കൊടുങ്ങല്ലൂർ : സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 2021-22, 2022-23 വർഷങ്ങളിൽ ഒന്നരക്കോടി രൂപ വീതം അനുവദിച്ചതോടെ വലിയതോട്-പെരുംതോടിന്റെ 7.18 കിലോമീറ്റർ ദൂരത്തിൽ ഏതാനും നിർമാണപ്രവർത്തനങ്ങൾ നടത്താൻ ജലസേചന വിഭാഗത്തിന് കഴിഞ്ഞു.

To advertise here,

എന്നാൽ, ഇതോടൊപ്പം പൂർത്തിയാകേണ്ട നിരവധി പദ്ധതികൾ നടപ്പാക്കുന്നതിന് കരാറുകാർ കാലതാമസം വരുത്തുകയാണ്. ശ്രീനാരായണപുരം പഞ്ചായത്തിൽ കട്ടൻ ബസാർ തെക്കുഭാഗത്ത് പഴയ ജലസംഭരണിക്കു സമീപമുണ്ടായിരുന്ന ചെറിയ കനാൽ പൊളിച്ചുനീക്കി 10 മീറ്റർ നീളത്തിലും ആറു മീറ്റർ വീതിയിലും ഗതാഗതയോഗ്യമായ പുതിയ പാലം നിർമിച്ചത് പ്രദേശത്തെ ജനങ്ങൾക്ക് ഏറെ ഉപകരപ്രദമായി. മാത്രമല്ല, ഇവിടെ തോടിന്റെ ഇരുഭാഗങ്ങളിലുമായി 200 മീറ്റർ ദൂരത്തിൽ കരിങ്കൽഭിത്തി കെട്ടി സംരക്ഷണമൊരുക്കാൻ കഴിഞ്ഞതും അടുത്ത കാലത്താണ്.

പെരിഞ്ഞനത്ത് നടപ്പാലത്തിനായി കരാർനടപടികൾ പൂർത്തിയായങ്കിലും നിർമാണം തുടങ്ങിയിട്ടില്ല. മതിലകം കുടുക്കവളവിൽ 50 മീറ്റർ സംരക്ഷണഭിത്തിയും എടവിലങ്ങിൽ 110 മീറ്റർ സംരക്ഷണഭിത്തിയുടെയും ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ടെങ്കിലും ജോലികളാരംഭിച്ചിട്ടില്ല.

തോട്ടിലൂടെ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനും വെള്ളത്തിന്റെ ഒഴുക്കു നിയന്ത്രിച്ച് കൃഷിക്കും മറ്റാവശ്യങ്ങൾക്കും ഉപയോഗപ്പെടുത്തുന്നതിനും സ്ഥാപിച്ചിട്ടുള്ള ചീപ്പുകളും തടയണകളും പ്രവർത്തിക്കാത്തതും പ്രതിസന്ധിയാണ്. ഒരോ പഞ്ചായത്തിലുമായി 13 ചീപ്പുകളാണ് നിലവിലുള്ളത്. മിക്കയിടങ്ങളിലും കുളവാഴകളടിഞ്ഞും വേണ്ടത്ര ഇടപെടലുകളില്ലാതെയും ചീപ്പുകൾ ഒരു ബാധ്യതയായി മാറിക്കഴിഞ്ഞു.

ഇറിഗേഷൻ വിഭാഗത്തിന്റെ കീഴിൽ വർഷംതോറും ചെയ്തുവരുന്ന കുളവാഴനീക്കൽജോലികൾ മാത്രമാണ് മുടക്കമില്ലാതെ നടന്നുവരുന്നത്. ഇത്തവണ ജലസേചനവിഭാഗത്തിന് ഫണ്ട് ലഭ്യമാകാത്തതിനാൽ മഴക്കാലത്തിനു മുൻപായി കുളവാഴകൾ നീക്കംചെയ്ത് തോട്ടിലെ നീരൊഴുക്ക് ശക്തമാക്കാൻ ജില്ലാ കളക്ടർ പഞ്ചായത്തുകളോടാവശ്യപ്പെട്ടെങ്കിലും പല പഞ്ചായത്തുകളും പേരിനു മാത്രമാണ് നടപ്പാക്കിയത്. ഇതു മൂലം മഴ ശക്തമായതോടെ വലിയതോട്-പെരുംതോട് പല ഭാഗത്തും കരകവി​ഞ്ഞൊഴുകി പ്രദേശത്തെ പച്ചക്കറിക്കൃഷികളും ചെറുകിടകൃഷികളും വ്യപകമായി നശിച്ചിരുന്നു.

വില്ലനാകുന്നത് കുളവാഴ

: പഞ്ചായത്തുകൾ ഇപ്പോഴാണ് പല ഭാഗങ്ങളിലും കുളവാഴ നീക്കം ചെയ്യാനാരംഭിച്ചത്. എന്നാൽ, ഫ്ളോട്ടിങ് മണ്ണുമാന്തിയന്ത്രങ്ങളുപയോഗിച്ച് നീക്കുന്ന കുളവാഴകളും മാലിന്യവും തോടിന്റെ കരയിൽത്തന്നെ നിക്ഷേപിക്കുകയാണ്. വൃത്തിയാക്കിത്തീരുന്നതിനു മുൻപേ ഇവ വീണ്ടും തോട്ടിലേക്ക് തിരിച്ചെത്തി പഴയപടി തഴച്ചു വളരുന്നതാണ് വലിയ പ്രതിസന്ധിയാകുന്നത്. തോട്ടിൽനിന്ന്‌ നീക്കംചെയ്യുന്ന മാലിന്യങ്ങൾ ദൂരസ്ഥലങ്ങളിൽ യാർഡുകളുണ്ടാക്കി മാറ്റിയാൽ മാത്രമേ ഫലപ്രദമാകുകയുള്ളൂ. ഇതിനു വേണ്ടിവരുന്ന ചെലവ് വഹിക്കാനാകില്ലെന്നു പറഞ്ഞാണ് തോടിന്റെ അരികിൽത്തന്നെ ഇവ നിക്ഷേപിക്കുന്നത്.

അനധികൃതകൈയേറ്റങ്ങൾ ഒഴിവാക്കി തോടിന്റെ യഥാർഥ വീതി തിരിച്ചുപിടിച്ച് മാലിന്യം നീക്കംചെയ്ത് ആഴംകൂട്ടി ഇരുഭാഗവും കരിങ്കൽ ഭിത്തി കെട്ടിസംരക്ഷിച്ച് തോടിന്റെ പഴയകാല പ്രതാപം തിരിച്ചുപിടിച്ചാൽ മാത്രമേ 'വലിയതോട്-പെരുംതോട് നാടിന്റെ ജലസംഭരണി' എന്ന തീരദേശത്തിന്റെ സ്വപ്നം സഫലമാകൂ.

(അവസാനിച്ചു)