കായംകുളം : പത്തിയൂരിലെ പുളിയറ റെയിൽവേ ലെവൽക്രോസ് അടയ്ക്കാനുള്ള നീക്കം പ്രദേശവാസികളുടെ യാത്രാസൗകര്യത്തെ ബാധിക്കും. തീരദേശ റെയിൽപാതയിലെ 11 ലെവൽ ക്രോസുകൾ അടച്ചുപൂട്ടാനാണ് റെയിൽവേ നീക്കം. ഇതിൽ പത്തിയൂർ പുളിയറ ലെവൽക്രോസുമുണ്ട്. പുളയറ ചിറക്കുളങ്ങര പഞ്ചായത്ത് റോഡിലാണ് ലെവൽക്രോസുള്ളത്.
എരുവ കാക്കനാട് റോഡിനെ ചിറക്കുളങ്ങര പത്തിയൂർ പ്രദേശവുമായി ബന്ധിപ്പിക്കുന്നതാണ് പുളയറ ചിറക്കുളങ്ങര പഞ്ചായത്ത് റോഡ്. കായംകുളം റെയിൽവേ സ്‌റ്റേഷനിൽനിന്നുള്ള മൂന്നാമത്തെ ഗേറ്റാണിത്. ലെവൽക്രോസിനു സമീപം എസ്.കെ.വി. എച്ച്.എസ്.എസ്. സ്‌കൂളുമുണ്ട്. ഇവിടേക്കു വരുന്ന വിദ്യാർഥികളെയാണ് ലെവൽക്രോസ് അടയ്ക്കുന്നത് ഏറെ ബാധിക്കുന്നത്.
ലെവൽക്രോസ് അടച്ചാൽ പ്രദേശവാസികൾ ഒന്നരക്കിലോമീറ്ററോളം ചുറ്റിക്കറങ്ങേണ്ടിവരും. പ്രദേശവാസികൾക്ക് എരുവ ക്ഷേത്രത്തിലേക്കും കാക്കനാട് ഭാഗത്തേക്കും എളുപ്പം എത്താനുള്ള മാർഗമാണ് പുളിയറ ലെവൽക്രോസ്. പഞ്ചായത്ത് റോഡ് അടച്ചാൽ സമീപത്തെ വീടുകളിലേക്കുള്ള യാത്രാസൗകര്യത്തെയും ഇതു ബാധിക്കും. ജനസാന്ദ്രതയുള്ള മേഖലകളിലെ ലെവൽ ക്രോസ് അടയ്ക്കുന്നത് പ്രദേശവാസികളുടെ യാത്രയും ദൈനംദിനജീവിതവും കൂടുതൽ ദുരിതത്തിലാക്കും.
ലെവൽ ക്രോസുകൾ അടച്ച് പകരം സമാന്തര റോഡു നിർമിച്ച് പ്രധാന റോഡുമായി ബന്ധിപ്പിക്കാമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഇതിന് ആവശ്യമായ ഭൂമിയും സൗകര്യങ്ങളും ലഭിച്ചില്ലങ്കിൽ ഈ നീക്കത്തിനു തിരിച്ചടിയാകും. ലെവൽക്രോസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ട് നൽകാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നിർദേശം നൽകിയിരുന്നു. കഴിഞ്ഞദിവസം പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്ന് ലെവൽക്രോസ് പൂട്ടുന്നതിനെതിരേ പ്രമേയം പാസാക്കിയിരുന്നു.
Published: 07 Oct 2026, 02:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented