഞ്ഞദിവസം ഓഫീസ് വളപ്പിൽ ജീവൻപൊലിഞ്ഞപ്പോൾ ഒരു സഹപ്രവർത്തകൻ വിടപറഞ്ഞതുപോലെയാണ് അനുഭവപ്പെട്ടത്. റിട്ട.ഡെപ്യൂട്ടി തഹസിൽദാർ പി. സത്യചന്ദ്രൻ, ജീവനക്കാരായ ശ്യാംകുമാർ, തങ്കച്ചൻ തോട്ടുങ്കര, മനോജ്, ശംഭു എന്നിവരുടെ നേതൃത്വത്തിൽ പൊന്നാട പുതപ്പിച്ച്, പൂക്കൾ വിതറിയാണ് സംസ്‌കാരം നടത്തിയത്.
Published: 07 Oct 2026, 02:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented