ജലഗതാഗതവകുപ്പ് ബജറ്റ് ടൂറിസം പദ്ധതി

To advertise here,

പൂച്ചാക്കൽ : ജലഗതാഗതവകുപ്പ് വൈക്കത്തുനിന്ന്‌ ബജറ്റ് ടൂറിസം പദ്ധതി തുടങ്ങുന്നു. വൈക്കത്തുനിന്ന്‌ കാട്ടിക്കുന്ന്‌ പാലാക്കരി ഫിഷ് ഫാമിലേക്കു വേമ്പനാട്ടുകായലിലൂടെ ബോട്ടുയാത്രയാണ് ഒരുങ്ങുന്നത്. ആലപ്പുഴ ജില്ലയിലെ തവണക്കടവിനെ ബന്ധിപ്പിച്ചുകൊണ്ട്‌ ദിവസേന ട്രിപ്പുകൾ ഉണ്ടാകും.

ആലപ്പുഴ ജില്ലക്കാർക്കും വൈക്കത്തെത്താതെ ട്രിപ്പ് ആസ്വദിക്കാം. എട്ടിന് ഉച്ചയ്ക്ക് 12-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വൈക്കത്ത്‌ പദ്ധതി ഉദ്ഘാടനം ചെയ്യും.ആദ്യഘട്ടമെന്ന നിലയിൽ വൈക്കം ബോട്ടുജെട്ടിയിൽനിന്ന്‌ ദിവസവും രാവിലെ 10.30-നു പുറപ്പെടുന്ന ബോട്ട് തവണക്കടവു ജെട്ടിയിലെത്തും.

ആലപ്പുഴ ജില്ലയിൽനിന്നുള്ള സഞ്ചാരികളെയും കയറ്റി ഒന്നരമണിക്കൂർകൊണ്ട് മത്സ്യഫെഡിന്റെ ഉടമസ്ഥതയിലുള്ള പാലാക്കരി ഫിഷ് ഫാമിലെത്തും. അവിടെ മൂന്നു മണിക്കൂർ സമയം ചെലവഴിക്കാനാകും. ചൂണ്ടയിടീൽ, പെഡൽ ബോട്ടിങ്, കുട്ടികൾക്കുള്ള റൈഡുകൾ, വിവിധ മീനുകളെ നേരിൽ കാണാനുള്ള സൗകര്യം, വാട്ടർ സൈക്ളിങ്, മറ്റ് ഉല്ലാസ ഗെയിമുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്. 75-പേർക്ക് യാത്രചെയ്യാവുന്ന സോളാർ ബോട്ടാണ് ഉപയോഗിക്കുക.

പാലാക്കരിയിൽ ഉച്ചഭക്ഷണം ഉൾപ്പെടെ ലഭ്യമാക്കുന്ന നിലയിലാണ് പദ്ധതിയെന്ന് വൈക്കം സ്റ്റേഷൻ മാസ്റ്റർ കെ.വി. സുരേഷ് പറഞ്ഞു.

ഒരാൾക്ക് യാത്രച്ചെലവ്, ഭക്ഷണം, ചായ, ലഘുഭക്ഷണം, ചൂണ്ടയിടൽ ഉൾപ്പടെ 750 രൂപയാണു നിരക്ക്.ജലഗതാഗതവകുപ്പ് നിലവിൽ വൈക്കം-തവണക്കടവ് ജലപാതയിൽ ബോട്ട് സർവീസ് നടത്തുന്നുണ്ട്. ബജറ്റ് ടൂറിസം പദ്ധതി ആദ്യമായാണ് ഇവിടെ

നടപ്പാക്കുന്നത്. നിലവിൽ നാലു ബോട്ടുകളാണ് വൈക്കം-തവണക്കടവ് റൂട്ടിൽ സർവീസ് നടത്തുന്നത്. പ്രതിദിനം ശരാശരി 5,000 യാത്രക്കാർ ഇരുകരകളിലേക്കും ബോട്ടുയാത്ര ചെയ്യുന്നുണ്ടെന്നാണു കണക്ക്. കെ.എസ്.ആർ.ടി.സി.യുമായി ചേർന്ന്‌ ബജറ്റ് ടൂറിസം പദ്ധതി നടപ്പാക്കാനുള്ള ഇടപെടലും പുരോഗമിക്കുകയാണ്. കെ.എസ്.ആർ.ടി.സി. ബസിൽ വരുന്നവരെ രാവിലെ 11-നും വൈകീട്ട് നാലിനും ഇടയിൽ വേമ്പനാട്ടുകായൽ സവാരികൂടി ഉൾപ്പെടുത്താനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. ദൈനംദിന ബോട്ട് സർവീസിനെ ബാധിക്കാത്ത തരത്തിലാകും പദ്ധതി. ഇതിലൂടെ അധിക വരുമാനം കണ്ടെത്താനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

പെരുമ്പളത്തേക്കും പാതിരാമണലിലേക്കും യാത്ര പരിഗണനയിൽ

പുതിയ സോളാർ ബോട്ടുകൾ എത്തിച്ച് തണ്ണീർമുക്കം ബണ്ട് തുറന്നിടുന്ന സമയത്ത് പാതിരാമണൽ വരെയും അല്ലാത്ത സമയത്ത് തണ്ണീർമുക്കം ബണ്ടുവരെയും ടൂറിസം ബോട്ട് യാത്ര പരിഗണനയിലാണ്. വൈക്കം ജെട്ടിയിൽനിന്ന് കായലിലൂടെ പൂത്തോട്ട, പെരുമ്പളം എന്നിവിടങ്ങളിലേക്കും മൂവാറ്റുപുഴയാറിലൂടെ വൈക്കത്തിന്റെ ഉൾനാടൻ കാഴ്ചകൾ കാണാനുള്ള പദ്ധതിയും തുടങ്ങുമെന്നാണ് ജലഗതാഗതവകുപ്പ് അധികൃതർ പറയുന്നത്.